റാഞ്ചി: ഹരിയാനയുടെയും മഹാരാഷ്ട്രയുടെയും മെഡല്‍ക്കൊയ്ത്തിനിടയില്‍ കാഴ്ചക്കാരായ കേരളത്തിന് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ദിനത്തില്‍ ആശ്വാസമായി ഹൈജംപ് പിറ്റിലെ ഇരട്ട സ്വര്‍ണം മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ ലിസബത്ത് കരോലിന്‍ ജോസഫും അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ജിയോ ജോസുമാണ് ചാമ്പ്യന്മാരുടെ പൊന്‍ താരങ്ങളായി മാറിയത്. ഇതേ ഇനങ്ങളില്‍ ഗായത്രി ശിവകുമാറും മനു ഫ്രാന്‍സിസും വെള്ളിയണിഞ്ഞു. ലിസബത്ത് ലോങ്ജംപില്‍ വെങ്കലംകൂടി നേടി ചാമ്പ്യന്മാരുടെ മിന്നും താരമായി.
അതേസമയം, കിരീടപ്പോരാട്ടത്തില്‍ കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ ചാമ്പ്യന്മാരായ ഹരിയാന (72 പോയന്‍റ്) ഒന്നും മഹാരാഷ്ട്ര (63)രണ്ടും സ്ഥാനക്കാരായി ചാമ്പ്യന്‍പോരാട്ടത്തില്‍ മുന്നിലത്തെി. ഉത്തര്‍ പ്രദേശ് (50), ഡല്‍ഹി (48) എന്നിവര്‍ക്കു പിന്നിലായാണ് കേരളത്തിന്‍െറ (43 പോയന്‍റ്) തുടക്കം. ട്രാക്കിലെയും ത്രോഇനങ്ങളിലെയും മേധാവിത്വമാണ് ഹരിയാനക്ക് മുതല്‍ക്കൂട്ടായത്. മഹാരാഷ്ട്ര ട്രാക്ക് ഇനങ്ങളിലും സ്വര്‍ണം കൊയ്തു.
തുണച്ചത് ജംപിങ് പിറ്റ്
അംഗബലം പകുതിയായി കുറഞ്ഞതോടെ ട്രാക്കിലും ഫീല്‍ഡിലും മേധാവിത്വം നഷ്ടമായ കേരളത്തിന്‍െറ സ്വപ്നങ്ങള്‍ക്ക് ആദ്യ ദിനം ആശ്വാസമായത് ജംപിങ് പിറ്റ്മാത്രം. ഉദ്ഘാടന ഇനമായ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററിലായിരുന്നു കേരളത്തിന്‍െറ ആദ്യ പ്രതീക്ഷ. എന്നാല്‍, മാരത്തോണ്‍ യാത്രയും കഴിഞ്ഞ് ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ മാത്രം ടീമിനൊപ്പം ചേര്‍ന്ന എം.വി വര്‍ഷക്ക് മെഡല്‍ പട്ടികയില്‍ ഇടം നേടാനായില്ല. തയാറെടുപ്പ് പോലുമില്ലാതെയാണ് ട്രാക്കിലിറങ്ങിയ മലയാളി താരം അഞ്ചാം സ്ഥാനക്കാരിയായി ഫിനിഷ് ചെയ്തതോടെ കേരളത്തിന്‍െറ തുടക്കം പിഴച്ചു.
പിന്നാലെ നടന്ന അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജംപ് പിറ്റായി ചാമ്പ്യന്‍ സംഘത്തിന്‍െറ കേന്ദ്രം. നിലവിലെ അണ്ടര്‍ 14 ദേശീയ റെക്കോഡിനുടമയായി ഗായത്രി ശിവകുമാറും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ വെള്ളിനേട്ടക്കാരി ലിസബത്ത് കരോലിന്‍ ജോസഫും നേര്‍ക്കുനേര്‍ പോരാടിയ കേരളം മെഡലുറപ്പിച്ചു. ആവേശകരമായ മത്സരം അവസാന രണ്ടിലത്തെിയപ്പോള്‍ ഗായത്രി ഒന്നും ലിസബത്ത് രണ്ടും സ്ഥാനത്തായിരുന്നു. എന്നാല്‍, സ്വര്‍ണം നിര്‍ണയിച്ച 1.62 ഉയരം ലിസബത്ത് ആദ്യ ശ്രമത്തില്‍തന്നെ ചാടിക്കടന്നപ്പോള്‍, ഗായത്രിയുടെ മൂന്നു ശ്രമവും ഫൗളില്‍ അവസാനിച്ചു. 1.60 മീറ്റര്‍ ചാടിയ ഗായത്രി വെള്ളിയിലൊതുങ്ങി. കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലിക്കുന്ന ലിസബത്ത് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഗായത്രി എറണാകുളം ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ എച്ച്.എസ്.എസ് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.
ജിയോ, മനു ഭായ് ഭായ്...
ആദ്യം നാട്ടുകാരെന്ന കൂട്ട്. പിന്നെ പരിശീലനത്തിലും മത്സരത്തിലും കൂട്ട്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണവും വെള്ളിയും നേടിയ വരാപ്പുഴ സ്വദേശികളായ ജിയോ ജോസും മനു ഫ്രാന്‍സിസുമാണ് ഒന്നിച്ച് മത്സരിച്ച് കേരളത്തെ മെഡലണിയിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ജൂനിയര്‍ മീറ്റിലും സ്കൂള്‍ മീറ്റിലും ഈ കൂട്ടുകാര്‍ തമ്മിലാണ് മെഡല്‍ പോരാട്ടം. 2014 വിജയവാഡ ജൂനിയര്‍ മീറ്റില്‍ ജിയോ ഒന്നും മനു രണ്ടും സ്ഥാനക്കാരായി. ഇക്കഴിഞ്ഞ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ജിയോ സംസ്ഥാന റെക്കോഡ് കുറിച്ചപ്പോള്‍, മനു പിന്നിലത്തെി.
റാഞ്ചിയില്‍ പിറ്റുണര്‍ന്നപ്പോഴും കാര്യങ്ങള്‍ മാറിയില്ല. എതിരാളികളെല്ലാം പാതിവഴിയില്‍ വീണപ്പോള്‍ മെഡല്‍ പോരാട്ടം വരാപ്പുഴക്കാര്‍ തമ്മിലായി. 1.98 മീറ്റര്‍ ചാടി മനു പിന്‍വാങ്ങിയപ്പോള്‍, 2.01മീറ്റര്‍ മറികടന്ന ജിയോ സ്വര്‍ണത്തില്‍ ഫിനിഷ് ചെയ്തു. ഒരാള്‍ തളരുമ്പോള്‍ മറ്റൊരാള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും പോരാട്ടങ്ങള്‍. വരാപ്പുഴ നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമിയില്‍ മനോജ് ടി. തോമസിനു കീഴിലാണ് ഇരുവരുടെയും പരിശീലനം. മുന്‍ ഹൈജംപ് താരവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസ് കായികാധ്യാപകനുമായ ജോര്‍ജ് ഷിന്‍ഡെയുടെയും റെയില്‍വേ മുന്‍ വോളിബാള്‍ താരം സിനി ഷിന്‍ഡെയുടെയും മകനായ ജിയോ ജോസ് പറവൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. തേവര എച്ച്.എസ്.എസ് പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് മനു ഫ്രാന്‍സിസ്.
ട്രാക്കില്‍ ശൂന്യം
വരും ദിനങ്ങളിലേക്കുള്ള സൂചനയാണ് ആദ്യദിനത്തില്‍ കേരളത്തിന്‍െറ ട്രാക്കിലെ പ്രകടനം. വിവിധ വിഭാഗങ്ങളിലായി ട്രാക്കില്‍ ഒമ്പത് മെഡലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ കേരളം വട്ടപ്പൂജ്യം. 5000 മീറ്ററില്‍ എം.വി വര്‍ഷ (17.59:10) അഞ്ചാമതത്തെിയത് ഏറ്റവും മികച്ച പ്രകടനമായി. മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവിനാണ് (17:02) സ്വര്‍ണം.
അണ്ടര്‍ 18 (ആണ്‍-പെണ്‍), അണ്ടര്‍ 20 (ആണ്‍-പെണ്‍) 1500 മീറ്റുകളില്‍ കേരളം മെഡലിനടുത്തും എത്തിയില്ല. അണ്ടര്‍ 14 (ആണ്‍-പെണ്‍) 600 മീ., അണ്ടര്‍ 16 (ആണ്‍-പെണ്‍) 2000മീ മത്സരങ്ങളില്‍ കേരളത്തിനുവേണ്ടി ട്രാക്കിലിറങ്ങാനും ആരുമുണ്ടായില്ല.
21 ഫൈനലുകള്‍ കാത്തിരിക്കുന്ന തിങ്കളാഴ്ച കേരളം സ്വര്‍ണപ്രതീക്ഷയോടെ. ഡൈബി സെബാസ്റ്റ്യന്‍ (അണ്ടര്‍ 20, 100 ഹര്‍ഡ്ല്‍സ്), മെയ്മോന്‍ പൗലോസ് (അണ്ടര്‍ 20, 110ഹര്‍ഡ്ല്‍സ്), ആതിരാ സുരേന്ദ്രന്‍ (അണ്ടര്‍ 20 ലോങ്ജംപ്), മരിയ ജയ്സണ്‍ (അണ്ടര്‍ 20 പോള്‍വാള്‍ട്ട്) എന്നിവര്‍ ഉറച്ച മെഡലിനായി മത്സരത്തിനിറങ്ങും.
ഫോട്ടോഫിനിഷ് ഇല്ല;റെക്കോഡുകള്‍ക്ക് ഇടമില്ല
ലോകനിലവാരത്തിലെ അത്ലറ്റിക്സ് കോപ്ളക്സുമായി ദേശീയ ജൂനിയര്‍ മീറ്റിനെ വരവേല്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ റാഞ്ചി ബിര്‍സമുണ്ട സ്റ്റേഡിയം. ട്രാക് ഇനങ്ങളില്‍ സമയം രേഖപ്പെടുത്താനുള്ള ഫോട്ടോഫിനിഷിങ് സംവിധാനമില്ലാത്തതുകാരണം അത്ലറ്റുകളുടെ മികച്ച പ്രകടനങ്ങളെല്ലാം റെക്കോഡ് പുസ്തകത്തിന് പുറത്ത്. ഒഫീഷ്യലുകളുടെ കൈവശമുള്ള ടൈമറില്‍ കുറിക്കുന്ന സമയം അടിസ്ഥാനമാക്കിയാണ് പ്രകടനം രേഖപ്പെടുത്തുന്നത്. ഇത് റെക്കോഡായി പരിഗണിക്കില്ളെന്നതാണ് ജൂനിയര്‍ മീറ്റിലെ താരങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. ഫീല്‍ഡ് ഇനങ്ങളിലെ റെക്കോഡുകള്‍ രേഖപ്പെടുത്താനേ നിര്‍വാഹമുള്ളൂ എന്നതാണ് നിലവിലെ അവസ്ഥ. കേരളം ഉള്‍പ്പെടെയുള്ള ടീം മാനേജ്മെന്‍റ്, സംഘാടകര്‍ മുമ്പാകെ പ്രശ്നം അവതരിപ്പിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ഫോട്ടോഫിനിഷിങ് സംവിധാനം ഒഴിവാക്കിയെന്ന അലസമറുപടിയില്‍ എല്ലാം തീര്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.