??????????? ????? ???????? ????? ???? ??????

ദേശീയ ജൂനിയർ അത് ലറ്റിക്സ്: മരിയ ജെയ്സന് ദേശീയ റെക്കോഡ്

റാഞ്ചി: ഇടറിയ തുടക്കത്തെ രണ്ടാം ദിനത്തിലെ ഓള്‍റൗണ്ട് മികവില്‍ മറികടന്ന് കേരളം ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ റൈറ്റ് ട്രാക്കില്‍ കുതിപ്പുതുടങ്ങി. നാലുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുംകൂടി സ്വന്തമാക്കിയ കേരളം ചാമ്പ്യന്‍ഷിപ് പോരാട്ടത്തില്‍ ഹരിയാനക്കുപിന്നില്‍ രണ്ടാം സ്ഥാനത്തത്തെി. ഹരിയാനക്ക് 128ഉം കേരളത്തിന് 122ഉം പോയന്‍റാണുള്ളത്. ആദ്യദിനത്തില്‍ ശക്തമായ വെല്ലുവിളിയുമായി കുതിച്ച തമിഴ്നാടിനെയും (115), മഹാരാഷ്ട്രയെയും (100), ഡല്‍ഹിയെയും (95) പിന്തള്ളികൊണ്ടായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ കുതിപ്പ്. ദേശീയ റെക്കോഡും മീറ്റ് റെക്കോഡും തിരുത്തിക്കുറിച്ച കേരളത്തിന്‍െറ പോള്‍വാള്‍ട്ട് താരം മരിയ ജെയ്സണ്‍ റാഞ്ചി ബിര്‍സമുണ്ട അത്ലറ്റിക് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ചയിലെ സൂപ്പര്‍ താരമായി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്ലണില്‍ പി.എസ്. പ്രഭാവതി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10 കി.മീ. നടത്തത്തില്‍ മേരി മാര്‍ഗരറ്റ്, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീ. ഹര്‍ഡ്ല്‍സില്‍ അപര്‍ണ റോയ് എന്നിവരാണ് രണ്ടാം ദിനത്തിലെ മറ്റു സ്വര്‍ണ നേട്ടക്കാര്‍.അതേസമയം, കേരളത്തിന്‍െറ ഉറച്ച സ്വര്‍ണ പ്രതീക്ഷയായ ഹര്‍ഡ്ല്‍സില്‍ സീനിയര്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ മേയ്മോന്‍ പൗലോസും ഡൈബി സെബാസ്റ്റ്യനും വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടു. അണ്ടര്‍ 20 പെണ്‍ ലോങ്ജംപില്‍ രമ്യ രാജന്‍, അണ്ടര്‍ 16 മിഡ്ലെ റിലേ എന്നിവയിലാണ് മറ്റു വെള്ളി നേട്ടങ്ങള്‍.

പി.എസ് പ്രഭാവതി, ഡൈബി സെബാസ്റ്റ്യൻ, അപർണ റോയ്

 

അണ്ടര്‍ 20 ആണ്‍ 110 മീ ഹര്‍ഡ്ല്‍സില്‍ പ്രവീണ്‍ ജെയിംസ്, പെണ്‍കുട്ടികളുടെ 100 മീ. ഹര്‍ഡ്ല്‍സില്‍ സൗമ്യ വര്‍ഗീസ്, അണ്ടര്‍ 18 ആണ്‍ ലോങ്ജംപില്‍ എം. ശ്രീശങ്കര്‍, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ പെന്‍റാത്ലണില്‍ അഞ്ജലി തോമസ് എന്നിവര്‍ വെങ്കലപ്പതക്കവുമണിഞ്ഞു.മഞ്ഞില്‍കുളിച്ച പുലരിയില്‍ മേരി മാര്‍ഗരറ്റ് നടന്നുനേടിയ സ്വര്‍ണവുമായാണ് കേരളമുണര്‍ന്നത്. കഴിഞ്ഞ മൂന്നുവര്‍ഷവും ബിന്‍സിയുടെയും വിദ്യയുടെയും നിഴലായി രണ്ടും മൂന്നും സ്ഥാനക്കാരിയായി ഒതുങ്ങിയ മേരി വിടവാങ്ങല്‍ മീറ്റില്‍ സ്വര്‍ണത്തോടെതന്നെ പടിയിറങ്ങി. പാലാ അല്‍ഫോണ്‍സാ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മേരി 53 മിനിറ്റ് 29:40 സെക്കന്‍ഡിലായിരുന്നു സുവര്‍ണ നടത്തം പൂര്‍ത്തിയാക്കിയത്. ട്രയാത്ലണില്‍ 1636 പോയന്‍റുമായാണ് മലപ്പുറം ഐഡിയല്‍ എച്ച്.എസ് കടകശ്ശേരിയിലെ ഒമ്പതാംക്ളാസുകാരി പി.എസ്. പ്രഭാവതി സ്വര്‍ണമണിഞ്ഞത്. മൂന്നിനങ്ങളടങ്ങിയ ട്രയാത്ലണില്‍ 100മീ. ഓട്ടത്തിലും, ലോങ്ജംപിലും പ്രഭാവതി ഒന്നാമതത്തെി പോയന്‍റില്‍ ലീഡ് നേടി.

മരിയ x മരിയ
എതിരാളികള്‍ ദുര്‍ബലരാവുമ്പോള്‍ സ്വന്തത്തോടുതന്നെയാണ് മരിയ ജെയ്സണ്‍ എന്ന പോള്‍വാള്‍ട്ട് താരത്തിന്‍െറ പോരാട്ടം. 12 വര്‍ഷം പഴക്കമുള്ള ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ മീറ്റ് റെക്കോഡ് ഹൈദരാബാദില്‍ തിരുത്തിയത് മൂന്നുമാസം മുമ്പായിരുന്നു. റാഞ്ചിയില്‍ പോളുമായിറങ്ങിയപ്പോഴെ മരിയ ശ്രദ്ധാകേന്ദ്രമായി. മൂന്നു പേര്‍ മാത്രമുള്ള അണ്ടര്‍ 20 വിഭാഗത്തില്‍ മരിയ റെക്കോഡ് ഭേദിക്കുമോയെന്നായിരുന്നു ചോദ്യം. ആദ്യശ്രമത്തില്‍ 3.20 ചാടിയ താരം സ്വര്‍ണമുറപ്പിച്ചു. തമിഴ്നാട്ടുകാരായ എതിരാളികള്‍ വെള്ളിയും വെങ്കലവുമുറപ്പിച്ചു പിന്മാറി.  

റെക്കോഡുകളിലേക്കായി മരിയയുടെ പിന്നീടുള്ള ശ്രമങ്ങള്‍. രണ്ടാം ശ്രമത്തില്‍ ജൂനിയര്‍ മീറ്റ് റെക്കോഡ് തിരുത്തി (3.41മീ.) കേരളത്തിന്‍െറതന്നെ സിഞ്ജു പ്രകാശ് 2013ല്‍ കുറിച്ച 3.40 മീ. എന്ന ഉയരമാണ് ഭേദിച്ചത്. അടുത്തലക്ഷ്യം സ്വന്തംപേരിലെ ദേശീയ ജൂനിയര്‍ റെക്കോഡ് (3.65). ആദ്യ അവസരത്തില്‍തന്നെ 3.70 ചാടിയതോടെ അതും പഴങ്കഥയായി. ഉയരം പിന്നെയും കൂട്ടി നിലമെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. പാല സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനിയായ മരിയ, ജംപ്സ് അക്കാദമിയില്‍ സതീഷ് കുമാറിനു കീഴിലാണ് പരിശീലിക്കുന്നത്.

 

കടമ്പയില്‍ തട്ടിയ പ്രതീക്ഷകള്‍
മെഡല്‍ കൊയ്യും ഇനമായ ഹര്‍ഡ്ല്‍സില്‍ പിറക്കുന്ന സ്വര്‍ണത്തിലാണ് എന്നും കേരളത്തിന്‍െറ ചാമ്പ്യന്‍ഷിപ് മോഹങ്ങള്‍ പൂവിടുന്നത്. മൂന്ന് സ്വര്‍ണമുറപ്പിച്ച ഇനത്തില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയിലുമൊതുങ്ങി കേരളം. അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ ജംപ്സ് അക്കാദമിയില്‍നിന്നുള്ള അപര്‍ണ റോയിയാണ് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത് (14.69 സെ).
മികച്ച പ്രകടനവുമായി നാട്ടില്‍നിന്നും വിമാനംകയറിയ ദേശീയതാരം മേയ്മോന്‍ പൗലോസിന് പരിക്ക് വിനയായി. അടിവയറ്റിലെ വേദനയും കടിച്ചമര്‍ത്തി ഓടിയ മേയ്മോന് സ്വന്തംപേരിലെ മികച്ച പ്രകടനത്തിനൊപ്പംപോലുമത്തൊനായില്ല. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഈ ഇനത്തില്‍ ഹീറ്റ്സ്തന്നെ ഫൈനലാവുകയായിരുന്നു. അണ്ടര്‍ 20 വിഭാഗത്തില്‍ മേയ്മോന്‍ 14.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍, 14.54 സെക്കന്‍ഡില്‍ ഓടിയ തമിഴ്നാടിന്‍െറ പ്രവീണ്‍ കുമാര്‍ സ്വര്‍ണമണിഞ്ഞു.വെങ്കലം നേടിയ കോതമംഗലം എം.എ കോളജിലെ പ്രവീണ്‍ ജെയിംസ് 14.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.

അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ മികച്ച മത്സരം പിറന്നപ്പോള്‍ പാലാ ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റല്‍ താരം ഡൈബി സെബാസ്റ്റ്യന്‍ രണ്ടാമതായി. മീറ്റ് റെക്കോഡിനൊപ്പമുള്ള പ്രകടനം കാഴ്ചവെച്ച മഹാരാഷ്ട്രയുടെ അങ്കിത ഗോസാമി (14.27) സ്വര്‍ണമണിഞ്ഞപ്പോള്‍, ഡൈബി (14.51 സെ.) ചാട്ടംപിഴച്ച് വെള്ളിയിലൊതുങ്ങി. ഭരണങ്ങാനം സെന്‍റ് മേരീസ് എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാര്‍ഥിനിയാണ് ഡൈബി. സൗമ്യ വര്‍ഗീസ് (14.61 സെ.) വെങ്കലം നേടി.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ റെക്കോഡോടെ സ്വര്‍ണം നേടുന്ന മരിയ ജെയ്സണ്‍
 


 പോയന്‍റ് പട്ടികയില്‍ കേരളത്തിന്‍െറ റോക്കറ്റ് വേഗത്തിന് ലോങ്ജംപ് പിറ്റില്‍നിന്നുള്ള വെള്ളിയും വെങ്കലവും കൂടി കരുത്തായി. അണ്ടര്‍ 20ല്‍ സ്വര്‍ണമുറപ്പിച്ച ആതിര സുരേന്ദ്രന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ രമ്യരാജന്‍െറ വെള്ളി (5.66 മീ.) ആശ്വാസമായി. പാലാ അല്‍ഫോണ്‍സ കോളജ് ബിരുദ വിദ്യാര്‍ഥിയാണ് രമ്യ. തമിഴ്നാടിന്‍െറ ജി. കാര്‍ത്തിക (5.91 മീ.) സ്വര്‍ണമണിഞ്ഞു. ട്രാക്കിലും ഫീല്‍ഡിലുമായി 39 ഫൈനല്‍ നടക്കുന്ന ചൊവ്വാഴ്ച ജൂനിയര്‍ മീറ്റിലെ ചാമ്പ്യന്മാരുടെ കാര്യം ഏതാണ്ട് തീര്‍പ്പാവും. മീറ്റിലെ വേഗരാജാക്കന്മാരെയും ചൊവ്വാഴ്ച നിര്‍ണയിക്കും. കേരളത്തിനേറെ പ്രതീക്ഷയുള്ള 400, 1500, മിഡ്ലെ റിലേ മത്സരങ്ങളും ചൊവ്വാഴ്ച നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.