കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലൂടെ കായിക താരങ്ങള്‍ ഓടുന്നത് കണ്‍നിറയെ കാണുമ്പോള്‍ ബിന്ദു മാത്യു ഓര്‍ത്തത് തന്നെക്കുറിച്ചു തന്നെയായിരുന്നു. 21 വര്‍ഷം സിന്തറ്റിക് ട്രാക്കോ വേണ്ടത്ര സൗകര്യങ്ങളോ ഇല്ലാത്ത ഇതേ മൈതാനത്ത് ഓടി റെക്കോഡുകളും സ്വര്‍ണവും വാരിക്കൂട്ടിയ പത്താം ക്ളാസുകാരി ഇപ്പോള്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയമാണ് ഇക്കൊല്ലത്തെ കായികമേളയുടെ വേദിയെന്ന് അറിയേണ്ട താമസം രണ്ടാമതൊന്ന് ആലോചിക്കാതെ സേലത്തുനിന്ന് വണ്ടികയറുകയായിരുന്നു ബിന്ദു. ചെന്നൈയിലെ പ്രളയം തീര്‍ത്ത തടസ്സം യാത്ര ഒരു ദിവസം വൈകിച്ചെന്നുമാത്രം.
1994ലെ സംസ്ഥാന സ്കൂള്‍ മീറ്റിന് രാജാക്കാട് ഗവ. ഹൈസ്കൂളിലെ കായികാധ്യാപകന്‍ പി.ആര്‍. രണേന്ദ്രന്‍ കോഴിക്കോട്ടത്തെിയത് മൂന്ന് പെണ്‍കുട്ടികളുമായായിരുന്നു. ബിന്ദു മാത്യു, വി.വി. മിനി, സി. സുനി എന്നിവരായിരുന്നു അവര്‍. സീനിയര്‍ വിഭാഗം ദീര്‍ഘദൂര മത്സരങ്ങളായിരുന്നു ബിന്ദുവിന്. 5000 മീറ്ററിലും 3000ത്തിലും റെക്കോഡോടെ സ്വര്‍ണം, 1500ലും ഒന്നാം സ്ഥാനം. രാജാക്കാട് സ്കൂളിന് മൊത്തം അഞ്ചു സ്വര്‍ണം. തൊട്ടുമുമ്പ് തൃശൂരില്‍ നടന്ന സംസ്ഥാന മീറ്റില്‍ ഓരോ സ്വര്‍ണവും വെള്ളിയും നേടിയ ബിന്ദുവിന്‍െറ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി കോഴിക്കോട്ടേത്.
പിന്നീട് പ്രീ ഡിഗ്രിയും ഡിഗ്രിയും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍. അന്തര്‍സര്‍വകലാശാല മീറ്റുകളിലും ബിന്ദു ജൈത്രയാത്ര തുടര്‍ന്നു. 1999ല്‍ റെയില്‍വേയില്‍ ജൂനിയര്‍ ക്ളര്‍ക്കായി ജോലിയും കിട്ടി. ഇപ്പോള്‍ സേലത്ത് ഓഫിസ് സൂപ്രണ്ടാണ്. രണേന്ദ്രനും അന്ന് രാജാക്കാട് സ്കൂളിലുണ്ടായിരുന്ന പ്രീജ ശ്രീധരനും മീറ്റിന്‍െറ രണ്ടാം ദിനം കോഴിക്കോട്ടുണ്ടാവുമെന്ന് ബിന്ദു അറിഞ്ഞിരുന്നു. എന്നാല്‍, ചെന്നൈ പ്രളയം കാരണം ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ തിങ്കളാഴ്ചയാണ് എത്താനായത്. പ്രീജയെ കാണാനായില്ളെങ്കിലും ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ പ്രിയഗുരുവുമായി വര്‍ഷങ്ങള്‍ക്കു ശേഷം സംഗമിക്കാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദത്തിലായിരുന്നു ബിന്ദു.
രാജാക്കാടാണ് ബിന്ദുവിന്‍െറ സ്വദേശം. മുന്‍ ദേശീയ നീന്തല്‍ താരം ആലപ്പുഴ ചമ്പക്കുളത്തെ ബിനുമോന്‍ ചാക്കോയാണ് ഭര്‍ത്താവ്. മക്കള്‍ ആറാം ക്ളാസുകാരന്‍ ബിബിനും ഒന്നില്‍ പഠിക്കുന്ന ബിനിറ്റയും. കുടുംബത്തോടൊപ്പം സേലത്താണ് താമസം. താന്‍ ഈ നിലയിലത്തെിയതില്‍ രണേന്ദ്രന്‍ മാഷുമായി ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ബിന്ദു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.