കോഴിക്കോട്: രണ്ടുവര്‍ഷം മുമ്പ് ചിത്രത്തിലെവിടെയുമില്ലാതിരുന്ന എറണാകുളത്തെ കോതമംഗലം മാതിരപ്പള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചരിത്രം കുറിക്കുന്നു. അഞ്ചു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് സ്കൂളിന്‍െറ ഇതുവരെയുള്ള സമ്പാദ്യം. രാജ്യത്തിന് ത്രോ ഇനങ്ങളില്‍ നിരവധി താരങ്ങളെ സംഭാവനചെയ്ത പി.ഐ. ബാബുവെന്ന പരിശീലകന്‍ നേതൃത്വം വഹിക്കുമ്പോള്‍ കുത്തകകള്‍ തകര്‍ത്ത് മുന്നേറുകയാണിവര്‍.
കഴിഞ്ഞ രണ്ടുതവണയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാമതായിരുന്നു മാതിരപ്പള്ളി. ഇത്തവണത്തെ അഞ്ചില്‍ നാലു സ്വര്‍ണവും ത്രോയിലാണ്. റെക്കോഡോടെ ജൂനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയിലും ട്രിപ്പ്ള്‍ ജംപിലും സ്വര്‍ണം നേടിയ പി.ആര്‍. ഐശ്വര്യ, സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ ഒന്നാംസ്ഥാനത്തും ജാവലിന്‍ത്രോയല്‍ മൂന്നാമതുമത്തെിയ ജിന്‍സി ബെന്നി, സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ ജേതാവ് ഷിജോ മാത്യു, ജൂനിയര്‍ ബോയ്സ് ഷോട്ട്പുട്ട് ചാമ്പ്യന്‍ എ.പി. അന്‍ഫാസ് എന്നിവരാണ് പ്രധാന താരങ്ങള്‍.

മെഡല്‍പട്ടികയിലെ ‘പെമ്പിളൈ ഒരുമൈ’
മാതിരപ്പള്ളിയുടെ നേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത് എറണാകുളത്തിന്‍െറ അക്കൗണ്ടിലാണെങ്കിലും അഞ്ചും നേടിയത് ഇതര ജില്ലക്കാര്‍. ജിന്‍സിയും ഐശ്വര്യയും ഇടുക്കിക്കാരെങ്കില്‍ അന്‍ഫാസിന്‍െറ നാട് മലപ്പുറവും ഷിജോയുടേത് ആലപ്പുഴയുമാണ്.  കുമളി പുറ്റ്യാടി എരുമത്താനത്ത് പരേതനായ ബെന്നി ജോസഫിന്‍െറയും ലിസിയുടെയും മകളാണ് ജിന്‍സി.
ഒന്നര വര്‍ഷംമുമ്പ് ബെന്നി അകാലത്തില്‍ വിടപറഞ്ഞതോടെ മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്‍െറ ഭാരം ലിസിയുടെ ചുമലിലായി. തേയിലത്തോട്ടത്തില്‍ ജോലിയെടുത്ത് കിട്ടുന്ന തുച്ഛ വരുമാനംകൊണ്ടാണ് കുടുംബം നോക്കുന്നത്. ഹാമറിലും ട്രിപ്പ്ളിലും റെക്കോഡിട്ട ഐശ്വര്യ മറയൂര്‍ സ്വദേശിനിയാണ്. പനച്ചിപ്പറമ്പില്‍ പ്രദീഷും രേഷ്മയുമാണ് മാതാപിതാക്കള്‍.

ഡിസ്കസില്‍ ഷിജോ; ഷോട്ട്പുട്ടില്‍ അന്‍ഫാസ്്
2013ലെ മീറ്റില്‍ ഷിജോ മാത്യുവിന് ജൂനിയര്‍ ബോയ്സ് ഹാമര്‍ത്രോയില്‍ സ്വര്‍ണവും ഡിസ്കസില്‍ വെള്ളിയുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സീനിയറിലേക്ക് മാറിയപ്പോള്‍ ഡിസ്കസില്‍ സ്വര്‍ണമായി. ഇത്തവണ പ്രകടനം ആവര്‍ത്തിക്കുകയും ചെയ്തു.
ആലപ്പുഴ മാളികമുക്ക് വേലിയരക്ക് മാത്യു-ഷീബ ദമ്പതികളുടെ മകനാണ് ഷിജോ.
മലപ്പുറം താനൂര്‍ എടക്കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമാണ് ജൂനിയര്‍ ബോയ്സ് ഷോട്ട്പുട്ടില്‍ സ്വര്‍ണം സ്വന്തമാക്കിയ അന്‍ഫാസ്. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന അന്‍ഫാസ് അക്കാദമി പൂട്ടിയതോടെ കോതമംഗലത്തേക്ക് വണ്ടികയറി. അവളന്‍െറപുരക്കല്‍ അമീനിന്‍െറയും സലീനയുടെയും മകനാണ് ഈ ഒമ്പതാം ക്ളാസുകാരന്‍.
ഇതര ജില്ലകളില്‍നിന്ന് 21 പേരാണ് ഇവിടെ താമസിച്ചുപഠിക്കുന്നത്. ഇതില്‍ 12 പേരും ത്രോയിനങ്ങള്‍ പരിശീലിക്കുന്നു. മീറ്റിനത്തെിയ 16ല്‍ 10 താരങ്ങളും ‘ഏറു’കാര്‍തന്നെ.
സീനിയര്‍ ബോയ്സ് ജാവലിന്‍ത്രോ രണ്ടാംസ്ഥാനക്കാരന്‍ രാഹുല്‍ സിബി, 5000 മീ. നടത്തത്തില്‍ വെള്ളിനേടിയ തോമസ് എബ്രഹാം, സബ് ജൂനിയര്‍ ഗേള്‍സ് ഡിസ്കസ്ത്രോ വെങ്കലക്കാരി ബ്ളെസി ദേവസ്യ എന്നിവരാണ് മാതിരപ്പള്ളിയുടെ മറ്റു മെഡല്‍ ജേതാക്കള്‍.
 
ബാബു, കായികാധ്യാപകരിലെ താരം
കോതമംഗലം എം.എ കോളജില്‍ 20 വര്‍ഷം കായികവകുപ്പു മേധാവിയായിരുന്നു ബാബു. ത്രോ ഇനങ്ങളില്‍ തകര്‍ക്കപ്പെടാത്ത നിരവധി സംസ്ഥാന, ദേശീയ റെക്കോഡുകള്‍ ഇദ്ദേഹത്തിന്‍െറ ശിഷ്യര്‍ സംഭാവന ചെയ്തു. ബാബു ഇന്‍ഡോര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരിക്കെ രണ്ടുവര്‍ഷം അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ടീമില്‍ അംഗമായി. ദേശീയ സീനിയര്‍ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാടിനുവേണ്ടി കളിച്ചു. 1987ല്‍ തമിഴ്നാട് ഹാന്‍ഡ്ബാള്‍ ടീമിന്‍െറ പരിശീലകനുമായി.

ഷിജോ, അന്‍ഫാസ് എന്നിവര്‍ക്കൊപ്പം പരിശീലകന്‍ പി.ഐ. ബാബു (നടുവില്‍)
 

1993ല്‍ കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലേക്കത്തെിയതോടെ സ്കൂള്‍ മീറ്റുകളിലെ സജീവ സാന്നിധ്യവും സ്കൂളിന്‍െറ ഉയര്‍ച്ചയിലെ പ്രധാന പങ്കുകാരനുമായി.
 ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചെങ്കിലും കായികരംഗത്തോട് വിടപറയാന്‍ മനസ്സില്ലാത്ത ബാബു മാതിരപ്പള്ളിയിലെ സര്‍ക്കാര്‍ സ്കൂളിനെയും ഉയരങ്ങളിലത്തെിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നു. കോതമംഗലം പാറേക്കര കുടുംബാംഗമാണ്. ഭാര്യ: സൂസന്ന. മക്കള്‍: വിവേക്, വിപിന്‍.
മെഡിക്കല്‍ കോളജിലെ ട്രാക്ക് മികച്ചതാണെന്നാണ് ബാബുവിന്‍െറ അഭിപ്രായം. പക്ഷേ, ത്രോയിങ് സെക്ടറില്‍ പ്രശ്നങ്ങളുണ്ട്. മികച്ചപ്രകടനം നടത്തുന്ന കുട്ടികളെ റാഞ്ചിക്കൊണ്ടു പോവുന്നതിനോടും ഇദ്ദേഹത്തിന് യോജിപ്പില്ല.
ഗുരുക്കന്മാരുടെ പൂര്‍ണപിന്തുണയും അനുഗ്രഹവും ഉണ്ടെങ്കിലേ ഏതൊരു താരത്തിനും മുന്നേറാനാവൂ. ദേശീയ ജൂനിയര്‍ മീറ്റിന് പിന്നാലെ നടന്ന സ്കൂള്‍ മീറ്റ് പലരുടെയും പ്രകടനത്തെ ബാധിച്ചതായി ബാബു കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.