ബംഗളുരു: ഇന്ത്യൻ ഒളിമ്പിക് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി മലയാളി താരം ഒ.പി.ജയ്ഷ. വനിതകളുടെ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തി. .42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ പങ്കെടുത്ത ജെയ്ഷ തളർന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനർജി ജെല്ലുകൾ എന്നിവ മാരത്തൺ താരങ്ങൾക്ക് അതാത് രാജ്യങ്ങൾ നൽകാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴും താരങ്ങൾക്ക് ഇവ നൽകും. എന്നാൽ, മാരത്തൺ ഒാടുന്ന നിരത്തുകളിലുള്ള ഇന്ത്യൻ െഡസ്കുകൾ കാലിയായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരുപരിധിവരെ സഹായകരമായത് ഒളിംപിക് കമ്മിറ്റി തയാറാക്കിയ ഡെസ്ക്കുകളാണ്.എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ അവ ലഭ്യമാകുകയുള്ളൂ.
30 കിലോമീറ്റർ പിന്നിട്ടതോടെ ഇനി ഓടാനാവാത്ത അവസ്ഥയിലായിരുന്നുവെന്നും ജയ്ഷ വെളിപ്പെടുത്തി. 'അത്രയും ചൂടിൽ അത്രയും ദൂരം ഓടുമ്പോൾ നിങ്ങൾക്ക് വളരെയധികം വെള്ളം ആവശ്യമാണ്. മറ്റു അത്ലറ്റുകൾക്ക് വഴിയിൽ ഭക്ഷണം ലഭിച്ചിരുന്നു. തനിക്ക് ഒന്നും ലഭിച്ചില്ല. ഒറ്റ ഇന്ത്യൻ പതാക കാണാൻ പോലും തനിക്ക് കഴിഞ്ഞില്ല- ജെയ്ഷ വ്യക്തമാക്കി. യഥാർഥത്തിൽ മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിച്ചില്ല എന്നും ജെയ്ഷ വെളിപ്പെടുത്തി. താൻ 1500 മീറ്റർ ഒാട്ടത്തെയാണ് ഇഷ്ടപ്പെടുന്നത്. മാരത്തൺ തനിക്ക് ഇഷ്ടമല്ല. ആളുകൾ പണത്തിനായി മാരത്തോൺ ഒാടുന്നു. തനിക്ക് പണത്തോട് താത്പര്യമില്ലെന്നും മലയാളി താരം പറഞ്ഞു.
ഒടുവിൽ 42 കിലോമീറ്റർ ദൂരം ഓടിത്തീർത്ത ജയ്ഷ ഫിനിഷിങ് ലൈനിൽ തളർന്നുവീണിരുന്നു. ഈ സമയത്ത് ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നു. പുരുഷവിഭാഗം മാരത്തണിൽ പങ്കെടുക്കാനെത്തിയ മലയാളി താരം ടി.ഗോപിയും പരിശീലകൻ രാധാകൃഷ്ണൻ നായരും മാത്രമാണ് ഒടുവിൽ ജയ്ഷക്ക് തുണയായത്. പിന്നീട് ഒളിമ്പിക്സ് മെഡിക്കൽ സംഘമാണ് ജയ്ഷയെ ആശുപത്രിയിലാക്കി. ആശുപത്രിയിൽ ഏഴോളം ഗ്ലൂക്കോസ് ബോട്ടിൽ ജെയ്ഷയുടെ ശരീരത്തിൽ കയറ്റേണ്ടി വന്നു. ബംഗളൂരുവിൽ മടങ്ങിയെത്തിയ ജെയ്ഷയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചിരുന്നു.
ബെയ്ജിങ്ങിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തൺ ഓടിയ ജെയ്ഷ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് റിയോയിലെ ഒാട്ടം പൂർത്തിയാക്കിയത്. ആകെ 157 പേർ പങ്കെടുത്ത മാരത്തണിൽ 89ാം സ്ഥാനത്താണ് ജെയ്ഷ ഫിനിഷ് ചെയ്തത്. റിയോയിൽ ജെയ്ഷയുടെ റൂംമേറ്റ് ആയിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.