ദേശീയ സ്കൂള്‍ കായികമേളക്ക് ഗോവ വേദിയായേക്കും

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിലായ ദേശീയ സ്കൂള്‍ കായിക മേള ഗോവയില്‍ നടക്കാന്‍ സാധ്യത. പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. കേന്ദ്ര കായിക മന്ത്രാലയം അധികൃതര്‍ ഇക്കാര്യം ഗോവ സര്‍ക്കാറുമായി ചര്‍ച്ച നടത്തിവരുകയാണ്. സ്കൂള്‍ മേളക്ക് വേദിയൊരുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നാണ് ഗോവ സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ മറുപടി. ഇക്കാര്യത്തില്‍   കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കായിക സെക്രട്ടറി രാജീവ് ഗുപ്ത എന്നിവരുമായി കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാര്‍ ചര്‍ച്ച നടത്തി.  വര്‍ഷങ്ങളായി കേരളം ചാമ്പ്യന്‍പട്ടം നേടി ആധിപത്യം പുലര്‍ത്തുന്ന ദേശീയമേള മുടങ്ങിയാല്‍ സംസ്ഥാനത്തുനിന്നുള്ള കായികതാരങ്ങളുടെ അവസരം നഷ്ടമാകുമെന്ന് എം.പിമാര്‍ മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. മേള മുടങ്ങുന്നതില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ പ്രകടിപ്പിച്ച  അതൃപ്തിയും സംഘം ഉന്നയിച്ചു.  ഗോവ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രാലയം സെക്രട്ടറി എം.പിമാരെ അറിയിച്ചു. മേള നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഗോവയില്‍  ലഭ്യമാണെന്നിരിക്കെ, അവര്‍ ആതിഥ്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവയും പിന്മാറിയാല്‍ മേള ഏറ്റെടുക്കാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെട്ട്  കേരളത്തെ സമീപിക്കാനുമാണ് കേന്ദ്രത്തിന്‍െറ തീരുമാനം.
മേളയെ ഗൗരവമായാണ് കാണുന്നതെന്നും നടക്കാതിരിക്കുന്ന സാഹചര്യമുണ്ടാകില്ളെന്നും ചര്‍ച്ചക്കുശേഷം സൊനോവാള്‍ പറഞ്ഞു.  ആവശ്യമെങ്കില്‍ നടത്തിപ്പിന് ധനസഹായവും നല്‍കുമെന്നും എം.പിമാരുമായുള്ള ചര്‍ച്ചക്കുശേഷം  മന്ത്രി പറഞ്ഞു.  ജനുവരി അവസാനം നടക്കേണ്ട മേളക്ക് ആതിഥ്യം വഹിക്കാന്‍ നിശ്ചയിച്ചിരുന്ന മഹാരാഷ്ട്ര ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത വേദികളില്‍ മത്സരം നടത്താനുള്ള തീരുമാനത്തെ ചൊല്ലി പിന്മാറിയതോടെ അനിശ്ചിതത്വം ഉടലെടുത്തത്.  ഇതേതുടര്‍ന്ന് ഏറ്റെടുക്കാന്‍ സന്നദ്ധരായ കേരളവും പിന്നീട് പിന്മാറി. സംസ്ഥാന സ്കൂള്‍ കലോത്സവം, പരീക്ഷാക്കാലം എന്നിവ ചൂണ്ടിക്കാട്ടിയാണ് കേരളം മേളയോട് മുഖംതിരിച്ചത്. മറ്റു സംസ്ഥാനങ്ങളും പിന്നോട്ടുവലിഞ്ഞതോടെ ഈ വര്‍ഷം മേള നടക്കില്ളെന്ന സ്ഥിതി വന്നു.  തുടര്‍ന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ്, സചിന്‍ ടെണ്ടുല്‍കര്‍ എന്നിവര്‍ ഇടപെട്ടു. എം.പിമാരായ എം.ബി. രാജേഷ്, സി.പി. നാരായണന്‍, പി.കെ. ശ്രീമതി, ജോയ്സ് ജോര്‍ജ് എന്നിവരാണ് മന്ത്രിയെയും മന്ത്രാലയം സെക്രട്ടറിയേയും കണ്ട് ചര്‍ച്ച നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.