മേരികോമിന്‍െറ ഇടിയില്‍ ലങ്കന്‍ താരത്തിന് ഗുരുതര പരിക്ക്

ഷില്ളോങ്: ഒന്നൊന്നര ഇടിയായിരുന്നു അത്. എം.സി മേരികോം എന്ന കുറിയ യുവതിയുടെ മുഷ്ടിക്കരുത്ത് ശ്രീലങ്കന്‍ താരം അനുഷ ദില്‍റുക്ഷി ശരിക്കും അനുഭവിച്ചു. ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ അവസാനദിനം നടന്ന വനിതാ ബോക്സിങ് ഫൈനല്‍ ഇന്ത്യന്‍ താരങ്ങളുടെ വാഴ്ചക്കളമായി. മൂന്നില്‍ മൂന്ന് സ്വര്‍ണവും ഇന്ത്യ ഇടിച്ചെടുത്തു. ഇതോടെ ബോക്സിങ്ങിലെ 10 സ്വര്‍ണവും ആതിഥേയരുടെ പേരിലായി.
51 കിലോ വിഭാഗത്തിലായിരുന്നു മേരിയും അനുഷയും കൊമ്പുകോര്‍ത്തത്. 2006ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ താരമാണ് അനുഷ. എന്നാല്‍ അഞ്ചുവട്ടം ലോകജേതാവായ മേരിയുടെ കൈക്കരുത്തില്‍ അനുഷക്ക് അടിതെറ്റി. ശരീരസന്തുലനം തെറ്റി വീണ ലങ്കന്‍ താരത്തിന്‍െറ കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റു. വീഴ്ചയില്‍ ലിഗ്മെന്‍റിന് ക്ഷതമേറ്റ അനുഷക്ക് റിങ്ങിലേക്ക് തിരിച്ചുവരാന്‍ മൂന്നു മാസമെങ്കിലും കാത്തിരിക്കണം. പരിക്കേറ്റതിനാല്‍ പോരാട്ടം ഇടക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് മേരിയുടെ ഇടിവെട്ട് പഞ്ചില്‍ എതിരാളി റിങ്ങിന് പുറത്തേക്ക് തെറിച്ചുവീഴുന്ന പരുവത്തിലായി. ഒടുവില്‍ റഫറി ഇടപെട്ട് ടെക്നിക്കല്‍ നോക്കൗട്ട് വിളിച്ച് മേരിയെ വിജയിയായി പ്രഖ്യാപിച്ചു. ഒന്നര മിനിറ്റുകൊണ്ടായിരുന്നു മേരികോമിന്‍െറ ജയം. ചുമലിന് പരിക്കേറ്റ ശേഷം മേരിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഗെയിംസ്.
75 കിലോയില്‍ പൂജാറാണിയും 60 കിലോയില്‍ എല്‍. സരിതാ ദേവിയുമാണ് അവസാനദിനം സ്വര്‍ണം നേടിയ മറ്റു രണ്ട് ഇന്ത്യന്‍ താരങ്ങള്‍. പൂജാറാണി ലങ്കയുടെ നിലാന്തി അന്‍ന്തരാ വീറിനെ എളുപ്പം കീഴടക്കി.  
എന്നാല്‍ സരിതയുടെ മത്സരം ഇത്തിരി കടുപ്പമായിരുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും സരിത മുന്നേറിയെങ്കിലും എതിരാളിയായ ലങ്കന്‍ താരം വിദുഷിക പ്രഭാധി മൂന്നാം റൗണ്ടില്‍ ഇടിയുടെ പൂരം നടത്തി. നേരിയ വ്യത്യാസത്തിനാണ് സരിത ജയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.