കലങ്ങിമറിഞ്ഞ ഭൂമിയില്‍നിന്ന് ഗൗരികയത്തെുന്നു

റിയോ: റിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗൗരിക സിങ് എന്ന നേപ്പാളുകാരി. നീന്തല്‍ കുളത്തിലെ ഓളങ്ങളെക്കാള്‍ 13കാരിയായ ഗൗരികയുടെ മനസ്സില്‍ സ്വന്തം നാടിനെ പിടിച്ചുലച്ച ഭൂകമ്പത്തിന്‍െറ ഓര്‍മകളാണുള്ളത്. ജന്മനാടാണ് നേപ്പാളെങ്കിലും ഡോക്ടറായ പിതാവിനൊപ്പം ലണ്ടനിലായിരുന്നു അവളും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഗൗരിക കാഠ്മണ്ഡുവില്‍ എത്തി. അമ്മയും ഇളയ സഹോദരന്‍ സൗരനും ഗൗരികക്കൊപ്പമുണ്ടായിരുന്നു. അഞ്ചാമത്തെ നിലയിലെ ഫ്ളാറ്റിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.

പെട്ടെന്നാണ് ലോകം അവസാനിക്കുന്നതുപോലെ എല്ലാം കൂടി തകര്‍ന്നുവീണത്. 10 മിനിറ്റിനുള്ളില്‍ എല്ലാം തകിടം മറിഞ്ഞു. ഭൂമി കുലുങ്ങിമറിഞ്ഞു. അമ്മയും രണ്ടു മക്കളും ഒരു മേശക്കടിയില്‍ അഭയം തേടി. അല്‍പനേരത്തിനു ശേഷം അവര്‍ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. വല്ലവിധേനയും പുറത്തിറങ്ങി നോക്കുമ്പോള്‍ ഭീകരമായിരുന്നു കാഴ്ചകള്‍. വീടുകളും മനുഷ്യരും ചിതറിത്തെറിച്ചുകിടക്കുന്നു.

ഗൗരികയും കുടുംബവും താമസിച്ചിരുന്നത് പുതിയ കെട്ടിടത്തിലായിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പഴക്കം ചെന്ന സകല കെട്ടിടങ്ങളും നിലംപൊത്തിയിരുന്നു. 9000ലേറെപ്പേര്‍ കൊല്ലപ്പെട്ട നേപ്പാളിലെ ഭൂകമ്പത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് ഗൗരികയും കുടുംബവും.
ഭൂകമ്പത്തിന്‍െറ ഇരകളെ സഹായിക്കാനായി ഗൗരികയുടെ പിതാവിന്‍െറ സുഹൃത്ത് ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിനൊപ്പം ഗൗരികയും ചേര്‍ന്നു. തനിക്ക് ദേശീയ നീന്തലില്‍ കിട്ടിയ സമ്മാനത്തുക ആ ഫണ്ടിലേക്ക് അവള്‍ സംഭാവനയായി നല്‍കി. പിന്നീട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായും ഗൗരിക മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.