കോച്ചിന്‍െറ വാക്ക് പൊന്നാക്കി തായ് റെക്കോഡിട്ടു

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ സബ്ജൂനിയര്‍ പെണ്‍ 400 മീറ്ററില്‍ തായ് ബമാനെ സ്വര്‍ണമണിഞ്ഞ വിശേഷം പങ്കുവെക്കാന്‍ നാസിക്കിലുള്ള പരിശീലകന്‍ വിജേന്ദര്‍ സിങ്ങിനെ ഫോണില്‍ വിളിച്ചപ്പോള്‍ തിങ്കളാഴ്ച 600ല്‍ അവള്‍ റെക്കോഡ് കുറിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ഉറപ്പ്. ഇന്നലെ ഓട്ടം അവസാനിച്ചപ്പോള്‍ മഹാരാഷ്ട്രയുടെ കുഞ്ഞുതാരം കോച്ചിന്‍െറ വാക്കുകള്‍ അക്ഷരംപ്രതി ശരിവെച്ചു. കേരളത്തിന്‍െറ സി. ചാന്ദിനിയുടെ വെല്ലുവിളിയെ ബഹുദൂരം പിന്നിലാക്കി തായ് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തപ്പോള്‍ തകര്‍ന്നത് (1മി.34.11 സെ) തന്‍െറ സീനിയറായ അഞ്ജന താംകെ 2011ല്‍ കുറിച്ച റെക്കോഡ് (1മി.35.67 സെ).
ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി കവിത റാവത്തിന്‍െറ നാട്ടുകാരിയായ തായ് ഒന്നരവര്‍ഷം മുമ്പ് മാത്രമാണ് നാസിക്കിലെ ബോണ്‍സാല മിലിട്ടറി സ്കൂളിലത്തെിയത്. മധ്യദൂരത്തിലാണ് ഈ കുഞ്ഞുഓട്ടക്കാരിയുടെ മെഡല്‍നേട്ടങ്ങളെങ്കിലും ദീര്‍ഘദൂരത്തിലെ ഇന്ത്യയുടെ ഭാവിതാരമായാണ് മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ വിജേന്ദറിന്‍െറ വിശേഷണം.
ലക്ഷ്യം ഒളിമ്പിക്സെന്ന് ഒരിക്കല്‍കൂടി ഒരു ഓര്‍മപ്പെടുത്തലും. ആദ്യ സ്കൂള്‍ മീറ്റില്‍ ഇരട്ട സ്വര്‍ണവുമായി മടങ്ങുന്ന സന്തോഷത്തിലാണ് തായ്. പാലക്കാട് കല്ലടി സ്കൂളിലെ ചാന്ദിനി സി (1:38.27) വെള്ളി നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.