????? ????????? ????????? ????????? ???????????? ?????????? ?????????????????

ദീപമണഞ്ഞു; 308 മെഡലുകളുമായി ഇന്ത്യ ജേതാക്കള്‍

ഗുവാഹതി: ബ്രഹ്മപുത്രയുടെ തീരത്തെയും ഉമിയാം തടാകക്കരയിലെയും പോരാട്ടത്തിന്‍െറ 12 ദിനരാത്രങ്ങള്‍ക്ക് വിട. വടക്കുകിഴക്കന്‍ ഇന്ത്യയുടെ സ്നേഹവും ആതിഥ്യമര്യാദയും സമ്മാനിച്ച ഓര്‍മകളുമായി താരങ്ങള്‍ക്ക് മടക്കം. പാട്ടിന്‍െറയും ആട്ടത്തിന്‍െറയും നിറമണിഞ്ഞ രാവില്‍ 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ദീപമണഞ്ഞു. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ കായികശക്തി ഭദ്രമാണെന്നു തെളിയിച്ചാണ് 12ാമത് ഗെയിംസിന് തിരിതാഴ്ന്നത്. ഇനി 2018ലെ ഗെയിംസിനായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കണ്ണുതുറക്കാം. 188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവുമടക്കം 308 മെഡലുകളോടെയാണ് ആതിഥേയര്‍ ജേതാക്കളായത്.

ശ്രീലങ്കക്ക് 25 സ്വര്‍ണവും 63 വെള്ളിയും 98 വെങ്കലവുമടക്കം 186 മെഡലുകളുണ്ട്. ഇന്ത്യ അവസാനദിനം ബോക്സിങ്ങിലും ജൂഡോയിലുമടക്കം ഏഴു സ്വര്‍ണം നേടി.
സമാപനച്ചടങ്ങ് നടന്ന സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയം ചൊവ്വാഴ്ച രാത്രി വിടവാങ്ങല്‍ വേദി കൂടിയായി. മാര്‍ച്ച് പാസ്റ്റില്‍ വിവിധ ടീമുകള്‍ക്കൊപ്പം, ഗെയിംസിലെ സജീവ സാന്നിധ്യമായിരുന്ന വളന്‍റിയര്‍മാരും പങ്കെടുത്തു. ജേതാക്കളായ ഇന്ത്യയായിരുന്നു മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. ഭാഗ്യചിഹ്നമായ ടിക്കോര്‍ കാണികളോട് ഗുഡ്ബൈ പറഞ്ഞു. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കായിക മന്ത്രിമാരടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

സൊനോവാള്‍ ഗെയിംസിന്‍െറ സമാപന പ്രഖ്യാപനം നടത്തിയതോടെ ദീപമണഞ്ഞു. ഗെയിംസ് പതാക നേപ്പാള്‍ കായിക മന്ത്രി സത്യനാരായണ്‍ മണ്ഡല്‍ ഏറ്റുവാങ്ങി. പിന്നീട് നേപ്പാളിലെ കലാകാരന്മാരുടേതടക്കം വിവിധ പരിപാടികളുടെ സമയമായിരുന്നു. മയൂഖ് ഹസാരികയുടെ ‘ബ്രഹ്മപുത്ര ബല്ലാഡീസ്’ സംഘത്തിന്‍െറ ഗാനങ്ങള്‍ ലേസര്‍ രശ്മിക്കൊപ്പം ആവേശം തീര്‍ത്തു. അവസാനം അനുഗൃഹീത ഗായകന്‍ ഷാന്‍ ‘ചാന്ദ് സിഫാരിഷ്’ അടക്കമുള്ള ജനപ്രിയ ഗാനങ്ങളുമായി ഗാനമാലിക തീര്‍ത്തു. ഉച്ചക്ക് രണ്ടര മുതല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ ബാന്‍ഡുകളുടെ മ്യൂസിക് പരിപാടി അരങ്ങേറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT