റെക്കോഡുകളുടെ വഴിയേ തേജസ്വിന്‍


കോഴിക്കോട്: ദേശീയ മീറ്റില്‍ ഓരോ വിഭാഗത്തില്‍ മത്സരിക്കുമ്പോഴും റെക്കോഡ് കുറിക്കുകയെന്ന പതിവ് ഇത്തവണയും ഡല്‍ഹിക്കാരന്‍ തേജസ്വിന്‍ ശങ്കര്‍ തെറ്റിച്ചില്ല. സീനിയര്‍ വിഭാഗം ഹൈജമ്പില്‍ 2.15 മീറ്റര്‍ ചാടി പുതിയ ദേശീയ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ തേജസ്വിന്‍ ശങ്കര്‍ കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തിലും ദേശീയ റെക്കോഡ് നേടിയിരുന്നു. തേജസ്വിന്‍െറ ജൂനിയര്‍ വിഭാഗത്തിലെ 2.07 മീറ്ററിന്‍െറ റെക്കോഡാണ് കേരളത്തിന്‍െറ കെ.എസ്. അനന്തു 2.08 മീറ്റര്‍ ചാടി കഴിഞ്ഞ ദിവസം മറികടന്നത്. ജൂനിയര്‍ മീറ്റില്‍ തന്‍െറ പേരിലുള്ള റെക്കോഡ് നഷ്ടമായെങ്കിലും ഇപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ 2011ല്‍ കര്‍ണാടകയുടെ എസ്. ഹര്‍ഷിത് കുറിച്ച 2.10 മീറ്ററിന്‍െറ റെക്കോഡ് മറികടക്കാനായതിന്‍െറ സന്തോഷത്തിലാണ് തേജസ്വിന്‍. ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ തേജസ്വിന്‍ ഇത്തവണത്തെ സാഫ് ഗെയിംസിലേക്കും യോഗ്യത നേടിയ ഇന്ത്യയുടെ താരമാണ്.
ഡല്‍ഹി ലോധി എസ്റ്റേറ്റില്‍ അഡ്വ. ഹരിശങ്കറിന്‍െറയും അഡ്വ. ലക്ഷ്മി ശങ്കറിന്‍െറയും  മകനാണ് തേജസ്വിന്‍. അച്ഛന്‍ 2014ല്‍ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടു. അച്ഛന്‍െറ ഓര്‍മകളില്‍ ഹൈജമ്പ് പിറ്റില്‍ റെക്കോഡുകളിലേക്ക് ചാടിക്കയറാന്‍  തേജസ്വിനെ പരിശീലിപ്പിക്കുന്നത് സുനില്‍ കുമാറെന്ന സര്‍ദാര്‍ പട്ടേല്‍ സ്കൂളിലെ കായികാധ്യാപകനാണ്. എട്ടാം ക്ളാസില്‍ പഠിക്കുന്ന സഹോദരി അവന്തിക ഡല്‍ഹി സ്കൂള്‍ മീറ്റില്‍ 400 മീറ്ററില്‍ മത്സരിച്ചിരുന്നു.
ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലം, സമോവയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് മീറ്റില്‍ റെക്കോഡോടെ സ്വര്‍ണം എന്നിങ്ങനെ ഹൈജമ്പില്‍ ഒട്ടേറെ അന്തര്‍ദേശീയ മെഡലുകള്‍ ഇതിനകം നേടിയ തേജസ്വിന്‍െറ ഇനിയുള്ള ലക്ഷ്യം ഇന്ത്യക്കായി ഒരു ഒളിമ്പിക്സ് മെഡലാണ്.  
ഡല്‍ഹിയുടെതന്നെ നിഷാന്ത് യാദവിനാണ് (2.02) ഈയിനത്തില്‍ വെള്ളി.  കേരളത്തിന്‍െറ തിരുവനന്തപുരം സായിയിലെ എം.വി.എച്ച്്.എസ്.എസ് തുണ്ടത്തില്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ടി. ആരോമല്‍ 2.00 മീറ്റര്‍ ചാടി വെങ്കലവും നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT