‘ഐ ആം ദ ഗ്രേറ്റസ്റ്റ്’

‘ലോകം കണ്ട എക്കാലത്തെയും മഹാനായ കായികതാരമാകാന്‍ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. സ്പോര്‍ട്സിനെ ഞാന്‍ ആവേശകരമാക്കി, കൂടുതല്‍ കാണികളെ ആകര്‍ഷിച്ചു. കായികമത്സരങ്ങളെ മറ്റൊരു തലത്തിലേക്കുയര്‍ത്തി. മുഹമ്മദലിയോടും പെലെയോടുമൊപ്പം ഒരു സ്ഥാനത്തിനാണ് ഞാന്‍ ശ്രമിക്കുന്നത്’ -ദിവസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സിലും അതിവേഗ ഓട്ടക്കാരനായി അടയാളപ്പെടുത്തിയ ശേഷം ഉസൈന്‍ ബോള്‍ട്ട് ചോദിച്ചതിങ്ങനെയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതാം സ്വര്‍ണം സ്വന്തമാക്കിയ ശേഷം ബോള്‍ട്ട് പ്രഖ്യാപിച്ചു: ‘ഐ ആം ദ ഗ്രേറ്റസ്റ്റ്’. ഈ അവകാശവാദങ്ങളെല്ലാം സന്തോഷത്തോടെ തലകുലുക്കി സമ്മതിക്കുകയാണ് ലോകം. കാരണം അദ്ദേഹത്തിന് പകരക്കാരനില്ല. എതിരാളികള്‍ പോലും ആദരവോടെ മാറിനില്‍ക്കുന്ന അസാമാന്യ പ്രതിഭ. ഏതു പൂരപ്പറമ്പിലും തലയുയര്‍ത്തി നില്‍ക്കുന്ന ഗജരാജന്‍.മനുഷ്യവേഗത്തിന്‍െറ ഇതുവരെയുള്ള അവസാനവാക്കാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. 2008ല്‍ ബെയ്ജിങ്ങിലെ ‘കിളിക്കൂട്ടി’ല്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയത് മുതല്‍ ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന അത്ലറ്റ്. സ്പ്രിന്‍റ് ഇനങ്ങളില്‍ മാത്രമായി ഒമ്പത് ഒളിമ്പിക് സ്വര്‍ണം നേടിയ ഏകതാരം. സെക്കന്‍ഡുകളെ കീറിമുറിക്കുന്ന ഈ മിന്നല്‍പ്പിണര്‍ മൂന്ന് ഒളിമ്പിക്സുകളിലുമായി രണ്ടു മിനിറ്റ് ഫൈനല്‍ പോലും ഓടിയിട്ടില്ല!

ജമൈക്കയിലെ ട്രെലാവ്നി എന്ന കൊച്ചുപട്ടണത്തിലെ ഗ്രോസറിക്കച്ചവടക്കാരന്‍െറ മൂന്നു മക്കളില്‍ ഒരാളാണ് ഇന്ന് ലോകം വാഴുന്നത്. ആ ജീവിതം തന്നെ പോരാട്ടത്തിന്‍െറ ട്രാക്കായിരുന്നു. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയതാണ് ഈ നെട്ടോട്ടം. ആരുടെയും സഹായമോ സാമഗ്രികളോ ആവശ്യമില്ലാത്ത കായികവിദ്യയാണല്ളോ ഓട്ടം. നീളന്‍ കാലുകളായിരുന്നു കൊച്ചിലേ ബോള്‍ട്ടിന്‍െറ കരുത്ത്. 100 മീറ്ററില്‍ എന്നും സ്കൂളിലെ ചാമ്പ്യന്‍. പിന്നീട് ഹൈസ്കൂളിലേക്ക് മാറിയപ്പോള്‍ കമ്പം ക്രിക്കറ്റിലായി. ആഗ്രഹം ഫാസ്റ്റ് ബൗളറാകാനും. സചിന്‍ ടെണ്ടുല്‍കറും വഖാര്‍ യൂനുസും ക്രിസ് ഗെയിലുമെല്ലാമായിരുന്നു ആരാധനാ പാത്രങ്ങള്‍. പക്ഷേ, നീ ഓടിയാല്‍ മതിയെന്ന് കായികാധ്യാപകന്‍ പറഞ്ഞപ്പോള്‍ അതുതന്നെയാണ് ശരിയെന്ന് ബോള്‍ട്ടിനും തോന്നി. പുതിയ ചരിത്രം തുടങ്ങുകയായിരുന്നു. ആര്‍ക്കും തടയാനാകാത്ത പ്രതിഭയായി വളരെ പെട്ടെന്ന് ബോള്‍ട്ട് വളര്‍ന്നു. ജമൈക്കയിലെ കായികവളക്കൂറുള്ള മണ്ണ് അതിന് ഊര്‍ജം പകര്‍ന്നു. ലോകതലത്തില്‍ രംഗപ്രവേശം ചെയ്യുന്നത് 2001ലെ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 200 മീറ്ററില്‍ യോഗ്യത നേടാനായില്ല.
 

2002ല്‍ നാട്ടില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടുമ്പോള്‍ 15 വയസ്സ്. ലോക ജൂനിയര്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റായി. നാട്ടുകാരുടെ മുന്നിലിറങ്ങുന്നതിന്‍െറ മാനസിക സമ്മര്‍ദം കാരണം ഷൂ കാലുമാറി ധരിച്ച ബാലന്‍ ആ മെഡല്‍ നേട്ടത്തിന് ശേഷം ഒരു പ്രതിജ്ഞയെടുത്തു. ഇനി മത്സരത്തിനുമുമ്പ് സമ്മര്‍ദത്തിന് വഴങ്ങില്ല. പിന്നീട് പിരിമുറുക്കമില്ലാത്ത, എതിരാളികളെ ചകിതരാക്കുന്ന ശരീരഭാഷയുമായി ഈ ആറര അടിക്കാരന്‍ ലോക ട്രാക്ക് വാണു.
കൂറ്റന്‍ സ്റ്റേഡിയങ്ങളിലും ടെലിവിഷനുകളിലും ജനകോടികള്‍ ഈ മനുഷ്യനെ മാത്രം തുറിച്ചുനോക്കി. അതിരാവിലെ നടക്കുന്ന ഹീറ്റ്സ് മത്സരങ്ങള്‍ക്കുപോലും ഉസൈന്‍ ബോള്‍ട്ടുണ്ടെങ്കില്‍ ഗാലറി നിറഞ്ഞൊഴുകുന്ന പ്രതിഭാസം തുടങ്ങി. ആംഗ്യങ്ങളും ഗോഷ്ഠികളുമായി ബോള്‍ട്ട് അവരെ ആനന്ദിപ്പിച്ചു. അമ്പുതൊടുക്കുന്ന വിജയമുദ്ര ജനലക്ഷങ്ങളെ ആ ഓട്ടം പോലെ കോരിത്തരിപ്പിച്ചു. ഫോട്ടോ ഫിനിഷിന്‍െറ ആവശ്യമില്ലാത്ത മത്സരങ്ങള്‍. അവസാന വരക്കുമുമ്പ് എതിരാളികളെ ഒളിഞ്ഞുനോക്കി ചിരിക്കുന്ന, വേഗം കുറച്ച് അലസനാകുന്ന, അനായാസ ഓട്ടക്കാരന്‍.

2004ല്‍ കോച്ച് ഫിറ്റ്സ് കോള്‍മാന്‍െറ ശിക്ഷണത്തില്‍ പ്രഫഷനല്‍ അത്ലറ്റായതോടെ ദൂരങ്ങളെ വേഗത്തില്‍ പിന്നിലാക്കുന്നത് സ്ഥിരമായി. ഒളിമ്പിക്സ് അരങ്ങേറ്റമായ 2004 ആതന്‍സില്‍ 200 മീറ്ററില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായായി. പരിക്കാണ് 17കാരന് വിനയായത്. ഇതിനിടെ, ഒരു അമേരിക്കന്‍ കോളജ് അത്ലറ്റിക് സ്കോളര്‍ഷിപ് വാഗ്ദാനം ചെയ്തെങ്കിലൂം ജമൈക്കയില്‍ തന്നെ തുടരാനായിരുന്നു തീരുമാനം. 2005ല്‍ ഗ്ളെന്‍ മില്‍സ് പുതിയ കോച്ചായി എത്തിയതോടെ കുതിപ്പിന് ശരീരവും മനസ്സും ഒന്നിച്ചുനിന്നു.2008ല്‍ ഒളിമ്പിക്സിന് മുമ്പുതന്നെ ലോകത്തെ ഏറ്റവും വേഗം കൂടിയ താരമായി ഉസൈന്‍ ബോള്‍ട്ട് മാറിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്രാന്‍ഡ്പ്രീയില്‍ 9.72 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. 200 മീറ്ററില്‍ ആ വര്‍ഷത്തെ മികച്ച സമയം (19.67 സെക്കന്‍ഡ്) ബോള്‍ട്ടിന്‍െറ പേരിലായിരുന്നു.
 

ഉസൈന്‍ ബോള്‍ട്ടെന്ന മഹാ അത്ലറ്റിനെ ലോകത്തിനു മുന്നിലേക്ക് തുറന്നുവിട്ടാണ് ബെയ്ജിങ് ഒളിമ്പിക്സിന് ദീപമണഞ്ഞത്. 100 മീറ്ററില്‍ 9.69 സെക്കന്‍ഡിലും 200 മീറ്ററില്‍ 19.30 സെക്കന്‍ഡിലും പുതിയ ലോകസമയം ബോള്‍ട്ടിന്‍െറ സ്വര്‍ണ സ്പൈക്കിലമര്‍ന്നു. ഇതിനു പിന്നാലെ നടന്ന ബര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് വീണ്ടും കൊടുങ്കാറ്റായി. 9.58 സെക്കന്‍ഡില്‍ 100ഉം 19.19 സെക്കന്‍ഡില്‍ 200ഉം മീറ്റര്‍ പറന്നത്തെി പുതിയ ലോകറെക്കോഡിട്ട ബോള്‍ട്ട് ഇന്നും ആ സമയത്തിന്‍െറ കാവല്‍ക്കാരനായി തുടരുന്നു.
ഈ നേട്ടത്തിനുശേഷം ലോകതലത്തില്‍ ബോള്‍ട്ടിന് നഷ്ടമായ ഏക മത്സരം 2011ല്‍ കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു. തുടക്കം പിഴച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. അതിനു പകരം ചോദിക്കാനെന്നവണ്ണമാണ് ബോള്‍ട്ട് ലണ്ടന്‍ ഒളിമ്പിക്സിനത്തെിയത്. പ്രവചനങ്ങള്‍ തെറ്റിയില്ല. ബെയ്ജിങ്ങിലെ മൂന്നു സ്വര്‍ണം ബോള്‍ട്ട് ആര്‍ക്കും വിട്ടുകൊടുത്തില്ല. പിന്നീട് 2013ല്‍ മോസ്കോയിലും 2015ല്‍ ബെയ്ജിങ്ങിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഇതേ ട്രിപ്ള്‍ വിജയം ഉസൈന്‍ ബോള്‍ട്ട് ആവര്‍ത്തിച്ചു. ഇപ്പോഴിതാ റിയോയും ആ കാലടിയില്‍ക്കിടന്ന് പുളകം കൊള്ളുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT