??????? ???????????? ?????????????? ?????? ???????????? ????????? ???? ???????????? ?????

മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ

ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആതിഥേയരായ ഇന്ത്യ ആധിപത്യം തുടരുന്നു. 146 സ്വര്‍ണവും 80 വെള്ളിയും 23 വെങ്കലവുമടക്കം 249 മെഡലുകളുമായി ഇന്ത്യ ഗെയിംസില്‍ മുന്നേറ്റം തുടരുകയാണ്. രണ്ടാമതുള്ള ശ്രീലങ്കക്ക് 25 സ്വര്‍ണവും 53 വെള്ളിയും 79 വെങ്കലവുമടക്കം 157 മെഡലുകളുണ്ട്. വെള്ളിയാഴ്ച രാത്രി നടന്ന ആവേശകരമായ ഹോക്കി ഫൈനലില്‍ പാകിസ്താനോട് തോറ്റ ഇന്ത്യ വെള്ളിയിലൊതുങ്ങി. 35ാം മിനിറ്റില്‍ ഉവൈസുര്‍ റഹ്മാന്‍ നേടിയ ഗോളില്‍ 1-0ത്തിനാണ് പാകിസ്താന്‍ ജയിച്ചത്. പാകിസ്താന്‍െറ ഹാട്രിക് സ്വര്‍ണമാണിത്. വനിത ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ക്കായിരുന്നു സ്വര്‍ണം.
മാരത്തണ്‍ മത്സരത്തോടെ അവസാനിച്ച അത്ലറ്റിക്സില്‍ ഇന്ത്യ 28 സ്വര്‍ണം നേടി. വനിതാ മാരത്തണില്‍ ഇന്ത്യയുടെ കവിത റൗത്ത് സ്വര്‍ണത്തോടൊപ്പം ഒളിമ്പിക് യോഗ്യതയും നേടി. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്കില്‍ മാരത്തണില്‍ ഫിനിഷ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുമുണ്ടായി. ഒരു ലാപ് കുറച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഓടിയതെന്ന് ലങ്കന്‍ ടീം അധികൃതര്‍ പരാതിപ്പെട്ടു. ബോക്സിങ് മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും.
ബേട്ടാപുരയിലെ മുഹമ്മദ് തയ്യിബുല്ല സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഇന്ത്യ-പാക് ഹോക്കിക്ക് തുടക്കമായത്. കരിഞ്ചന്തയിലടക്കം ടിക്കറ്റെടുത്താണ് പല കാണികളും ഹൈവോള്‍ട്ടേജ് പോരാട്ടം കാണാനത്തെിയത്. ഒമ്പത് ഒളിമ്പ്യന്മാരടങ്ങിയ പാക് സംഘത്തിനു മുന്നില്‍ തുടക്കത്തില്‍ ആതിഥേയര്‍ ശരിക്കും വിറച്ചു. ഗുര്‍ബക്ഷ് സിങ് ഒഴികെ ഇന്ത്യന്‍ താരങ്ങളെല്ലാം പരിചയസമ്പത്ത് കുറഞ്ഞവരാണ്. ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മുന്‍നിര താരങ്ങളൊന്നും ടീമിലില്ല. രണ്ടാം നിര ടീമിനെ ഇറക്കിയതിന് ഹോക്കി ഇന്ത്യ അധികൃതരെ കേന്ദ്ര കായിക മന്ത്രാലയം വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യ ഫൈനല്‍ കളിച്ച് തോറ്റത്.
ഇന്ത്യന്‍ പ്രതിരോധത്തെ കീറിമുറിച്ച് തുടക്കത്തില്‍ തന്നെ മുന്നേറിയ പാക് ഫോര്‍വേഡുകള്‍ക്ക് ഇന്ത്യന്‍ ഗോളി വികാസ് ദഹിയയെ മറികടക്കാനായില്ല. ഏഴാം മിനിറ്റില്‍ പാകിസ്താന് കിട്ടിയ പെനാല്‍റ്റി കോര്‍ണറും ദഹിയക്ക് മുന്നില്‍ ദഹിച്ചുപോയി. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നത് ദഹിയയുടെ ഗോള്‍കീപ്പിങ് മികവ് കാരണമാണ്.
കാണികളുടെ ഹൃദയം നിറഞ്ഞ പിന്തുണയോടെ പ്രത്യാക്രമണം നടത്തിയ മന്‍ദീപ് ആന്‍റിലും കൂട്ടരും പാക് പ്രതിരോധത്തെ പിന്നീട് വിറപ്പിച്ചു. 21ാം മിനിറ്റില്‍ ഗഗന്‍പ്രീത് സിങ്ങിന്‍െറ ആക്രമണത്തിനൊടുവില്‍ നിര്‍ഭാഗ്യത്തിന് ലക്ഷ്യം വഴിമാറി. മധ്യനിരയില്‍ അജിതേഷ് റോയിയും മുന്നേറ്റത്തില്‍ മന്‍ദീപും തിമ്മണ്ണയും ഗഗന്‍ദീപിനൊപ്പം ഉണര്‍ന്നുകളിച്ച സമയമായിരുന്നു ഇത്. എതിര്‍ഭാഗത്ത് മുഹമ്മദ് റിസ്വാന്‍െറ റെയ്ഡുകള്‍ ആതിഥേയര്‍ക്ക് തലവേദനയുണ്ടാക്കി. ആദ്യ പകുതിയുടെ 29ാം മിനിറ്റില്‍ ഗഗന്‍ദീപിന്‍െറ റിവേഴ്സ് ഹിറ്റ് പാകിസ്താന്‍ ഗോളി ഇംറാന്‍ ബട്ട് രക്ഷപ്പെടുത്തി. ആദ്യപകുതിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ മുഹമ്മദ് അര്‍സ്ലന്‍ ഖാദിറിന്‍െറ പാസില്‍നിന്നാണ് യുവതാരം ഉവൈസുര്‍ റഹ്മാന്‍ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ ആവേശത്തോടെയാണ് സ്റ്റിക് പായിച്ചത്. സീനിയര്‍ താരം ഗുര്‍ബക്ഷ് സിങ്ങിന്‍െറ പിന്തുണയോടെ സോമണ്ണയും തിമ്മണ്ണയും ഗഗന്‍ദീപും ആക്രമണത്തിന്‍െറ ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലത്തൊനായില്ല.
ഇന്ത്യന്‍ മിഡ്ഫീല്‍ഡറായ മന്‍പ്രീത് സിങ് സമനിലക്കുള്ള സുവര്‍ണാവസരം ഇതിനിടെ കളഞ്ഞുകുളിച്ചു. ക്യാപ്റ്റന്‍ മന്‍ദീപ് ആന്‍റിലിന്‍െറ തകര്‍പ്പന്‍ പാസില്‍ സ്റ്റിക് കൊള്ളിക്കാന്‍ മന്‍പ്രീതിനായില്ല. തുടരന്‍ ആക്രമണങ്ങളുമായി ഇന്ത്യ കാണികളെ ആവേശത്തിലാക്കിയ നിമിഷങ്ങളായിരുന്നു കുറച്ചുനേരം കണ്ടത്.
രണ്ടു മിനിറ്റ് ബാക്കിനില്‍ക്കേ, കിട്ടിയ പെനാല്‍റ്റി കോര്‍ണറും ഇന്ത്യക്ക് മുതലാക്കാനായില്ല. അവസാന സെക്കന്‍ഡില്‍ പാക് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗോള്‍ നേടാനായില്ല. പ്രതിരോധത്തിലേക്ക് വലിഞ്ഞ പാകിസ്താന്‍ കാര്യമായ ആക്രമണങ്ങളും നടത്തിയില്ല. ഒടുവില്‍ ആദ്യ പകുതിയിലെ ഗോളില്‍ തൂങ്ങി പാക് സംഘം സ്വര്‍ണം ഉറപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.