വിവേചനം: വാദം, വിവാദം

ഇത്തവണത്തെ ദേശീയ സ്കൂള്‍ കായികമേളയുടെ നടത്തിപ്പ് സംബന്ധിച്ച വിവാദം മീറ്റ് നടക്കുമോ എന്ന ആശങ്കയില്‍വരെ കാര്യങ്ങളെ കൊണ്ടത്തെിച്ചു. പുണെയിലും നാസിക്കിലുമായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങള്‍ വെവ്വേറെ നടത്താനായിരുന്നു മഹാരാഷ്ട്രയുടെ തീരുമാനം. ഇതിനെതിരെ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ഒന്നാംനിര അത്ലറ്റുകള്‍ നിലപാടെടുക്കുകയായിരുന്നു. മീറ്റില്‍ ലിംഗ വിവേചനം പാടില്ളെന്ന് തുറന്നടിച്ച ഇവര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയക്കുകയും ചെയ്തു.
ഉഷയും അഞ്ജുവും മലയാളികളായതിനാല്‍ ദേശീയ കായികമേള കേരളത്തില്‍ നടത്തണമെന്ന് ഇവര്‍ സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. അത്ലറ്റിക്സില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്നത് കേരളമായതിനാല്‍ സംസ്ഥാനത്തിന്‍െറ അപ്രമാദിത്വം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായിവരെ മീറ്റ് വെവ്വേറെ നടത്തുന്നത് വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മുന്നേറ്റമാണ് കേരളത്തിന് രണ്ടു പതിറ്റാണ്ടോളമായി കിരീടം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.


ആണിനും പെണ്ണിനും വെവ്വേറെ
കായികരംഗത്തെ പ്രമുഖര്‍ ഇതിനോട് യോജിക്കുന്നും വിയോജിക്കുന്നുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്ന വേദികളാണ് മഹാരാഷ്ട്രയിലേതെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ അഞ്ജു ബോബി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. അവിടെ മീറ്റ് ഒരുമിച്ചു സംഘടിപ്പിക്കാനുള്ള സൗകര്യം വേണ്ടുവോളമുണ്ട്. വെവ്വേറെ നടത്തിയാല്‍ മറ്റു ചാമ്പ്യന്‍ഷിപ് സ്വന്തമാക്കാനാകുമെന്ന് പ്രചാരണമുണ്ടായി. ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയില്ളെങ്കിലും വിവേചനം അനുവദിക്കാന്‍ കഴിയില്ളെന്ന് അഞ്ജു പറയുന്നു.
സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ) കമ്മിറ്റി കൂടി തീരുമാനിച്ചതാണ് വേദിയെന്ന് കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി എം. വേലായുധന്‍കുട്ടി. മലയാളികള്‍ കേട്ടിട്ടുപോലുമില്ലാത്ത പല മത്സരങ്ങളും ഗെയിംസിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇവയില്‍ ജേതാക്കളാകുന്നത്. അത്ലറ്റിക്സിലും ഗെയിംസിലെ ചില ഇനങ്ങളിലും മാത്രമേ കേരളമുള്ളൂ. ഗെയിംസ് മത്സരങ്ങള്‍ പല വേദികളിലായാണ് നടത്താറ്. എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ പരസ്പരം കാണാം എന്നതില്‍ കവിഞ്ഞ് ദേശീയ സ്കൂള്‍ കായികമേളയിലെ ആണ്‍, പെണ്‍ മത്സരങ്ങള്‍ ഒരുമിച്ച് നടത്തുന്നതില്‍ പറയത്തക്ക പ്രയോജനമുണ്ടെന്ന് തോന്നുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഒരുമിച്ച് നടത്തുക പ്രയാസമാണെങ്കിലും വെവ്വേറെയാക്കുന്നത് ലിംഗവിവേചനമാണെന്ന കാര്യത്തില്‍ സംശയമില്ളെന്നാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍െറ അഭിപ്രായം. നമ്മള്‍ മാതൃകയാക്കേണ്ടത് ഒളിമ്പിക്സിനെയും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളെയുമൊക്കെയാണ്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഒരേ വേദിയിലാണ് ഇവ നടത്തുന്നത്. സ്കൂള്‍ കായികമേളയും കാലങ്ങളായി ഇപ്രകാരമായിരുന്നു. ഇക്കുറി മാത്രം ഈ ചര്‍ച്ച എങ്ങനെ വന്നു എന്നാണ് മനസ്സിലാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.

വെല്ലുവിളി ഏറ്റെടുത്ത് കേരളം
ഒരു ദേശീയ മീറ്റ് പെട്ടെന്ന് ഏറ്റെടുക്കാന്‍ പറയുമ്പോള്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണെന്നാണ് ഇടക്ക് കേരളം പിന്‍വാങ്ങിയതിനെക്കുറിച്ച് അഞ്ജു പറയുന്നത്. ഒരുക്കം മാസങ്ങള്‍ക്കുമുമ്പേ തുടങ്ങേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ മഹാരാഷ്ട്ര പിന്മാറി. വേറെ ചില വേദികളെക്കുറിച്ചും ചര്‍ച്ച വന്നു. ഒടുവില്‍ കേരളംതന്നെ ഏറ്റെടുത്തു. മികച്ച രീതിയില്‍ ഇത് സംഘടിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ മീറ്റ് നടത്തുക എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇക്കുറി നേരിട്ട് മനസ്സിലാക്കാമെന്ന് സക്കീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. മീറ്റ് നീണ്ടതിനാല്‍ ഇത്തവണ താരങ്ങളുടെ പങ്കാളിത്തം കുറയും എന്ന് പറയുന്നു.  വിജയകരമായി പരിസമാപ്തിയിലത്തെിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. യാത്ര, ഭക്ഷണം, താമസം മുതലായവ കുറ്റമറ്റതാക്കുകയാണ് പ്രധാനം. ടെക്നിക്കലി പ്രശ്നങ്ങളുണ്ടാകില്ളെന്നും സക്കീര്‍ ഹുസൈന്‍ പറയുന്നു.
ഒരു വേദിയില്‍ ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്ന് വേലായുധന്‍കുട്ടി. അത് നമുക്ക് കോഴിക്കോട്ട് നേരിട്ട് മനസ്സിലാക്കാം. മത്സരാര്‍ഥികളുടെ എണ്ണം കുറയുമ്പോള്‍ നിലവാരം കൂടും. സ്ഥിരമായി ജേതാക്കളാവുന്ന കേരളത്തിനെതിരായ നീക്കമായിരുന്നു മത്സരങ്ങള്‍ വെവ്വേറെ നടത്താനുള്ള ശ്രമമെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കണ്ടു. ഇതില്‍ അടിസ്ഥാനമില്ല. മഹാരാഷ്ട്രക്കാര്‍ അവരുടെ നടത്തിപ്പ് സൗകര്യം മാത്രമാണ് നോക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂനിയര്‍ മീറ്റിലും വേണം ശ്രദ്ധ
റാഞ്ചിയില്‍ ഇയ്യിടെ നടന്ന ദേശീയ ജൂനിയര്‍ മീറ്റിന് മുന്‍നിര താരങ്ങളെ അയക്കാന്‍ കേരളത്തിനാകാഞ്ഞത് കേരളത്തില്‍ ജില്ല, സംസ്ഥാന സ്കൂള്‍ മീറ്റുകളുടെ സമയമായതിനാലാണെന്ന് അഞ്ജു ചൂണ്ടിക്കാട്ടി. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന മീറ്റുകളുടെ കലണ്ടര്‍ പുന$ക്രമീകരണം അത്യാവശ്യമാണ്. ഇതിനായി വിവിധ ഫെഡറേഷനുകളെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ കുട്ടികളുടെ അവസരങ്ങള്‍ നഷ്ടമാകുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്നും അഞ്ജു വ്യക്തമാക്കി.
ദേശീയ ജൂനിയര്‍ മീറ്റിനേക്കാള്‍ പ്രാധാന്യം സംസ്ഥാന സ്കൂള്‍ മീറ്റിനാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സക്കീര്‍ ഹുസൈനും വേലായുധന്‍കുട്ടിയും ചൂണ്ടിക്കാട്ടുന്നു. ദേശീയ ക്യാമ്പില്‍ സ്ഥാനംകിട്ടാനും അന്തര്‍ദേശീയ തലത്തിലേക്ക് ഉയരാനും ജൂനിയര്‍ മീറ്റിലെ പങ്കാളിത്തം അത്യാവശ്യമാണ്. എന്നാല്‍, സ്കൂളുകളുടെ സ്ഥാപിത താല്‍പര്യങ്ങളില്‍ കുടുങ്ങി ഇവയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കുട്ടികളെന്ന് വേലായുധന്‍കുട്ടിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റും ജൂനിയര്‍ മീറ്റും ഏകദേശം ഒരേ സമയത്തായിരുന്നു. ഇതുമൂലം കേരളത്തിന് ഒന്നാംനിര താരങ്ങളെ അയക്കാനാവാഞ്ഞത് നഷ്ടമായെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു.


comments

അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്ന വേദികളാണ് മഹാരാഷ്ട്രയിലേത്. കേരളത്തോട് ഒരു ദേശീയ മീറ്റ് പെട്ടെന്ന് ഏറ്റെടുക്കാന്‍ പറയുമ്പോള്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഇതുമൂലം ചെറിയ ആശയക്കുഴപ്പമുണ്ടായി. താരങ്ങളോടുള്ള ആണ്‍, പെണ്‍ വിവേചനം അനുവദിക്കാന്‍ കഴിയില്ല
-അഞ്ജു ബോബി ജോര്‍ജ് (സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്)

മലയാളികള്‍ കേട്ടിട്ടുപോലുമില്ലാത്ത പല മത്സരങ്ങളും ഗെയിംസിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇവയില്‍ ജേതാക്കളാവുന്നത്. എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ പരസ്പരം കാണാം എന്നതില്‍ കവിഞ്ഞ് ദേശീയ സ്കൂള്‍ കായികമേളയിലെ ആണ്‍, പെണ്‍ മത്സരങ്ങള്‍ ഒരുമിച്ച് നടത്തുന്നതില്‍ പറയത്തക്ക പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
-ഡോ. എം. വേലായുധന്‍കുട്ടി (കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി)

ദേശീയ മീറ്റ് നടത്തുക എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇക്കുറി നേരിട്ട് മനസ്സിലാക്കാം. വിജയകരമായി പരിസമാപ്തിയിലത്തെിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. യാത്ര, ഭക്ഷണം, താമസം മുതലായവ കുറ്റമറ്റതാക്കുകയാണ് പ്രധാനം. ടെക്നിക്കലി പ്രശ്നങ്ങളുണ്ടാകില്ല. വെവ്വേറെയാക്കുന്നത് ലിംഗവിവേചനമാണെന്ന കാര്യത്തില്‍ സംശയമില്ല.
-ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ (കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി)

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.