യെവ് നൗ സീ ഇംഗിലീസ് അമീഗ

ബ്രസീലുകാര്‍ക്ക് മുമ്പില്‍ നമ്മള്‍ തോറ്റുപോകുന്നത് കളിക്കളത്തില്‍ മാത്രമല്ല, ആ സ്നേഹത്തിന് മുന്നിലാണ്. ശരിക്കും തോല്‍ക്കുക അവരോട് സംസാരിക്കുമ്പോഴാണ്. മുന്‍ ജന്മത്തില്‍ സഹോദരന്മാരായിരുന്നുവോ എന്നുപോലും സംശയമുണ്ടാക്കും വിധത്തിലാണ് ഭൂരിഭാഗം ബ്രസീലുകാരുടെയും പെരുമാറ്റം. എന്തെങ്കിലും സഹായം വേണോ എന്നതാണ് സ്ഥായീഭാവം. പക്ഷേ എന്തെങ്കിലും ചോദിക്കാന്‍ മുതിര്‍ന്നാല്‍ വിവരമറിയും. പോര്‍ച്ചുഗീസ് ഭാഷയല്ലാതെ മറ്റൊന്നിനും അവരുടെ നാവു വഴങ്ങില്ല. സാവോപോളോയില്‍ വിമാനം ഇറങ്ങിയതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. റിയോ ഡെ ജനീറോയിലത്തെിയാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ ഏറെ നിരാശയായി. എല്ലാവരും പറയുന്നത് ഒന്നുതന്നെ -യെവ് നൗ സീ ഇംഗിലീസ് അമീഗ (എനിക്ക് ഇംഗ്ളീഷ് അറിയില്ല സുഹൃത്തെ).

സാവോപോളോയിലെ ഹോട്ടലില്‍നിന്ന് ഒരു ഗ്ളാസ് ചുടുവെള്ളം കിട്ടാന്‍ ജീവനക്കാരോട് പലവിധം അഭ്യാസവും നടത്തി. വാട്ടര്‍ എന്നു പറഞ്ഞാല്‍ അറിയാത്തവരുണ്ടെന്ന് ആദ്യമായാണ് അറിയുന്നത്. ആംഗ്യം കൊണ്ടും ഫലമില്ലാതായതോടെ അവസാനം റിസപ്ഷനില്‍ ചെന്നു. അവിടെയിരുന്ന പെണ്‍കുട്ടിയും ആദ്യം ചിരിച്ചു. പിന്നെ മൊബൈല്‍ ഫോണ്‍ നേരെ കൈയിലേക്ക് തന്നു. ഗൂഗ്ള്‍ ട്രാന്‍സ് ലേഷനിലേക്ക് ഇംഗ്ളീഷില്‍ ആവശ്യമെഴുതാ
ന്‍ ആംഗ്യം. ഏഴുതി നല്‍കിയത് അവര്‍ പോര്‍ച്ചുഗീസിലേക്ക് മാറ്റി മറുപടിയും തന്നു. പോര്‍ച്ചുഗീസ് ഞാന്‍ ഇംഗ്ളീഷിലാക്കി. രാത്രി ഭക്ഷണം കഴിക്കാന്‍ റസ്റ്റാറന്‍റില്‍ ചെന്നപ്പോള്‍ അവിടത്തെ ജീവനക്കാരനും അതാ ഫോണ്‍ നീട്ടുന്നു. എന്താ വേണ്ടതെന്ന് അതില്‍ അടിക്കാന്‍ പറഞ്ഞു. പിന്നെ ഗൂഗ്ള്‍ മധ്യസ്ഥതയില്‍ സംഭാഷണം. ബ്രസീലുകാര്‍ ഈ രീതി പരക്കെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായി. റസ്റ്റാറന്‍റിലെ രാത്രി ഭക്ഷണം സൂപ്പുകള്‍ മാത്രമാണ്. പലവിധം സൂപ്പുകള്‍. ഏതുമെടുക്കാം. എത്രയും കുടിക്കാം. 15 ബ്രസീല്‍ റീല്‍ ആണ് നിരക്ക്. ഇന്ത്യയുടെ 300 രൂപവരും.

നമുക്ക് അവരുടെ ഭാഷ പിടികിട്ടുന്നില്ളെന്ന് അറിയാമെങ്കിലും അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. റിയോയിലേക്കുള്ള ബസ് തേടി അലഞ്ഞപ്പോള്‍ പൊലീസും പട്ടാളവുമെല്ലാം സഹായിക്കാന്‍ എത്തിയെങ്കിലും ഭാഷക്ക് മുമ്പില്‍ ആയുധം വെച്ചു. എന്നാല്‍, ഇറ്റലിക്കാരെയും ഡച്ചുകാരെയും പോലെ ഇംഗ്ളീഷ് കേള്‍ക്കുമ്പോഴേക്ക് ഓടിമാറുന്നില്ല. അത് വലിയ ആശ്വാസം. താങ്കളെ സഹായിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലല്ളോ എന്ന പരിഭവമാണ് ആ മുഖങ്ങളില്‍ നിറയുന്നത്. ഇംഗ്ളീഷറിയുന്നവരെ അവര്‍തന്നെ ചുറ്റുപാടും തിരയും. എന്നിട്ടും ഫലമില്ളെങ്കില്‍ വിഷമത്തോടെ ചിരിക്കും. ആ ഭാവം കാണുമ്പോള്‍ പോട്ടെ, സാരമില്ല എന്ന മട്ടിലാകും നമ്മളും.

അക്കങ്ങള്‍പോലും അവര്‍ സ്വന്തം ഭാഷയിലേ പറയൂ. ബോര്‍ഡുകളും വഴിയടയാളങ്ങളും അറിയിപ്പുകളുമെല്ലാം പോര്‍ച്ചുഗീസില്‍ തന്നെ. നൂറ്റാണ്ടുകള്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ബ്രസീല്‍ അവരുടെ ഭാഷക്ക് മുമ്പിലാണ് ആദ്യം കീഴടങ്ങിയതെന്ന് തോന്നും. 1500ല്‍ പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍ വരുമ്പോള്‍ ഇവിടെയുണ്ടായിരുന്ന ആദിവാസികള്‍ പലതരം ഭാഷകളാണ് ഉപയോഗിച്ചിരുന്നത്.
ഇന്നിപ്പോള്‍ 99 ശതമാനം ആളകളും പോര്‍ച്ചുഗീസാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്‍െറ ഒൗദ്യോഗിക ഭാഷയും അതുതന്നെ. എന്നാല്‍, സ്വന്തമായി ചില വകഭേദങ്ങളെല്ലാം വരുത്തിയുള്ള പോര്‍ച്ചുഗീസാണ് ബ്രസീലുകാര്‍ സംസാരിക്കുന്നത്.

ലോകമേളയില്‍ പങ്കാളികളാകാന്‍ എത്തുന്ന വിദേശികളെ സഹായിക്കാന്‍ വളണ്ടിയര്‍ സംഘത്തില്‍ ഇംഗ്ളീഷ് അറിയാവുന്നവരെ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ബാഡ്ജിന് മുകളില്‍ ‘ഞാന്‍ ഇംഗ്ളീഷ് സംസാരിക്കും എന്നും എഴുതിയിട്ടുണ്ട്. കൂടുതലും അധ്യാപകരും ഇംഗ്ളീഷ് പഠിക്കുന്ന വിദ്യാര്‍ഥികളുമാണ്. ഏതായാലും ബ്രിട്ടീഷുകരോട് നമ്മള്‍ നന്ദിപറയണം. അവര്‍ ഇംഗ്ളീഷ് പ്രചരിപ്പിച്ചെങ്കിലൂം നമ്മുടെ സ്വന്തം ഭാഷകളെ തുടച്ചുമാറ്റിയില്ലല്ളോ.

 
 

ക്ലാര ടീച്ചര്‍ക്ക് എന്നും പതിനേഴ്

ക്ളാര വാകൂസിന് ഈ പ്രായത്തിലും ചുറുചുറുക്കിന് ഒരു കുറവുമില്ല. നാട്ടില്‍ നടാടെ വന്ന ലോകമേള വിജയിപ്പിക്കേണ്ടത് ഓരോ ബ്രസീലുകാരന്‍െറയും ഉത്തരവാദിത്തമാണ് എന്നാണ് ഈ മുന്‍ അധ്യാപികയുടെ പക്ഷം. അതുകൊണ്ടാണ് വയസ്സ് 70 കഴിഞ്ഞെങ്കിലും ഒളിമ്പിക് സേവനക്കൂട്ടത്തിന്‍െറ പാന്‍റ്സും ടീ ഷര്‍ട്ടുമെല്ലാം ധരിച്ച് അവര്‍ ഓടിനടക്കുന്നത്. വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ഒരു സംഘത്തിന്‍െറ നേതാവ് കൂടിയാണവര്‍. ചുളിഞ്ഞ മുഖം മിനുക്കാന്‍ അവര്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം നാടിനെപ്പോലത്തെന്നെ. കഴുത്തില്‍ തൂക്കിയ ബാഡ്ജിലെ ചിത്രത്തില്‍ അവര്‍ക്ക് ഇപ്പോഴും യുവത്വമാണ്. കഴിഞ്ഞദിവസം ബാഹ ഒളിമ്പിക് പാര്‍ക്കിലെ മുഖ്യ മാധ്യമ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ സബ്വേ സ്റേറഷനിലാണ് അവരെ കണ്ടത്. ഏതു ട്രെയിന്‍ കയറണം, എങ്ങോട്ടു ടിക്കറ്റെടുക്കണം എന്നെല്ലാം പലരോടും ചോദിച്ച് പോര്‍ച്ചുഗീസ് മറുപടി കേട്ട് വിഷമിച്ചിരിക്കുമ്പോഴാണ് ക്ളാര ടീച്ചറുടെ വരവ്. എന്‍െറ കൂടെ വരൂ എന്നു പറഞ്ഞ് അവര്‍ മുന്നില്‍ നടന്നു. ഭാഗ്യം. അവര്‍ നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നു. യാത്രയിലുടനീളം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. ബ്രസീലിന്‍െറ ഒളിമ്പിക് തയാറെടുപ്പും സൗന്ദര്യവുമെല്ലാം പറയാന്‍ ക്ളാര ടീച്ചര്‍ക്ക് ആയിരം നാവ്. മേളക്കായി പുതുതായി പണിത പുതിയ ഭൂഗര്‍ഭ പാതയുടെ മഹിമകള്‍ അവര്‍ വിവരിച്ചു. ഇന്ത്യക്കാരായ ഞങ്ങളോട് പ്രത്യേക വാല്‍സല്യമുള്ളപോലെ. തീവണ്ടി മാറിക്കയറുമ്പോഴും പുതുതായി പണിത ബസുകള്‍ക്ക് മാത്രമായ പാതയിലേക്ക് നടക്കുമ്പോഴും അവര്‍ കൈപിടിച്ച് നടത്തിച്ചില്ല എന്നേയുള്ളൂ. പക്ഷെ ടീച്ചര്‍ ചോദിച്ചത് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനത്തെക്കുറിച്ചും ബലാല്‍സംഗത്തെക്കുറിച്ചുമെല്ലാമാണ്. സ്ത്രീധന സമ്പ്രദായം ഇന്ത്യയില്‍ ഇപ്പോഴുമുണ്ടോ എന്ന് അന്വേഷണം. പാടേ ഇല്ലാതായിട്ടില്ല എന്ന് കേട്ടപ്പോള്‍ മുഖത്ത് ദു:ഖഭാവം. കുടെവന്ന് മീഡിയാ പാസും യാത്രാപാസും സംഘടിപ്പിച്ചുതന്ന ശേഷമാണ് അവര്‍ പറഞ്ഞയച്ചത്. ബ്രസീലിന്‍െറ സ്നേഹമനസ്സ് ബോധ്യപ്പെടാന്‍ ഇത്തരം അനുഭവങ്ങള്‍ ധാരാളം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.