സംസ്ഥാന സ്കൂള്‍ മീറ്റ്: ചാമ്പ്യന്മാര്‍ക്ക് അവസരമില്ല

റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 21ാം തവണയും സംസ്ഥാനത്തെ കിരീടമണിയിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ കേരള സംഘത്തിലെ പകുതിയിലേറെ പേര്‍ക്കും സ്കൂള്‍ കായികമേളകള്‍ നഷ്ടമാകുന്നു. റാഞ്ചി ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ ഉജ്ജ്വല പ്രകടനവുമായി കേരളത്തെ ചാമ്പ്യന്മാരാക്കിയ ടീമിലെ 36 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും അടക്കം 52 പേര്‍ക്കാണ് സ്കൂള്‍ മീറ്റില്‍ അവസരം നഷ്ടമാകുന്നത്. ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാനായി 19ന് വിമാനം കയറിയവരാണ് കേരള ടീം. ചാമ്പ്യന്‍ഷിപ്പും രണ്ടു ദിവസത്തെ മടക്ക ട്രെയിന്‍ യാത്രയും കഴിഞ്ഞ് ടീം 28ന് രാത്രിയോടെയേ നാട്ടിലത്തെൂ. ഇതിനിടയില്‍ സംസ്ഥാനത്തെ സ്കൂള്‍ സബ്ജില്ലാ കായികമത്സരങ്ങള്‍ മുഴുവനും പൂര്‍ത്തിയായി. ജില്ലാതല കായികമേളകള്‍ 30നകം പൂര്‍ത്തിയാവുകയും ചെയ്യും. സംസ്ഥാന സ്കൂള്‍ കായികമേള ഡിസംബര്‍ അഞ്ചു മുതല്‍ കോഴിക്കോട് ആരംഭിക്കാനിരിക്കെയാണ് ജില്ലാ മീറ്റുകളുടെ തിരക്കിട്ട സംഘാടനം.  
റാഞ്ചിയില്‍ ജൂനിയര്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ച് അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ മികച്ച താരമായ ജിസ്ന മാത്യു, ഇരട്ടസ്വര്‍ണമണിഞ്ഞ മലപ്പുറം ഐഡിയല്‍ എച്ച്.എസ് കടകശ്ശേരിയിലെ പി.എസ്. പ്രഭാവതി തുടങ്ങിയ താരങ്ങള്‍ക്കും ഇത് ഇരട്ട പ്രഹരമാകും. ദേശീയ മീറ്റില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് സംസ്ഥാന സ്കൂള്‍മീറ്റിലേക്ക് നേരിട്ട് പ്രവേശം വേണമെന്നാവശ്യപ്പെട്ട് അത്ലറ്റുകള്‍ കായികമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം അയച്ചെങ്കിലും ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ദേശീയ മീറ്റിനിടയിലാണ് വിദ്യാര്‍ഥികള്‍ കൂട്ട നിവേദനം മന്ത്രിമാര്‍ക്ക് ഇ-മെയിലായി അയച്ചത്.
ദേശീയ ജൂനിയര്‍ മീറ്റ് ഉള്‍പ്പെടെയുള്ള ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പുകളുടെ കലണ്ടര്‍ ഒരു വര്‍ഷം മുമ്പേ പ്രസിദ്ധീകരിക്കുന്നതാണെങ്കിലും കേരളത്തില്‍ സ്കൂള്‍മീറ്റും ജൂനിയര്‍ മീറ്റും ഒരേസമയത്ത് വരുന്നത് പതിവാണ്. പ്രശ്നം പരിഹരിക്കണമെന്ന് കേരള അത്ലറ്റിക്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്കൂള്‍ പരീക്ഷാ കലണ്ടറും കലോത്സവവും പറഞ്ഞ് സംഘാടകര്‍ ഒഴിഞ്ഞുമാറുമ്പോള്‍ നഷ്ടപ്പെടുന്നത് ഭാവി താരങ്ങള്‍ക്ക്.
ജൂനിയര്‍ മീറ്റിലെ സ്വര്‍ണം, വെള്ളി, വെങ്കലം മെഡല്‍ ജേതാക്കള്‍ക്ക് 15,000-10,000-7000 രൂപയാണ് സംസ്ഥാന സര്‍ക്കാറിന്‍െറ പ്രതിഫലം. ദേശീയ സ്കൂള്‍ മീറ്റിലെ മെഡല്‍ ജേതാക്കള്‍ക്ക് 25000, 15000, 10000 രൂപയും. അതുകൊണ്ടുതന്നെ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടമില്ലാതെ പോകുന്നത് താരങ്ങള്‍ക്ക് സാമ്പത്തികനഷ്ടവുമാകും.  അതേസമയം, ചില ജില്ലാ മീറ്റുകളില്‍ ദേശീയ ജൂനിയര്‍ മീറ്റ് താരങ്ങള്‍ക്ക് ഫോര്‍മുലയുമായി സംഘാടകര്‍ രംഗത്തത്തെിയിട്ടുണ്ട്. ജില്ലാ മീറ്റുകളില്‍ മൂന്നാമതത്തെിയ താരവുമായി പ്രകടനം താരതമ്യം ചെയ്ത് സംസ്ഥാന മീറ്റ് യോഗ്യത നല്‍കാമെന്നാണ് വാഗ്ദാനം. ഇത് ഒരിനത്തില്‍ ഒന്നിലേറെ താരങ്ങള്‍ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത ജില്ലയില്‍ തിരിച്ചടിയാകും. 29, 30 തീയതികളില്‍ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന താരങ്ങള്‍ക്ക് അമിതഭാരവുമാകും.
ദേശീയ ജൂനിയര്‍ മീറ്റിനേക്കാള്‍ സ്കൂള്‍ മീറ്റിന് പരിഗണന നല്‍കിയ പാലക്കാട്, എറണാകുളം ജില്ലകളിലെ ചാമ്പ്യന്‍ സ്കൂള്‍ താരങ്ങളില്ലാതെയായിരുന്നു കേരളത്തിന്‍െറ മെഡല്‍ നേട്ടം. സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ്, മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം, പാലക്കാടുനിന്നുള്ള പറളി എച്ച്.എസ്.എസ്, കല്ലടി എച്ച്.എസ്.എസ്, മുണ്ടൂര്‍ എച്ച്.എസ്.എസ്, ചിറ്റിലഞ്ചേരി എം.എന്‍.കെ.എച്ച്.എസ്.എസ്, മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസ് എന്നിവിടങ്ങളിലെ താരങ്ങളും ദേശീയ മീറ്റില്‍ പങ്കെടുത്തിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.