????? ??????? ???????????? ???????? ????? ???? ?????

ഗുവാഹതി: അന്താരാഷ്ട്ര മെഡല്‍ എന്ന വിസ്മയനേട്ടത്തിലേക്ക് ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയ മലയാളിതാരം മയൂഖ ജോണിയുടെ റെക്കോഡ് പ്രകടനമടക്കം അത്ലറ്റിക്സിന്‍െറ ആദ്യദിനം ആതിഥേയര്‍ക്ക് അഞ്ച് സ്വര്‍ണം. ഒപ്പം ആറു വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ഇന്ത്യ നാലിനങ്ങളില്‍ റെക്കോഡും മറികടന്നു.വനിതകളുടെ ലോങ്ജംപില്‍ മയൂഖ, ഷോട്ട്പുട്ടില്‍ മന്‍പ്രീത് സീനിയര്‍, 5000 മീറ്ററില്‍ പുരുഷന്മാരില്‍ മാന്‍സിങ്, വനിതകളില്‍ എല്‍. സൂര്യ എന്നിവരാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണപ്പതക്കം കൈയിലാക്കിയത്. ഹാമര്‍ത്രോയില്‍ നീരജ്കുമാറിനാണ് മറ്റൊരു സ്വര്‍ണം. പുരുഷന്മാരുടെ 100 മീറ്ററില്‍ ലങ്കയുടെ ഹിമാഷ ഈഷാന്‍ റെക്കോഡോടെ വേഗമേറിയ താരമായി. സമയം: 10.28 സെക്കന്‍ഡ്. മലയാളിതാരം പി. അനില്‍കുമാര്‍ 1999ല്‍  എഴുതിച്ചേര്‍ത്ത 10.37 സെക്കന്‍ഡാണ് മറികടന്നത്. വനിതകളില്‍ ലങ്കയുടെതന്നെ രുമേഷിക രത്നനായകക്കാണ് സ്വര്‍ണം. 6.43 മീറ്റര്‍ ചാടിയ മയൂഖ 2006ല്‍ അഞ്ജു ബോബി ജോര്‍ജ് താണ്ടിയ ദൂരം ഒരു സെന്‍റിമീറ്റര്‍ വ്യത്യാസത്തിലാണ് തിരുത്തിയത്.

ഗെയിംസില്‍ ഇന്ത്യ മിന്നല്‍വേഗത്തില്‍ മെഡലുകളുമായി കുതിക്കുകയാണ്. അമ്പെയ്ത്തില്‍ 10 സ്വര്‍ണവും നാല് വെള്ളിയും അമ്പെയ്തിട്ടു. 78 സ്വര്‍ണവും 36 വെള്ളിയും 10 വെങ്കലവുമടക്കം 124 മെഡലുകളാണ് ആകെയുള്ളത്. ശ്രീലങ്കക്ക് 17 സ്വര്‍ണവും 37 വെള്ളിയും 33 വെങ്കലവുമടക്കം 87 മെഡലുകളുണ്ട്. അതിനിടെ വ്യാഴാഴ്ച തുടങ്ങാനിരുന്ന ബാസ്കറ്റ്ബാള്‍ മത്സരം സംഘാടകര്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും സര്‍ക്കാറും ബാസ്കറ്റ്ബാളുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന് അന്താരാഷ്ട്ര ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. 
ഫോം നഷ്ടമായ മയൂഖ ജോണിയുടെ തിരിച്ചുവരവിനാണ് സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ ശ്രമത്തില്‍തന്നെ 6.34 മീറ്റര്‍ ചാടിയ മയൂഖ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ആകെ ആറു പേര്‍ മാത്രം മത്സരിച്ച ഈയിനത്തില്‍ ഇന്ത്യയുടെതന്നെ ശ്രദ്ധ ഗുലെ ഭാസ്കറായിരുന്നു കാര്യമായ പ്രതിയോഗി. ലങ്കന്‍ താരമായ പ്രിയദര്‍ശിനി തീര്‍ത്തും നിറംമങ്ങി. രണ്ടാം അവസരത്തില്‍ 6.25 മീറ്ററായിരുന്നു മയൂഖയുടെ ദൂരം.  സകല ഊര്‍ജവും ആവാഹിച്ച് അവസാനകുതിപ്പില്‍ റെക്കോഡിലേക്കാണ് മയൂഖ താണ്ടിയത്. അഞ്ജുവിന്‍െറ പിന്‍ഗാമി എന്ന് പലരും വിശേഷിപ്പിച്ചിരുന്ന മയൂഖ ഒരിടവേളക്കുശേഷമാണ് രാജ്യാന്തര പോരിടത്തില്‍ പൊന്നണിയുന്നത്. 2010ല്‍ ഡല്‍ഹിയില്‍ പിന്നിട്ട 6.64 മീറ്ററാണ് മികച്ച ദൂരം. ദോഹയില്‍ 19ന് നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള ശ്രമത്തിലാണെന്നും മയൂഖ പറഞ്ഞു.

80 കിലോമീറ്റര്‍ റോഡ് റേസ് സൈക്ളിങ്ങില്‍ ഒന്നാമതത്തെുന്ന ബിദ്യാലക്ഷ്മി -റസാഖ് താഴത്തങ്ങാടി
 

വനിതകളുടെ ഷോട്ട്പുട്ടില്‍ ആതിഥേയരുടെ മന്‍പ്രീത് കൗര്‍ സീനിയറാണ്  അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണത്തിനുടമ. 17.94 മീറ്ററിലേക്കാണ് റിയോ ഒളിമ്പിക്സ് യോഗ്യത നേരത്തേ നേടിയ മന്‍പ്രീത് ഷോട്ട് പായിച്ചത്. മന്‍പ്രീത് ജൂനിയറിനാണ് വെള്ളി. 1999ല്‍ ഇസ്ലാമാബാദില്‍ ഇന്ത്യയുടെതന്നെ സനിതര്‍ജിത് കൗര്‍ സ്ഥാപിച്ച 15.52 മീറ്ററാണ് പഞ്ചാബി താരം ഏറെ മെച്ചപ്പെടുത്തിയത്. 800 മീറ്ററില്‍ ടിന്‍റു ലൂക്കയുടെ അഭാവം നിഴലിച്ചപ്പോള്‍ സ്വര്‍ണവും വെള്ളിയും ശ്രീലങ്ക കൊണ്ടുപോയി. നിമാലി അഭയരത്നെ ഒന്നാമതും തുഷാരി അഭയരത്നെ രണ്ടാമതുമായി. ആദ്യ ലാപ്പിനുശേഷം അല്‍പദൂരം മുന്നിലായിരുന്ന ഇന്ത്യയുടെ എം. ഗോമതി പിന്നീട് പിന്തള്ളപ്പെട്ടു. വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ശ്രബാനി നന്ദ രണ്ടാമതും ദ്യുതി ചന്ദ് മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനക്കാരിയായ ലങ്കയുടെ ഹിമാഷ 11.71 സെക്കന്‍ഡില്‍ പറന്നത്തെി. പുരുഷന്മാരുടെ ഹാമര്‍ത്രോയിലാണ് ഇന്ത്യയുടെ നീരജ്കുമാര്‍ സ്വര്‍ണം നേടിയത്. 66.14 മീറ്റര്‍ ദൂരത്തേക്കായിരുന്നു നീരജ് ഹാമര്‍ പറത്തിയത്.

5000 മീറ്ററില്‍ 2006ല്‍ കൊളംബോയില്‍ പിറന്ന 14 മിനിറ്റ് 02.43 സെക്കന്‍ഡിന്‍െറ മീറ്റ് റെക്കോഡാണ് 14 മിനിറ്റ് 02 സെക്കന്‍ഡോടെ മാന്‍സിങ് തകര്‍ത്തത്. തമിഴ്നാട്ടുകാരി  എല്‍. സൂര്യ 15 മിനിറ്റ് 45.75 സെക്കന്‍ഡില്‍ അവസാനവര കടന്നു. ഇന്ത്യയുടെതന്നെ സ്വാതി ഗഥാവേക്കാണ് വെള്ളി. സുനിത റാണിയുടെ  16 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് (15 മിനിറ്റ് 56.46 സെക്കന്‍ഡ്) മാഞ്ഞത്.
ഹൈജംപില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍  വെള്ളിയിലൊതുങ്ങി.

സൈക്ളിങ്ങിലും ഇന്ത്യ
ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസ് സൈക്ളിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. നാലു ദിവസം നീണ്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആറ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമാണ് ആതിഥേയര്‍ ചക്രംചവിട്ടിയെടുത്തത്.  റോഡ് സൈക്ളിങ്ങില്‍ മാത്രമേ മത്സരമുണ്ടായിരുന്നുള്ളൂ. അവസാന ദിനമായ ചൊവ്വാഴ്ച വനിതകളുടെ 80 കി.മീറ്റര്‍ മാസ് സൈക്ളിങ്ങില്‍ ഇന്ത്യ സ്വര്‍ണം തൂത്തുവാരി. മണിപ്പൂരുകാരി ബിദ്യാ ലക്ഷി സ്വര്‍ണവും മലയാളികളായ ലിഡിയ മോളും  എന്‍. ശ്രുതി രാജും യഥാക്രമം വെള്ളിയും വെങ്കലവും നേടി. രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 55 സെക്കന്‍ഡിലായിരുന്നു ബിദ്യാലക്ഷ്മിയുടെ സൈക്കിളോട്ടം. സെക്കന്‍ഡിന്‍െറ നൂറിലൊരംശത്തിലാണ് ലിഡിയയും ശ്രുതിയും പിന്നിലായത്. മലയാളി താരം പി. സയോണ അഞ്ചാമതായി. പുരുഷന്മാരില്‍ അരവിന്ദ് പന്‍വാറിനും രണ്ട് സ്വര്‍ണമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.