മധുരയില്‍നിന്നൊരു ലിയു സിയാങ് വരുന്നേ


കോഴിക്കോട്: ചൈനയുടെ ഒളിമ്പിക്സ്-ലോക ചാമ്പ്യന്‍ ലിയു സിയാങ്ങിനെപ്പോലെ ഹര്‍ഡ്ലുകള്‍ക്കുമീതെ ഞാനുമൊരിക്കല്‍ പറക്കും. മധുരയില്‍നിന്ന് 100 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലെ ചെറുപാടങ്ങളില്‍ പച്ചക്കറി വിളകള്‍ക്കു നടുവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛന്‍ തമിളരശന്‍െറയും അമ്മയുടെയും പ്രാര്‍ഥന എനിക്കൊപ്പമുണ്ട് -സീനിയര്‍ ആണ്‍കുട്ടികളുടെ 110, 400 മീറ്റര്‍ ഹര്‍ഡ്ല്‍സുകളില്‍ മിന്നല്‍വേഗത്തില്‍ സ്വര്‍ണമണിഞ്ഞ സന്തോഷ്കുമാറിന്‍െറ മോഹങ്ങള്‍ വെറുതെയങ്ങു തള്ളിക്കളയണ്ട. തിരുച്ചിറപ്പള്ളിയിലെ തമിഴ്നാട് സര്‍ക്കാര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ആറു വര്‍ഷമായി ഊണും ഉറക്കവുമൊഴിച്ച് പണിയെടുക്കുന്ന സന്തോഷിന്‍െറ ട്രാക് റെക്കോഡുകള്‍ അവന്‍െറ മോഹങ്ങളില്‍ കാര്യമുണ്ടെന്ന് ശരിവെക്കുന്നു. ദേശീയ യൂത്ത് റെക്കോഡിനുടമ കൂടിയായ ഈ പ്ളസ് ടു വിദ്യാര്‍ഥി കൊളംബിയയില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡ്ലുകള്‍ക്കു മുകളില്‍ പാറിപ്പറന്ന് മിടുക്ക് തെളിയിച്ചാണ് ഇക്കുറി ദേശീയ സ്കൂള്‍ കായികമേളക്കത്തെിയത്.
110 മീറ്ററില്‍ 13.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഏതാനും മാസം മുമ്പ് യൂത്ത് റെക്കോഡിനുടമയായത്. സ്കൂള്‍ മേളയില്‍ ചൊവ്വാഴ്ച 14.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞ സന്തോഷ് തിങ്കളാഴ്ച നടന്ന 400 മീറ്ററില്‍ റെക്കോഡിനോടടുത്ത പ്രകടനവുമായാണ് (53.65 സെ) ഒന്നാമതത്തെിയത്. സ്പ്രിന്‍റും ലാപ്പ് റിലേയും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച മധുരക്കാരന്‍ പക്ഷേ, തന്‍െറ ഇഷ്ടഇനമായി തെരഞ്ഞെടുക്കുന്നത് 400 മീറ്റര്‍ തന്നെ. സീനിയര്‍ ഓപണിലേക്ക് മാറും മുമ്പേ നിലവിലെ ദേശീയ റെക്കോഡായ 13.66 മീറ്റര്‍ ഭേദിക്കുമെന്നും സന്തോഷ് വാക്കുനല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT