ദേശീയ സ്കൂള്‍ മീറ്റ് ഗോവയുടെ മറുപടിയില്ല; വീണ്ടും കേരളത്തിന്‍െറ കോര്‍ട്ടില്‍

തൃശൂര്‍: ദേശീയ സ്കൂള്‍ കായികമേള ഏറ്റെടുക്കുന്ന കാര്യത്തില്‍ ഗോവ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ നടത്താനുള്ള സാധ്യത വീണ്ടും പരിശോധിക്കുന്നു. ഒളിമ്പ്യന്‍ പി.ടി. ഉഷ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മേള നടത്താനാകുമോയെന്ന സാധ്യത ആരായുന്നത്. ജനുവരി അവസാനം മീറ്റ് നടത്തുകയാണെങ്കില്‍ കേരളം ആതിഥേയത്വം വഹിക്കാമെന്നതാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന മീറ്റ് അത്ര പെട്ടെന്ന് നടത്താനാകുമോ എന്നതും അതിനുള്ള ഫണ്ട് സംബന്ധിച്ച കാര്യങ്ങളും സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളിയായുണ്ട്.
മേള വിഭജിച്ച് നടത്താനുള്ള നീക്കം വിവാദമായപ്പോള്‍ മഹാരാഷ്ട്ര പിന്‍വാങ്ങിയതോടെയാണ് കേരളം ആദ്യമായി രംഗത്തത്തെിയത്. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍മാറിയതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. തുടര്‍ന്ന്, കേരളത്തില്‍ നിന്നുള്ള എം.പിമാരും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജും വിഷയത്തില്‍ ഇടപെട്ടു. ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറുമായി അഞ്ജു വിഷയം സംസാരിക്കുകയും ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. എം.പിമാര്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഗോവയില്‍ മീറ്റ് നടത്താന്‍ പറ്റുമോയെന്ന് ആരാഞ്ഞത്. ദേശീയ ഗെയിംസിന് ഒരുങ്ങുന്ന ഗോവക്ക് എതിര്‍പ്പുണ്ടാവില്ളെന്ന് കണ്ടാണ് ഈ നീക്കം നടന്നത്. എന്നാല്‍, ഗോവ സര്‍ക്കാര്‍ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചില്ളെന്നാണ് റിപ്പോര്‍ട്ട്.
അതിനിടയിലാണ് പി.ടി. ഉഷ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി വിഷയം സംസാരിച്ചത്. ജനുവരി അവസാനം മേള നടത്താനാകുമോ എന്ന് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണ്. തിരുവനന്തപുരത്താണെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മേള നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരത്ത് പറ്റിയില്ളെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ട് പരിഗണിക്കാമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.