ഷണ്‍മുഖനിലൂടെ വയനാടിന് ആദ്യ മുഖം


കോഴിക്കോട്: അധികം സംസാരിക്കില്ല, ചോദ്യം ചോദിച്ചാല്‍ നാണവും... മടിയനാണെന്ന് സ്വയം സമ്മതിക്കും. പിന്നെ എല്ലാറ്റിനുമുള്ള മറുപടി നല്ളൊരു ചിരിയിലൊതുക്കും. കാര്യം ഇങ്ങനെയാണെങ്കിലും ഷണ്‍മുഖനെന്ന ആദിവാസി ബാലന്‍ അത്ര നിസ്സാരക്കാരനല്ല. സംസ്ഥാന കായികമേളയുടെ മൂന്നാം ദിനത്തില്‍ വൈകീട്ടുവരെ ഒരു പോയന്‍റും നേടാനാകാതിരുന്ന വയനാടിന് പൊന്‍നേട്ടത്തോടെ മീറ്റിലെ ആദ്യ പോയന്‍റ് സമ്മാനിച്ച ഗോത്രകരുത്താണ് കല്‍പറ്റ ജി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ളാസുകാരനായ എസ്. ഷണ്‍മുഖന്‍. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 10.62 മീറ്റര്‍ എറിഞ്ഞിട്ടാണ് സ്കൂളിലെ എലിസബത്ത് ജോര്‍ജ് എന്ന കായികാധ്യാപികയുടെ അരുമശിഷ്യനായ ഷണ്‍മുഖന്‍ സുവര്‍ണനേട്ടത്തിനുടമയായത്. ഷണ്‍മുഖന്‍െറ സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ച അഞ്ചു പോയന്‍റിലൂടെയാണ് വയനാട് ജില്ല മീറ്റില്‍ പോയന്‍റ് പട്ടികയിലേക്ക് കയറുന്നത്. ഷണ്‍മുഖന്‍െറ സ്വര്‍ണനേട്ടത്തിനുശേഷം സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x100 റിലേയില്‍ വയനാട് ജില്ലാ ടീം വെങ്കലം നേടി രണ്ടു പോയന്‍റും നേടി. ഷണ്‍മുഖന്‍െറ സുവര്‍ണനേട്ടം കാണാന്‍ ഇന്ന് മേപ്പാടി താഞ്ഞിലോട് പട്ടികവര്‍ഗ പണിയ വിഭാഗക്കാരുടെ കുപ്പച്ചി കോളനിയില്‍ അച്ഛന്‍ ശങ്കരനില്ല. ശങ്കരന്‍െറ മരണത്തിനുശേഷം കൂലിപ്പണിക്കു പോയി അമ്മ ശാന്തയാണ് ഷണ്‍മുഖനെയും സഹോദരിമാരെയും നോക്കുന്നത്. ഷണ്‍മുഖന്‍െറ ചേച്ചിമാരായ മീനാക്ഷിയുടെയും ജയയുടെയും വിവാഹം കഴിഞ്ഞു. മൂന്നാമത്തെ ചേച്ചിയായ കവിത വീട്ടില്‍ അമ്മക്ക് കൂട്ടായുണ്ട്. അനിയന്‍ വിഷ്ണുവും ഷണ്‍മുഖനൊപ്പം ഒരേ ക്ളാസില്‍ തന്നെയാണ് പഠിക്കുന്നത്. കല്‍പറ്റ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന ഷണ്‍മുഖന്‍ ആളൊരു ചെറിയ കുറുമ്പനാണെന്ന് കായികാധ്യാപിക എലിസബത്ത് പറയും. അവധിക്ക് വീട്ടില്‍ പോയാല്‍ പിന്നെ കൂട്ടിക്കൊണ്ടുവരാന്‍ അധ്യാപകര്‍ പോകേണ്ടിവരും. ചേട്ടന്‍ വന്നില്ളെങ്കിലും അനിയന്‍ വിഷ്ണുവിന് 100 ശതമാനമാണ് ഹാജര്‍. വീട്ടിലും പരിസരങ്ങളിലും മാവിലും പുളിമരത്തിലുമൊക്കെ എറിഞ്ഞുനടക്കുന്ന 13കാരന്‍ ഷണ്‍മുഖനെ പിടിച്ചുകൊണ്ടുവന്ന് ഡിസ്ക്സ് ത്രോയിലും ഷോട്ട്പുട്ടിലും പരിശീലനം നല്‍കും. പരിശീലനവും മുടക്കാറുണ്ടെന്ന് ഷണ്‍മുഖന്‍ തന്നെ സമ്മതിക്കും. മടിയനാണെങ്കിലും പഠനത്തിലും മുന്നിലാണ്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ ഡിസ്കസ് ത്രോയില്‍ ഏഴാമതത്തെിയിരുന്നു.
ഇത്തവണ ജില്ലയില്‍ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ഒന്നാമതത്തെി. ഇവിടെ ഡിസ്കസ് ത്രോയില്‍ പങ്കെടുത്തെങ്കിലും മെഡല്‍ നേടാനായില്ല. ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ബാച്ച്മേറ്റായ ചുണ്ടേല്‍ സ്വദേശിനി എലിസബത്ത് ജോര്‍ജ് കഴിഞ്ഞ 20 വര്‍ഷമായി കല്‍പറ്റ ജി.വി.എച്ച്.എസ്.എസിലെ കായികാധ്യാപികയാണ്. ഇനിയും വയനാട്ടില്‍നിന്ന് ഷണ്‍മുഖന്മാര്‍ ഉദിച്ചുയര്‍ന്നാല്‍ സംസ്ഥാന കായികമേളകളില്‍ വയനാടന്‍ കുതിപ്പിനും സാക്ഷ്യംവഹിക്കാം. അതിന് ഷണ്‍മുഖനെപ്പോലുള്ള താരങ്ങളെ വളര്‍ത്താന്‍ അധികൃതര്‍ മനസ്സുവെക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT