അത്ലറ്റിക് കുടുംബത്തിന് രണ്ടാം സ്വര്‍ണം


കോഴിക്കോട്: വര്‍ഷാദ്യമിറങ്ങുന്ന അത്ലറ്റിക് ഫെഡറേഷന്‍െറ കലണ്ടര്‍ വീട്ടിലെ ഷോക്കേസില്‍ ഒട്ടിച്ചുവെച്ച് അതിനനുസരിച്ച് ജീവിതമൊരുക്കുന്ന കുടുംബത്തിന്‍െറ അത്ലറ്റിക്സ് സ്നേഹത്തിന് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം സുവര്‍ണ മധുരം. സബ് ജൂനിയര്‍ ഹൈജംപ് പിറ്റില്‍ ആദ്യദിനം സ്വര്‍ണമണിഞ്ഞ ജിനോ ബാസ്റ്റിന് പിന്നാലെ, ചേട്ടന്‍ ജിയോ ജോസും സ്വര്‍ണച്ചിറകുള്ള പക്ഷിയായി. തിങ്കളാഴ്ച നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപിലാണ് എറണാകുളം പറവൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ ജിയോ ഒന്നാമനായത്. ഒരാഴ്ചമുമ്പ് റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെയാണ് ഇവിടെ 2.09 മീ. മറികടന്ന് ജിയോ നേട്ടം ഇരട്ടിയാക്കിയത്്. ശ്രീനിത് മോഹന്‍െറ റെക്കോഡിനൊപ്പമത്തൊന്‍ (2.11 മീ.) ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സ്പോര്‍ട്സ് ജീവിതമായി കാണുന്ന കുടുംബത്തിന്‍െറ കഠിനാധ്വാനത്തിന് ലഭിച്ചതാണ് രണ്ടു സ്വര്‍ണവും. വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ കായികാധ്യാപകനും സംസ്ഥാനമീറ്റിന്‍െറ ടെക്നിക്കല്‍ വിഭാഗത്തില്‍ ഒഫീഷ്യലുമായ പിതാവ് ജോര്‍ജ് ഷിന്‍ഡെയും റെയില്‍വേയുടെ മുന്‍ വോളിബാള്‍ താരമായ അമ്മ സിനി ഷിന്‍ഡെയും മകന്‍െറ സ്വര്‍ണക്കുതിപ്പിന് ആവേശമായി ഗ്രൗണ്ടിനരികിലുണ്ടായിരുന്നു. മക്കളുടെ സ്പോര്‍ട്സ് താല്‍പര്യത്തിന് എല്ലാ സഹായവും നല്‍കി, തങ്ങളുടെ ജീവിത കലണ്ടര്‍ അത്ലറ്റിക് ഫെഡറേഷന്‍േറതുതന്നെയെന്ന് ഉറപ്പിച്ചുകഴിയുന്ന മാതാപിതാക്കള്‍ക്കുള്ള സമര്‍പ്പണമായി ഈ സ്വര്‍ണപ്പതക്കങ്ങള്‍. ജിയോ പത്താം ക്ളാസുവരെ സി.ബി.എസ്.ഇ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ പലയിടത്തും ഉല്ലാസ ടൂറുപോയിരുന്ന കുടുംബം ഇപ്പോഴും അത് കുറക്കുന്നില്ല. അമ്മയുടെ റെയില്‍വേ പാസില്‍ ഇന്ത്യയിലെവിടേക്കും പോകാം. പക്ഷേ, ഇപ്പോള്‍ ടൂറിന്‍െറ സ്റ്റൈലിന് ചെറിയൊരു മാറ്റമുണ്ട്, നാടുകാണാനും ഉല്ലസിക്കാനുമല്ല, ഹൈജംപ് ബാറിനെ തോല്‍പിക്കുകമാത്രം ലക്ഷ്യം. അമ്മ സിനിക്ക് ജോലി തിരുവനന്തപുരത്തായതിനാലുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും പിതാവും രണ്ടുമക്കളും വൈകുന്നേരങ്ങളെ പരിശീലനത്തിന്‍െറമാത്രം വേളകളാക്കി വിയര്‍പ്പൊഴുക്കിയതിന്‍െറകൂടി ഫലമാണ് ഡബ്ള്‍ കുടുംബ സ്വര്‍ണം. തിരുവനന്തപുരം സായിയുടെ ടി. ആരോമലിനാണ് ഈ ഇനത്തില്‍ വെള്ളി (2.04 മീ.). എസ്. അനന്തു വെങ്കലം (1.91 മീ.) നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.