ഡബ്ള്‍ തിളക്കത്തില്‍ രുഗ്മ

കോഴിക്കോട്: അസൗകര്യങ്ങള്‍ക്കിടയില്‍നിന്നും സംസ്ഥാന, ദേശീയ മീറ്റുകളില്‍ പങ്കെടുത്ത് മെഡല്‍ കൊയ്ത കേരള താരം രുഗ്മ ഉദയന്‍ ഇത്തവണ ഇരട്ട സ്വര്‍ണത്തോടെയാണ് വിടവാങ്ങല്‍ മീറ്റ് അവിസ്മരണീയമാക്കിയത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയ പാലക്കാട് ചിറ്റൂര്‍ ഗവ. വിക്ടോറിയ എച്ച്.എസ്.എസിലെ യു. രുഗ്മ ഉദയന്‍ മീറ്റിന്‍െറ അവസാന ദിനം ട്രിപ്ള്‍ ജംപിലും 12.42 മീറ്റര്‍ ചാടി സ്വര്‍ണമണിഞ്ഞു. സംസ്ഥാന മീറ്റില്‍ ലോങ്ജംപിലും ട്രിപ്ള്‍ ജംപിലും വെള്ളി മെഡല്‍ നേടിയ രുഗ്മ ദേശീയ മീറ്റില്‍ അവ രണ്ടും പൊന്നാക്കിയശേഷമാണ് സ്കൂള്‍ മീറ്റിനോട് ഗുഡ്ബൈ പറയുന്നത്.  സംസ്ഥാന മീറ്റില്‍ ട്രിപ്ളില്‍ രുഗ്മയെ പിന്നിലാക്കി സ്വര്‍ണമണിഞ്ഞ തിരുവനന്തപുരം സായിയിലെ ആല്‍ഫി ലൂക്കോസിന് ഇവിടെ വെള്ളിമെഡലേ നേടാനായുള്ളൂ. 12.30 മീറ്റര്‍ ചാടിയാണ് ആല്‍ഫി ലൂക്കോസ് വെള്ളി നേടിയത്. പരിശീലനത്തിന് മികച്ച സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത സ്കൂളില്‍ നിന്നുമത്തെിയ രുഗ്മ  2014ല്‍ ദേശീയ സ്കൂള്‍ മീറ്റില്‍ ലോങ്ജംപിലും ട്രിപ്ള്‍ജംപിലും സ്വര്‍ണം നേടിയിരുന്നു.  

ജൂനിയര്‍ വിഭാഗത്തില്‍ അന്ന് ഇരട്ടസ്വര്‍ണം നേടിയ രുഗ്മ ഇത്തവണ സീനിയര്‍ വിഭാഗത്തിലും ഇരട്ടസ്വര്‍ണം നേടിയാണ് ശ്രദ്ധേയയായത്.  മികച്ച പിറ്റോ ട്രാക്കോ ഇല്ലാത്ത സ്കൂളില്‍നിന്നും മറ്റൊരു സ്കൂളില്‍ പോയി വര്‍ഷങ്ങളായി ജംപ് ഇനങ്ങളില്‍ പരിശീലിക്കുന്ന രുഗ്മ കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണ് ഈ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കിയത്. പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥിയായ രുഗ്മ യൂത്ത് നാഷനല്‍ മീറ്റില്‍ ലോങ്ജംപില്‍ വെങ്കലവും  ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. നാഷനല്‍ അമച്വര്‍ മീറ്റില്‍ രണ്ടിനങ്ങളിലുമായി രണ്ടു വെള്ളിയും രുഗ്മ കരസ്ഥമാക്കി. 2013ല്‍ ആദ്യ ദേശീയ സ്കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ചെങ്കിലും മെഡല്‍ നേടാനായിരുന്നില്ല. ഏഴുവര്‍ഷമായി എം. അരവിന്ദാക്ഷനു കീഴിലാണ് രുഗ്മയുടെ പരിശീലനം. കര്‍ഷകനായ പാലക്കാട് ചിറ്റൂര്‍ കൊടുമ്പില്‍ രാരത്ത്വീട്ടില്‍ ഉദയന്‍െറയും ഷൈനിയുടെയും മകള്‍ ഇത് മൂന്നാംതവണയാണ് ദേശീയ സ്കൂള്‍ മീറ്റില്‍ മാറ്റുരയ്ക്കുന്നത്. തമിഴ്നാടിന്‍െറ എസ്. പ്രിയദര്‍ശിനിക്കാണ് ഈയിനത്തില്‍ വെങ്കലം (12.26).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT