ഈ മീഡിയക്കാരെക്കൊണ്ട് തോറ്റു


ട്രാക്കിനെ തീപിടിപ്പിച്ച് 100 മീറ്റര്‍ ഓട്ടമത്സരം തുടങ്ങി. ഈ സമയം സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ വെടിയൊച്ചക്ക് കാതോര്‍ക്കുന്ന താരങ്ങളെക്കാള്‍ ടെന്‍ഷനായിരുന്നു ഇങ്ങത്തേലക്കല്‍ കാമറയും മൈക്കും പേനയുമായി കാത്തുനില്‍ക്കുന്ന മാധ്യമ താരങ്ങള്‍ക്ക്. കാമറപ്പടയെ നിയന്ത്രിക്കാന്‍ പാടുപെടുന്ന ഒഫീഷ്യലുകള്‍. മേള സംഘടിപ്പിക്കാന്‍ ഇവരിത്ര പാടുപെട്ടിട്ടുണ്ടാകുമോ ആവോ.
ടിഷ്യൂം... താരങ്ങള്‍ കുതിച്ചു. സെക്കന്‍ഡുകളുടെ വേഗത്തില്‍ ദാ എല്ലാവരും ഫിനിഷിങ് പോയന്‍റില്‍. ആരു ജയിച്ചു എന്നു വിധികര്‍ത്താക്കള്‍ നിര്‍ണയിക്കും മുമ്പേ വിധി വന്നു. മിക്കതും തെറ്റ്. സബ്ജൂനിയര്‍ വിഭാഗത്തില്‍ ശരിക്കും ജയിച്ചത് എറണാകുളത്തെ മേഴ്സികുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന. പക്ഷേ, മാധ്യമ വിധികര്‍ത്താക്കള്‍ കണ്ട വിജയി കോട്ടയത്തെ ആന്‍ഡ്രോസ് ടോമി. കിതപ്പ് മാറാത്ത ഈ കുട്ടിയെ എല്ലാവരും വളഞ്ഞു. തോക്കുചൂണ്ടിയ അവസ്ഥയിലായിരുന്നു കുട്ടി. എന്തുപറയണമെന്നറിയില്ല. ഘനഗംഭീരമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ കിതപ്പോടു കിതപ്പ്. ദേ തൊട്ടപ്പുറത്ത് വിശകലന വിശാരദന്മാരും പരിപാടി തുടങ്ങിയിരുന്നു.
പക്ഷേ, മത്സരത്തിലെ യഥാര്‍ഥ വിജയി ഗൗരി നന്ദന തൊട്ടപ്പുറത്ത് കരയുകയായിരുന്നു. വിജയമുറപ്പിച്ചെങ്കിലും പത്രക്കാരുടെ വിധിയില്‍ ഗൗരിക്ക് കരച്ചിലടക്കാനായില്ല. ഒടുവില്‍ അനൗണ്‍സ്മെന്‍റ് വന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയ ആന്‍ഡ്രോസ് ടോമി മൂന്നാമത്. ഗൗരി നന്ദന ഒന്നാമത്. അപ്പോഴേക്കും അടുത്ത മത്സരം തുടങ്ങി. എല്ലാം വിട്ട് കാമറകളും മൈക്കുകളും കഴുത്ത് അങ്ങോട്ടുനീട്ടി. അപ്പോള്‍ ആരോ പറയുന്നത് കേട്ടു, ഈ പത്രക്കാരെക്കൊണ്ട് തോറ്റു...
100 മീറ്റര്‍ ഓട്ടത്തില്‍ എല്ലാ ഫലങ്ങളുടെയും അവസ്ഥ ഏകദേശം ഇങ്ങനെയായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ജിസ്നക്ക് മാത്രമാണ് വ്യക്തമായ ആധിപത്യത്തോടെ ഒന്നാമതത്തൊന്‍ സാധിച്ചത്. മറ്റുള്ള എല്ലാ മത്സരങ്ങളും ഫോട്ടോഫിനിഷിലാണ് വിധി കല്‍പിച്ചത്. പറഞ്ഞിട്ടെന്ത്, നമ്മുടെ പത്രക്കാരുടെ അത്രയും വരുമോ ഫോട്ടോഫിനിഷ്. അവര്‍ വിധിക്കും, ആരു ജയിച്ചെന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.