ആരവങ്ങളില്ലാതെ ഈ കളിമുറ്റം

അസമിന്‍െറ ചരിത്രത്തിലാദ്യമായി രാജ്യാന്തര കായികമാമാങ്കം അരങ്ങേറുമ്പോള്‍ കാഴ്ചക്കാരന്‍െറ റോളാണ് കളികളേറെ കണ്ട ഗുവാഹതിയിലെ നെഹ്റു സ്റ്റേഡിയത്തിന്. ഫുട്ബാള്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകേണ്ടിയിരുന്ന ഈ കളിമൈതാനത്ത് ഇപ്പോള്‍ ആരവങ്ങളില്ല. നവീകരണത്തിന്‍െറ ഭാഗമായി പുല്ലുപിടിപ്പിക്കുന്ന ജോലികള്‍ തീരാതായതോടെയാണ് ദക്ഷിണേഷ്യന്‍ ഗെയിംസിലെ കാല്‍പന്തുകളി തൊട്ടടുത്ത സായ് മൈതാനത്തേക്ക് മാറ്റിയത്. നവംബര്‍ 22 മുതലാണ് മൈതാനം മണ്ണിട്ടുയര്‍ത്തി പുല്ലുപിടിപ്പിക്കാന്‍ തുടങ്ങിയത്. ഗെയിംസിന് മുമ്പേ പണിതീര്‍ക്കാന്‍ കരാറുകാര്‍ക്കായില്ല.
അതിനിടയില്‍ പാകിയ പുല്‍ത്തകിടി പലയിടത്തും ഉണങ്ങിയതും വിനയായി. ഡ്രൈനേജ് സംവിധാനമില്ലാത്ത മൈതാനവുമാണിത്. ഡെറാഡൂണിലെ എല്‍.ആര്‍ ബ്രദേഴ്സ് എന്ന കമ്പനിയാണ് മൈതാനം നവീകരിക്കുന്നത്.

ചുരുങ്ങിയ സമയംകൊണ്ട് പണിപൂര്‍ത്തിയാക്കാനാവില്ളെന്ന് കമ്പനി അധികൃതരെ അറിയിച്ചിരുന്നു. ഒടുവില്‍ ഗെയിംസ് ഉദ്ഘാടനത്തിന്‍െറ തലേദിവസമാണ് മത്സരങ്ങള്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് മാറ്റുന്നതായി അറിയിച്ചത്. ഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയമടക്കമുള്ള പോരിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയത് എല്‍.ആര്‍ ബ്രദേഴ്സ് കമ്പനിയായിരുന്നു. 1962ല്‍ പണിപൂര്‍ത്തിയായ ഈ മൈതാനത്ത് 1983 മുതല്‍ 14 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2010 നവംബറില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരമാണ് അവസാനമായി നടന്നത്. പിന്നീട് ഫുട്ബാള്‍ സ്റ്റേഡിയമായി മാറി.
അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന് ഇന്ദിര ഗാന്ധി സ്റ്റേഡിയമാണ് ഗുവാഹതിയില്‍ വേദിയാവുക. നെഹ്റു സ്റ്റേഡിയം പരിശീലന വേദിയാകും. 20000 പേര്‍ക്കിരുന്ന് കളികാണാന്‍ സൗകര്യവുമുണ്ട്.

ഫുട്ബാളിനെ നെഞ്ചിലേറ്റുന്നവരാണ്  വടക്കു-കിഴക്കന്‍ ഇന്ത്യയിലെ യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഗെയിംസിലെ ഫുട്ബാള്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് മാറ്റിയത് കളിപ്രേമികളെ നിരാശരാക്കി. പകരം മത്സരം നടക്കുന്ന സായിയുടെ ഉടമസ്ഥതയിലുള്ള പാള്‍ട്ടന്‍ ബസാറിലെ  മൈതാനത്ത് ആകെ ഇരിക്കാനാവുന്നത് 1000 പേര്‍ക്ക്. സര്‍ക്കസ് ടെന്‍റിലെ ഗാലറിപോലെ ഒരു മരഗാലറി മാത്രം.കാണികളുടെ ആവേശമില്ലാതെ കളിക്കുന്നത് നിരാശജനകമാണെന്ന് ഇന്ത്യന്‍ ടീം കോച്ച് ലീ ജോണ്‍സണ്‍ പറഞ്ഞിരുന്നു. കോംപ്ളിമെന്‍ററി പാസ് കൊടുത്താണ് കാണികളെ അകത്ത് കയറ്റുന്നത്.ഈ മൈതാനത്തിന് പുറത്ത് വലിയ എല്‍.സി.ഡി സ്ക്രീന്‍ സ്ഥാപിച്ചാണ് നാട്ടുകാരുടെ ഫുട്ബാള്‍ദാഹമകറ്റുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.