സുരക്ഷാ ബജറ്റ് 60 കോടിയാക്കി; ദക്ഷിണേഷ്യന്‍ ഗെയിംസ് തോക്കിന്‍മുനയില്‍

ഗുവാഹതി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍, ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ സുരക്ഷ കൂട്ടുന്നു; ഒപ്പം ബജറ്റും. 30 കോടി രൂപയാണ് നേരത്തേ സുരക്ഷക്കായി നീക്കിവെച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ തുക 60 കോടിയായി ഉയര്‍ത്തുമെന്ന് സംഘാടകര്‍ പറയുന്നു.  സാര്‍ക് സംഘടനയിലെ എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസ് അടുത്ത മാസം അഞ്ചു മുതല്‍ 16 വരെ അസമിലെ ഗുവാഹതിയിലും മേഘാലയയിലെ ഷില്ളോങ്ങിലുമാണ് നടക്കുന്നത്.
മ്യാന്മറും ബംഗ്ളാദേശും അതിരിടുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ഗെയിംസിന് മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് ഒരുക്കുക. തീവ്രവാദഭീഷണിയുള്ള അസമിലും സമീപ സംസ്ഥാനങ്ങളിലും  അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.  യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ), നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി), നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്- ഖപ്ളാങ് (എന്‍.എസ്.സി.എന്‍-കെ), ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മി (ജി.എന്‍.എല്‍.എ) തുടങ്ങിയ സംഘടനകളെ പ്രത്യേകം നിരീക്ഷിക്കും.

ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപനച്ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തുന്നതിനാല്‍ സുരക്ഷക്ക് ആഴംകൂടും. അത്ലറ്റുകള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കും അര്‍ധസൈനിക വിഭാഗങ്ങളുടെ മൂന്ന് പാളികളുള്ള സുരക്ഷയൊരുക്കും. പതിവില്‍നിന്ന് വ്യത്യസ്തമായി ഗെയിംസ് വില്ളേജില്ലാത്ത ഗെയിംസിനാണ് ഗുവാഹതിയും ഷില്ളോങ്ങും വേദിയാകുന്നത്. താരങ്ങളും ഒഫീഷ്യലുകളും വിവിധ ഹോട്ടലുകളിലാണ് താമസിക്കുക. ഇതും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പത് പണിയുണ്ടാക്കും. സുരക്ഷാകാര്യങ്ങളില്‍ പാകിസ്താന്‍ സംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശിവസേനയുടെ പ്രതിഷേധമാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്. എന്നാല്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഗുവാഹതിയിലും കൊല്‍ക്കത്തയിലും പ്രത്യേക വിമാനത്തില്‍ ഇറങ്ങാന്‍ പാക് സംഘത്തെ ഇന്ത്യ അനുവദിച്ചേക്കും. ഗെയിംസിന്‍െറ ഒരുക്കം വിലയിരുത്താന്‍ എട്ട് രാജ്യങ്ങളിലെയും സംഘത്തലവന്മാര്‍ വേദികള്‍ സന്ദര്‍ശിച്ചിരുന്നു.

ഗെയിംസിന്‍െറ ദീപശിഖാ പ്രയാണത്തിന് ഡല്‍ഹിയിലെ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ കേന്ദ്ര കായികമന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സര്‍ബാനന്ദ സൊനോവാള്‍ തുടക്കംകുറിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങും. ദീപശിഖാറാലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിക്കും. ഗുവാഹതിയിലേക്ക് എത്തിക്കുന്ന ദീപശിഖയുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും പ്രയാണം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.