റാഞ്ചി: ഗുജറാത്ത് മോഡലാണ് എങ്ങും ചർച്ച. ഇവിടെ കായികരംഗത്തുമുണ്ടൊരു ഗുജറാത്തി പാഠം. കേരളവും ഹരിയാനയും മുമ്പേ കുതിച്ച അത്ലറ്റിക്സ് ട്രാക്കിൽ തങ്ങളുടെ മേൽവിലാസം സൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഗുജറാത്ത് സ്പോർട്സ് അതോറിറ്റി. അതിനായി ഒപ്പംപിടിക്കുന്നത് അത്ലറ്റിക്സിൽ സ്വന്തമായി മേൽവിലാസം കുറിച്ച ഒരുപിടി മലയാളികളെയും. പി.ടി. ഉഷയെയും മുൻ ഇന്ത്യൻ കോച്ചും പുണെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ പരിശീലകനുമായ കെ.എസ്. അജിമോനെയുമെല്ലാം കൂട്ടിയാണ് ഗുജറാത്തിെൻറ ട്രാക്കിലെ പിച്ചവെപ്പ്.
അഹ്മദാബാദിനടുത്ത് നാദിയയിലെ സ്പോർട്സ് കോംപ്ലക്സിലെ അത്ലറ്റിക്സ് പരിശീലകനാണ് കെ.എസ്. അജിമോൻ. കഴിഞ്ഞ ജൂണിൽ തുടങ്ങി, ആദ്യ ബാച്ചിലെ 14 കുട്ടികളുമായി വെസ്റ്റ് സോൺ ചാമ്പ്യൻഷിപ്പിൽ പൊന്നുവിളയിച്ച് അജിമോനും സംഘവും റാഞ്ചിയിലുമെത്തിയിട്ടുണ്ട്. സർവിസസിനെപ്പോലും വെല്ലുന്ന പരിശീലന സൗകര്യങ്ങളാണ് തങ്ങളുടെ അക്കാദമിയിലുള്ളതെന്ന് മുൻ ആർമി കോച്ച് പറഞ്ഞു. കുട്ടികൾക്ക് സി.ബി.എസ്.ഇ സ്കൂൾ പഠനം, രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യം, ദിവസം ഓരോ അത്ലറ്റിനും 400 രൂപയുടെ ഭക്ഷണം, ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ദേശീയ മീറ്റിലെ മെഡൽ ജേതാക്കൾക്ക് ലക്ഷക്കണക്കിന് രൂപ പാരിതോഷികവും.
അത്ലറ്റിക്സിൽ പി.ടി. ഉഷയെ ബ്രാൻഡ് അംബാസഡറാക്കിയ ഗുജറാത്ത്, 2020 ഒളിമ്പിക്സ് മുന്നിൽക്കണ്ട് വോളിബാൾ, ജൂഡോ, അമ്പെയ്ത്ത് തുടങ്ങിയവയിലും പുതുതാരങ്ങളെ വാർത്തെടുക്കുന്നുണ്ട്. ഗുജറാത്തിൽ താമസിച്ചു പഠിക്കാൻ തയാറാവുന്ന മിടുക്കരായ അത്ലറ്റുകൾക്ക് തങ്ങളുടെ അക്കാദമിയിലേക്ക് സ്വാഗതമോതുകയാണ് പൂഞ്ഞാർ സ്വദേശികൂടിയായ റിട്ട. ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.