100 മീറ്ററില്‍ 16 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: തിരിച്ചുവരവില്‍ ദേശീയ റെക്കോഡ് തിരുത്തിയതിന്‍െറ ആനന്ദം. തലനാരിഴക്ക് റിയോ ഒളിമ്പിക്സിനുള്ള ടിക്കറ്റ് നഷ്ടപ്പെട്ടതിന്‍െറ കണ്ണുനീര്‍. ഒഡിഷക്കാരി ദ്യുതി ചന്ദ് ഒരേസമയം ചിരിക്കുകയും കരയുകയുമായിരുന്നു. ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 100 മീറ്ററില്‍ പുതിയ ദേശീയ റെക്കോഡ് കുറിച്ച ദ്യുതിക്ക് ഒളിമ്പിക് അവസരം നഷ്ടമായത് ഒരു സെക്കന്‍ഡിന്‍െറ നൂറിലൊന്നിന്‍െറ വ്യത്യാസത്തിനാണ്. 11.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. റിയോയിലേക്ക് ബെര്‍ത്ത് ഉറപ്പിക്കാന്‍വേണ്ടത് 11.32 സെക്കന്‍ഡ്. സെക്കന്‍ഡിന്‍െറ 100ലൊരംശത്തിന് പി.ടി. ഉഷക്ക് നഷ്ടമായ ഒളിമ്പിക് വെങ്കലമെഡലിനെ അനുസ്മരിപ്പിക്കുന്ന അനുഭവമാണ് ദ്യുതിയുടേത്.
 രചിത മിസ്ത്രി 2000ത്തില്‍ തിരുവനന്തപുരത്ത് നേടിയ 11.38 എന്ന ദേശീയ റെക്കോഡാണ് ദ്യുതി പഴങ്കഥയാക്കിയത്. സന്തോഷവും സങ്കടവും മനസ്സില്‍ തിരതല്ലുമ്പോള്‍ എന്തുപറയണമെന്ന് അറിയില്ളെന്നായിരുന്നു ദ്യുതിയുടെ ആദ്യ പ്രതികരണം. പുരുഷ ഹോര്‍മോണിന്‍െറ പേരില്‍ ട്രാക്കില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തിയവരോടുള്ള ദ്യുതിയുടെ മധുരപ്രതികാരം കൂടിയാണിത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുമ്പാണ് അധികൃതര്‍ മത്സരത്തില്‍നിന്ന് വിലക്കിയത്. പുരുഷ ഹോര്‍മോണിന്‍െറ അളവ് കൂടുതലാണെന്ന കണ്ടത്തെല്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോടതിയില്‍ ചെന്ന് തെറ്റെന്ന് തെളിയിക്കുമ്പോഴേക്ക് വര്‍ഷം കുറെ പാഴായി. 2015ല്‍ നാഷനല്‍ ഗെയിംസിലും സാഫ് ഗെയിംസിലും മെഡല്‍ സ്വന്തമാക്കി തിരിച്ചുവരവ് ഗംഭീരമാക്കി. ഒളിമ്പിക് യോഗ്യത നേടാന്‍ രണ്ടോ മൂന്നോ അവസരങ്ങളുണ്ടെന്നും അതില്‍ നേടുമെന്നും ദ്യുതി ചന്ദ് ഉറപ്പിച്ചുപറയുന്നു.
   മീറ്റിന്‍െറ ആദ്യദിനം നടന്ന പത്തു ഫൈനലുകളില്‍ ആര്‍ക്കും ഒളിമ്പിക് യോഗ്യത നേടാനായില്ല. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ച ഹരിയാനക്കാരന്‍ നീരജ് ചോപ്ര പരിക്കുകാരണം അവസാനനിമിഷം മത്സരത്തില്‍നിന്ന് പിന്മാറി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഒളിമ്പിക് യോഗ്യതാ പ്രതീക്ഷയായിരുന്ന ഹരിയാനയുടെ ഇന്ദര്‍ജിത്ത് സിങ് പക്ഷേ, രണ്ടാം സ്ഥാനത്തായി. 19.93 മീ. എറിഞ്ഞ തേജീന്ദര്‍ സിങ് ഒന്നാമതത്തെി.
ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 20.50 മറികടക്കാന്‍ ഇരുവര്‍ക്കുമായില്ല.  വനിതകളുടെ ലോങ് ജംപില്‍ മലയാളിതാരങ്ങളായ എം.എ. പ്രജുഷ 6.30 മീ. ചാടി ഒന്നാമതത്തെി. 6.24 മീറ്റര്‍ ചാടിയ മലയാളി താരം വി. നീനയാണ് രണ്ടാമത്. 6.70 മീറ്ററാണ് ഈ ഇനത്തില്‍ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്.  പുരുഷന്മാരുടെ 100 മീ. ഹര്‍ഡ്ല്‍സില്‍ തമിഴ്നാടിന്‍െറ സുരേഷ് അറുമുഖം 14.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതത്തെി.
   വനിതകളുടെ ഹാമര്‍ത്രോയില്‍ യു.പിയിലെ സരിതാ പ്രകാശ് 61.81 മീ. എറിഞ്ഞ് ഒന്നാമതത്തെി. 5000 മീ. തമിഴ്താരങ്ങളുടെ ആധിപത്യമായിരുന്നു. വനിതകളില്‍ എല്‍. സൂര്യയും (സമയം: 15:39:59) പുരുഷന്മാരില്‍ ജി. ലക്ഷ്മണനും (സമയം: 13:51:29) ഒന്നാമതത്തെി.
പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്‍െറ ജെ പ്രീത് സ്വര്‍ണം നേടി. ഉയരം: 4.95 മീറ്റര്‍.
ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയുടെ അഭാവത്തില്‍ യു.പിക്കാരന്‍ വപിന്‍ കസാന (76.42 മീ.) സ്വര്‍ണം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT