ഷൈനിയുടെ സ്വന്തം സാഫ് ഗെയിംസ്

ദക്ഷിണേഷ്യന്‍ ഗെയിംസ് എന്ന് പേരു പുതുക്കിയെങ്കിലും ഷൈനി വില്‍സണ്‍ എന്ന് പേരു പുതുക്കിയ ഷൈനി അബ്രഹാമിന്‍െറ മനസ്സിലെ ട്രാക്കില്‍ ഇപ്പോഴും നിറയുന്നത് പഴയ സാഫ് ഗെയിംസ് തന്നെയാണ്. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മറ്റൊരു അത്ലറ്റിനും സ്വന്തമാക്കാനാകാത്ത നേട്ടത്തിലൂടെയാണ് ഈ താരം ഷൈനിങ് സ്റ്റാറായത്. ഏഴു സാഫ് ഗെയിംസില്‍ സ്പൈക്കണിഞ്ഞ ഷൈനി ഓടിയെടുത്തത് 18 സ്വര്‍ണവും രണ്ടു വെള്ളിയും. അത്ലറ്റിക് കരിയറിലെ സാഫ് ഗെയിംസുകളൊന്നും ഷൈനിക്ക് നഷ്ടമായിട്ടില്ല. നീന്തല്‍ താരമായിരുന്ന ഭര്‍ത്താവ് വില്‍സണ്‍ ചെറിയാന്‍ മുങ്ങിയെടുത്ത 11 സ്വര്‍ണവും കൂടിച്ചേരുമ്പോള്‍ ചെന്നൈയിലെ വീട്ടിലെ ഷോകേസില്‍ മെഡല്‍ തിളക്കമേറും.

1984ല്‍ സാഫ് ഗെയിംസിന്‍െറ ഒന്നാം പതിപ്പിന് നേപ്പാളിന്‍െറ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 400 മീറ്ററിലും 4x400 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ഇഷ്ടയിനമായ 800 മീറ്ററില്‍ അന്ന് മത്സരമുണ്ടായിരുന്നില്ല. ’85ല്‍ ധാക്കയില്‍ നടന്ന ഗെയിംസില്‍ മികച്ച വനിതാ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് അഞ്ചു മഞ്ഞപ്പതക്കങ്ങളായിരുന്നു ഷൈനി ഇന്ത്യക്ക് നേടിക്കൊടുത്തത്. 200, 400, 800 മീറ്ററുകളിലും 4x100, 4x400 റിലേയിലും ഒന്നാമതായി. അഭിമാനകരമായ നിമിഷങ്ങളായിരുന്നു അന്നത്തെ സാഫ് ഗെയിംസ് സമ്മാനിച്ചതെന്ന് ഷൈനി പറയുന്നു. അന്ന് മികച്ച വനിതാ താരത്തിന് കിട്ടിയ ട്രോഫി പിടിച്ചുള്ള ചിത്രം ചെന്നൈയിലെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഓഫിസിലെ ഷൈനിയുടെ ചേംബറില്‍ കാണാം. ’87ല്‍ കൊല്‍ക്കത്തയില്‍ 800 മീറ്ററിലും റിലേയിലും സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും നേടി. അന്ന് 400 മീറ്ററില്‍ പി.ടി. ഉഷക്കായിരുന്നു സ്വര്‍ണം. ’89ല്‍ ഇസ്ലാമാബാദിലും ’91ല്‍ കൊളംബോയിലും ’93ല്‍ ധാക്കയിലും ഷൈനി ട്രാക്ക് വാണു.

1995ല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ഷൈനിയായിരുന്നു. ചെന്നൈയില്‍ നടന്ന ഗെയിംസില്‍ 800 മീറ്ററില്‍ രണ്ടു മിനിറ്റില്‍ താഴെ ഓടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്ലറ്റ് എന്ന ബഹുമതി നേടി. 2010ല്‍ ടിന്‍റു ലൂക്ക തകര്‍ക്കുന്നതുവരെ 1:59.85 എന്ന സമയമായിരുന്നു വനിതകളുടെ 800 മീറ്ററിലെ ദേശീയ റെക്കോഡ്. മകള്‍ ശില്‍പ ജനിച്ച ശേഷം കുറച്ചുകാലം വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവിലായിരുന്നു ഈ നേട്ടം. ’96ലെ അത്ലാന്‍റ ഒളിമ്പിക്സോടെ വിടവാങ്ങിയ ഷൈനി എഫ്.സി.ഐ ജനറല്‍ മാനേജര്‍ പദവിയിലാണ്. അന്താരാഷ്ട്ര മെഡല്‍ സ്വപ്നംകാണുന്നവര്‍ക്ക് മികച്ച അവസരമാണ് ദക്ഷിണേഷ്യന്‍ ഗെയിംസെന്ന് ഷൈനി പറയുന്നു. അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഗുവാഹതിയിലേക്ക് പോയാലോ എന്ന ചിന്തയിലാണ് ഈ ഒളിമ്പ്യന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.