ശ്രീക്ക് വേണം ഒരു കൊച്ചുവീട്

കോഴിക്കോട്: സംസ്ഥാന കായികമേളയില്‍ വ്യക്തിഗത ചാമ്പ്യനായി പുത്തന്‍ താരോദയമായി ഉയര്‍ന്ന എം.കെ. ശ്രീനാഥിന്‍െറ പിന്നാമ്പുറം അന്നാരും അറിഞ്ഞിരുന്നില്ല. എന്നാല്‍, ദേശീയ സ്കൂള്‍ കായികമേളയില്‍ ലോങ്ജംപില്‍ 6.75 മീറ്റര്‍ ദൂരത്തില്‍  ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണത്തിലേക്ക്  ചാടിയ ശ്രീനാഥിന് മെഡല്‍ സൂക്ഷിക്കാന്‍  സ്വന്തമായൊരു വീടില്ളെന്ന് തിങ്കളാഴ്ചയാണ് എല്ലാവരും അറിയുന്നത്. സംസ്ഥാന, ദേശീയ മീറ്റുകളില്‍നിന്ന് മൂന്ന് സ്വര്‍ണമടക്കം അഞ്ചു മെഡലുകള്‍ വാടകവീട്ടില്‍ സൂക്ഷിക്കാനേ ശ്രീനാഥിനാകൂ.
ശ്രീനാഥിന്‍െറ അച്ഛന്‍ ചങ്ങനാശ്ശേരി തെങ്ങണ കലായിപറമ്പില്‍ കെ.കെ. മനോജിന് ആശാരിപ്പണിയാണ്. മിമിക്രി കലാകാരന്‍കൂടിയായ അദ്ദേഹം മിമിക്സ് ട്രൂപ്പുകളോടൊപ്പം ഷോ അവതരിപ്പിച്ചാണ് വീടിന്‍െറ വാടക നല്‍കുന്നതും ശ്രീനാഥിന്‍െറ ട്രാക്കിലെ പരിശീലനത്തിനുള്ള ചെലവ് കണ്ടത്തെുന്നതും.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയിലാണ് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ശ്രീനാഥെന്ന പുത്തന്‍ താരത്തിന്‍െറ പിറവി. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ അനിയന്‍ എം.കെ. ശ്രീകാന്ത് കുറമ്പനാട് സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍നിന്ന് ചേട്ടന് എതിരാളിയായി ലോങ്ജംപില്‍ സംസ്ഥാന മീറ്റില്‍ മത്സരിച്ചിരുന്നു.
ദേശീയ മീറ്റില്‍  തിങ്കളാഴ്ച ശ്രീനാഥ് ഉള്‍പ്പെട്ട  4x100 റിലേയില്‍ വെങ്കല മെഡലും നേടി. 400 മീറ്ററില്‍ മത്സരിച്ചെങ്കിലും നാലാമതായി ഫിനിഷ് ചെയ്യാനേ ശ്രീനാഥിനായുള്ളൂ.
അനിയനും ചേട്ടനും ട്രാക്കിലും ജംപിങ്പിറ്റിലുമായി മുന്നേറുമ്പോഴും അച്ഛന്‍ മനോജും അമ്മ ശ്രീലേഖയും  മക്കള്‍ക്കായി സ്വന്തമായൊരു വീടൊരുക്കാന്‍ കഴിയാത്തതിന്‍െറ സങ്കടത്തിലാണ്. ജൂനിയര്‍ ലോങ്ജംപില്‍ മഹാരാഷ്ട്രയുടെ അനൂപ്കുമാര്‍ സരോജ്  (6.73) വെള്ളിയും തമിഴ്നാടിന്‍െറ ജെ. ഭൂപേശ്വര്‍ (6.66) വെങ്കലവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT