ട്രിപ്ള്‍ ട്രിപ്ളുമായി ബോള്‍ട്ട് ഒളിമ്പിക്സ് ട്രാക്കിനോട് വിടപറഞ്ഞു

ട്രിപ്ള്‍ ട്രിപ്ളുമായി ബോള്‍ട്ട് ഒളിമ്പിക്സ് ട്രാക്കിനോട് വിടപറഞ്ഞു

ഇനി ഈ മനുഷ്യന് നേടാന്‍ ബാക്കിയായി ഒന്നുമില്ല. കയറാന്‍ ഒരു കൊടുമുടിയും അവശേഷിക്കുന്നില്ല. ഉസൈന്‍ ബോള്‍ട്ട് തന്നെ മഹാതാരം. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ ട്രിപ്ള്‍ സ്വര്‍ണമെന്ന സ്വപ്നസദൃശമായ നേട്ടം വെള്ളിയാഴ്ച രാത്രി റിയോയില്‍ പൂര്‍ത്തിയാക്കി ഉസൈന്‍ ബോള്‍ട്ട് ഏറ്റവും മഹാനായ കായികതാരമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 100 മീ, 200 മീ. ഇനങ്ങളില്‍ ഒന്നാമതത്തെിയ, ട്രാക്കിലെ അതിമാനുഷന്‍ സ്പ്രിന്‍റ് റിലേയിലും സ്വര്‍ണമണിഞ്ഞു. റിയോയിലെ ട്രിപ്ളിനൊപ്പം, മൂന്ന് ഒളിമ്പിക്സിലും ട്രിപ്ള്‍. ഞായറാഴ്ച 30ാം ജന്മദിനം ആഘോഷിക്കുന്ന ഇതിഹാസ പുരുഷന് പിറന്നാള്‍ സമ്മാനം. സ്പ്രിന്‍റ് ഇനങ്ങളില്‍ മാത്രമായി ഒമ്പതു സ്വര്‍ണവും മൂന്നു ലോകറെക്കോഡും സ്വന്തമാക്കി ഒളിമ്പിക്സ് ട്രാക്കിന്‍െറ പടിയിറങ്ങുകയാണ് ജമൈക്കന്‍ കൊടുങ്കാറ്റ്. 2017ലെ ലോക ചാമ്പ്യന്‍ഷിപ് കൂടി മത്സരിച്ചശേഷം വിരമിക്കുമെന്ന് ബോള്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇതോടെ ബോള്‍ട്ട് കാള്‍ ലൂയിസിന്‍െറയും പാവോ നൂര്‍മിയുടെയും ഒമ്പതു സ്വര്‍ണമെന്ന നേട്ടത്തിനൊപ്പമത്തെി. 1984 മുതല്‍ 1996 വരെ നാല് ഒളിമ്പിക്സിലായി നാലു ലോങ്ജംപ് സ്വര്‍ണം കൂടി ചേര്‍ത്താണ് കാള്‍ ലൂയിസിന്‍െറ നേട്ടം. 1920-1928 കാലഘട്ടത്തില്‍ ദീര്‍ഘദൂര ഓട്ടത്തിലായിരുന്നു ഫിന്‍ലന്‍ഡ് താരം നൂര്‍മിയുടെ സ്വര്‍ണവേട്ട.

ഒളിമ്പിക്സിലെ തന്‍െറ അവസാന മത്സരമായ 4x100 മീ. റിലേയില്‍ ജമൈക്കന്‍ ടീമിനെ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പിച്ച് ബോള്‍ട്ട് ജോ ഹാവലാഞ്ച് ഒളിമ്പിക് സ്റ്റേഡിയത്തെ ഒന്നുകൂടി വിസ്മയിപ്പിച്ചു. അസഫ പവല്‍, യൊഹാന്‍ ബ്ളെയ്ക്, നിക്കല്‍ ആഷ്മെയ്ഡ് എന്നിവരുമായി ചേര്‍ന്നാണ് ബോള്‍ട്ട്  37.27 സെക്കന്‍ഡില്‍ തന്‍െറ ഒമ്പതാം ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്. നാലാമനായി ആഷ്മെയ്ഡില്‍നിന്ന് ബാറ്റണ്‍ വാങ്ങുമ്പോള്‍ ജമൈക്കക്ക് ഒപ്പം മറ്റു സംഘങ്ങളുമുണ്ടായിരുന്നു. പിന്നീട് ബോള്‍ട്ടിന്‍െറ മറ്റൊരു സ്പ്രിന്‍റ് കുതിപ്പാണ് കണ്ടത്. ബോള്‍ട്ട് അവസാന വര കടക്കുമ്പോള്‍ എതിരാളികള്‍ ഏറെ പിന്നില്‍. ജപ്പാന്‍ സംഘത്തിനാണ് വെള്ളി. സമയം: 37.60. അമേരിക്കന്‍ ടീം മൂന്നാമതത്തെിയെങ്കിലും അനുവദിച്ച പരിധിക്ക് പുറത്തുനിന്ന് ബാറ്റണ്‍ കൈമാറിയതിന് അയോഗ്യരാക്കപ്പെട്ടു. അതോടെ കാനഡ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അമേരിക്ക അപ്പീല്‍ നല്‍കിയെങ്കിലും തീരുമാനമായില്ല. ജസ്റ്റിന്‍ ഗാറ്റ്ലിനും ടൈസണ്‍ ഗേയും അടങ്ങിയ ടീമാണ് അയോഗ്യരാക്കപ്പെട്ടത്.

നാലാം ലൈനില്‍ അസഫ പവലാണ് ജമൈക്കന്‍ ഓട്ടത്തിന് തുടക്കമിട്ടത്. പിന്നീട് യൊഹാന്‍ ബ്ളെയ്ക് ബാറ്റണ്‍ ഏറ്റുവാങ്ങി. രണ്ടു പേരും ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ജമൈക്ക പിന്നിലായിരുന്നു. മൂന്നാമത് ഓടിയ ആഷ്മെയ്ഡ് ടീമിനെ മറ്റുള്ളവര്‍ക്കൊപ്പമത്തെിച്ച ശേഷമാണ് ആങ്കറായ ഉസൈന്‍ ബോള്‍ട്ടിന് ബാറ്റണ്‍ കൈമാറിയത്. ആ കുതിപ്പില്‍ പതിവുപോലെ മറ്റെല്ലാവരും ബഹുദൂരം പിന്നിലായി.ചരിത്ര നേട്ടത്തിനുശേഷം ബോള്‍ട്ടും സംഘവും ട്രാക്കില്‍ ആനന്ദനൃത്തം ചവിട്ടി. ആ ആഹ്ളാദത്തില്‍ ഗാലറിയിലെ പതിനായിരങ്ങളും പങ്കാളികളായി. പ്രതീക്ഷിച്ചതും പ്രഖ്യാപിച്ചതുമെല്ലാം നടപ്പായതിന്‍െറ ആഹ്ളാദം ഉസൈന്‍ ബോള്‍ട്ടിന്‍െറ മുഖത്തും ശരീരഭാഷയിലുമുണ്ടായിരുന്നു. ബോള്‍ട്ടിനെ അവസാനമായി ഒളിമ്പിക് ട്രാക്കില്‍ കാണാനത്തെിയ ഗാലറിയെ ജമൈക്കന്‍ സംഘം നിരാശപ്പെടുത്തിയില്ല.റിയോ ഒളിമ്പിക്സ് തുടങ്ങുന്നതിന് എത്രയോ മുമ്പു തന്നെ ലോകം ചര്‍ച്ചചെയ്തത് ഉസൈന്‍ ബോള്‍ട്ടിന്‍െറ ട്രിപ്ള്‍ ട്രിപ്ളിനെക്കുറിച്ചായിരുന്നു. അത് നേടുകതന്നെ ചെയ്യുമെന്ന് ബോള്‍ട്ട് ഉറപ്പും നല്‍കി. അത് പുലര്‍ന്നു. ഇനി മറ്റൊരു ഉസൈന്‍ ബോള്‍ട്ടുണ്ടാകാന്‍ എത്ര കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യത്തിന് കാലമാണ് ഉത്തരം നല്‍കേണ്ടത്.
 



 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT