മേഘങ്ങള്‍ തൊട്ട് അവര്‍ പറന്നു, പൊന്നു റാഞ്ചാന്‍

നെടുമ്പാശ്ശേരി: ഇരുപത് തവണ നെഞ്ചേറ്റിയ കിരീടം വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള സ്വര്‍ണക്കൊയ്ത്തിനായി കേരളത്തിന്‍െറ പോരാട്ടവീര്യം മേഘങ്ങള്‍ തൊട്ടുപറന്നു. ഏതാനും ദിനങ്ങളായി അനുഭവിച്ച ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ആകാശക്കുതിപ്പിന്‍െറ ആഹ്ളാദത്തോടെ അവസാനമായതോടെ ദേശീയ ജൂനിയര്‍ മീറ്റില്‍ കിരീടം നിലനിര്‍ത്തുന്ന പോരാട്ടദിനങ്ങള്‍ക്കായി ഇനി  മലയാളനാടിന് കാത്തിരിക്കാം.

ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ യാത്ര തടസ്സപ്പെട്ട ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളുടെ ആദ്യ സംഘം വിമാനമാര്‍ഗം റാഞ്ചിയിലേക്ക് തിരിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് കായികതാരങ്ങളെ വിമാനമാര്‍ഗം യാത്രയാക്കുന്നത്. എല്ലാ തവണയുമുള്ള പരാതിയും പരിവട്ടവും നിറഞ്ഞ മുഷിഞ്ഞ ട്രെയിന്‍ യാത്രയില്‍നിന്ന് വ്യത്യസ്ത അനുഭവം കൈവന്നതോടെ താരങ്ങളും പുതു ഊര്‍ജവുമായി പോരാട്ടദിനങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയായി.

 വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ 27 കായികതാരങ്ങളും കോച്ച് ജോര്‍ജ് പി. ജോസഫും ഡോ. വി.സി. അലക്സുമാണ് ഡല്‍ഹി വഴി റാഞ്ചിക്ക് പുറപ്പെട്ടത്. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം തന്നെ റാഞ്ചിയിലേക്കും തിരിക്കും. നാല് ഘട്ടങ്ങളിലായി 98 കായികതാരങ്ങളും ഏഴ് ഒഫീഷ്യലുകളുമാണ് വിമാനമാര്‍ഗം റാഞ്ചിയിലത്തെുക. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ച യാത്രതിരിക്കും.

ഈ മാസം 21 മുതലാണ് റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ 31ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് നടക്കാനിരുന്നത്. എന്നാല്‍, കേരളത്തിലെ താരങ്ങള്‍ക്ക് യഥാസമയം യാത്ര ചെയ്യാന്‍ കഴിയാതെവന്നതിനെ തുടര്‍ന്ന് ഇത് 22 മുതല്‍ 25 വരെയാക്കി. കേരള സംഘത്തില്‍ ആകെ 53 പെണ്‍കുട്ടികളും 43 ആണ്‍കുട്ടികളുമാണുള്ളത്. 171 താരങ്ങളാണ് ഇത്തവണ കേരളത്തിന്‍െറ സ്വര്‍ണ പ്രതീക്ഷകളുമായി ജൂനിയര്‍ മീറ്റില്‍ മാറ്റുരക്കാനിരുന്നത്. എന്നാല്‍, ജില്ല കായിക മേളകള്‍ നടക്കുന്നതിനാല്‍ 70 ഓളം പേര്‍ പിന്മാറി. പാലക്കാട് പറളി, കോതമംഗലം സെന്‍റ് ജോര്‍ജ്, മാര്‍ ബേസില്‍ തുടങ്ങിയ മുന്‍നിര ചാമ്പ്യന്‍ സ്കൂളുകളില്‍നിന്നുള്ളവരാണ് പിന്മാറിയവരില്‍ ഏറെയും. ഇത് കേരളത്തിന്‍െറ കിരീടസ്വപ്നത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കുറിയും കേരളം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കുമെന്ന് താരങ്ങള്‍, തങ്ങളെ യാത്രയാക്കാന്‍ വിമാനത്താവളത്തിലത്തെിയ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉറപ്പുനല്‍കി. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനും വിമാനത്താവളം ഡയറക്ടര്‍ എ.സി.കെ. നായരും കായികതാരങ്ങളെ യാത്രയാക്കാന്‍ എത്തിയിരുന്നു.

സര്‍ക്കാറിന് ഏറെ അഭിമാനം–മന്ത്രി തിരുവഞ്ചൂര്‍
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിന് കായികതാരങ്ങളുടെ യാത്ര വിമാനമാര്‍ഗമാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാറിന് 25 ലക്ഷം രൂപയുടെ അധിക ചെലവുണ്ടാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഏറെ സന്തോഷവും അഭിമാനവുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളെ യാത്രയാക്കാന്‍ വിമാനത്താവളത്തിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.തുടര്‍ച്ചയായി കിരീടം നേടുന്ന കേരളം കായികമത്സരത്തില്‍ പങ്കെടുക്കാതിരിക്കുന്ന ഒരു സാഹചര്യം ഉണ്ടാകരുതെന്ന കര്‍ശന നിലപാട് സര്‍ക്കാറിനുണ്ടായിരുന്നു. എല്ലാവര്‍ഷവും കായികതാരങ്ങളെ വിമാനമാര്‍ഗം എത്തിക്കാന്‍ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് ഇതുപോലെ എന്തെങ്കിലും അസാധാരണ സാഹചര്യമുണ്ടായാല്‍ വേണ്ടത് ചെയ്യുമെന്നുമാത്രമായിരുന്നു  പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT