റിയോ: ‘...ആ രാവിലെ കണ്ണാടി നോക്കുമ്പോള്‍ എന്തോ സംഭവിച്ചതായി എനിക്കു തോന്നിയിരുന്നു. പരിശോധിച്ച ഡോക്ടര്‍ അത് പറയുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രിയപ്പെട്ട നഞ്ചപ്പ, നിങ്ങളുടെ കരിയര്‍ അവസാനിച്ചു കഴിഞ്ഞു’- 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പതാകക്കു കീഴില്‍ റിയോയിലിറങ്ങുമ്പോള്‍ പ്രകാശ് നഞ്ചപ്പക്കും കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വിസ്മയം.
സ്പെയിനിലെ ഗ്രനഡയില്‍ മൂന്നു വര്‍ഷം മുമ്പ് ലോക ചാമ്പ്യന്‍ഷിപ് നടക്കുമ്പോഴായിരുന്നു ആ ദുരന്തം നഞ്ചപ്പയെ പിടികൂടിയത്. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖം ഒരുവശത്തേക്ക് കോടിയ പോലെ. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു.
‘ബെല്‍സ് പാള്‍സി എന്നുപേരുള്ള പക്ഷാഘാതമാണ് പിടികൂടിയിരിക്കുന്നത്. ഇനിയൊരിക്കലും പഴയതുപോലെ വെടിയുതിര്‍ക്കാനാവില്ല. കായിക രംഗത്തോട് എന്നേക്കുമായി വിടപറയുന്നതാണ് നല്ലത്’ അന്ന് 37 വയസ്സായിരുന്നു പ്രകാശിന്.
തോറ്റു പിന്മാറാന്‍ പ്രകാശ് തയാറല്ലായിരുന്നു. കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ തന്നെ തീരുമാനിച്ചു. പിന്നെ ആറു മാസം ചികിത്സയായിരുന്നു. വളരെ വേഗം ആശ്വാസം കണ്ടത്തെിത്തുടങ്ങി. എന്നിട്ടും അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ വിട്ടുപോയിരുന്നില്ല. അതേവര്‍ഷം തെഹ്റാനില്‍ നടന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിക്കൊണ്ട് പ്രകാശ് തിരിച്ചുകയറിയത് ഒരിക്കല്‍ കൈവിട്ടുപോയ ജീവിതത്തിലേക്കും കൂടിയായിരുന്നു. 2013ല്‍ കൊറിയയിലെ ചാങ്വണില്‍ നടന്ന ലോക കപ്പില്‍ കൈത്തണ്ടയിലെ കടുത്ത വേദനയുമായും പോരാടിയായിരുന്നു പ്രകാശ് വെങ്കല മെഡല്‍ നേടിയത്.
വെല്ലുവിളികളിലൂടെയായിരുന്നു പ്രകാശിന്‍െറ കായിക ജീവിതം തുടങ്ങിയതുതന്നെ. ഒരുകാലത്ത് മോട്ടോര്‍ ബൈക്ക് റാലികളോടായിരുന്നു കമ്പം. മികച്ചൊരു ബാഡ്മിന്‍റണ്‍ താരം കൂടിയായിരുന്നു പ്രകാശ്. തന്‍െറ ഭാവി ബാഡ്മിന്‍റണില്‍ ഭദ്രമായിരിക്കുമെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞ സമയത്താണ് പേശികള്‍ക്ക് ഏറ്റ പരിക്കില്‍ ഷട്ടില്‍ റാക്കറ്റുകളോട് വിടപറയേണ്ടിവന്നത്. പിന്നെ കാനഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജീവിതം വെച്ചുമാറാന്‍ പ്രകാശ് വിമാനം കയറി.
പിന്നെ കുറെക്കാലം കമ്പ്യൂട്ടറുകളുടെയും സോഫ്റ്റ്വെയറുകളുടെയും ലോകം. അപ്പോഴാണ് മുന്‍ ദേശീയ ഷൂട്ടിങ് താരം കൂടിയായ പിതാവ് പി.എന്‍. പപ്പണ്ണ മകനെ തിരിച്ചുവിളിച്ച് ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുന്നത്. പിന്നീട് വെല്ലുവിളികളുടെയും രോഗത്തിന്‍െറയുമൊക്കെ പിടിയില്‍. 2014ല്‍ ഗ്ളാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ ജേതാവും പ്രകാശായിരുന്നു. എല്ലാം കടന്ന് തികഞ്ഞ ആത്മവിശ്വാസത്തില്‍ റിയോയിലിറങ്ങുമ്പോള്‍ ഇന്ത്യ പ്രകാശ് നഞ്ചപ്പ എന്ന 40കാരനില്‍ പ്രതീക്ഷ വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.