ആചാര്യ ദേവോ ഭവ...

കായികമോഹവുമായി തോമസ് മാഷിന്‍െറ മടയിലത്തെുന്നവര്‍ക്കു നേരെ അദ്ദേഹം വിരല്‍ത്തുമ്പ് നീട്ടിയിട്ടില്ല. പകരം കുരുന്നുകൈകളില്‍  തൂമ്പ വെച്ചുനല്‍കി. കുട്ടികളെ കിളക്കാന്‍ പറഞ്ഞുവിട്ടിട്ട് അദ്ദേഹം ഓരോരുത്തരെയും നിരീക്ഷിച്ചുകൊണ്ട് അല്‍പം മാറിനില്‍ക്കും. ചിലര്‍ വളരെ വേഗത്തില്‍ കിളക്കും. അവര്‍ക്ക് ലോങ്ജംപിലും സ്പ്രിന്‍റ് ഇനങ്ങളിലുമാവും ഇടം. ചിലര്‍ കിളച്ചുകൊണ്ടേയിരിക്കും. സ്റ്റാമിന കൂടുതലുള്ള ഇത്തരക്കാരെ ദീര്‍ഘദൂര ഇനങ്ങളിലേക്ക്  ഓടിച്ചുകയറ്റും. മാഷ് നോക്കുന്നുവെന്ന് തോന്നുമ്പോള്‍ മാത്രം കിളക്കുന്നൊരു കൂട്ടമുണ്ടാകും. മാഷിന്‍െറ വാക്കുകളില്‍ കള്ളക്കാളകള്‍. അവരെ തള്ളിക്കളയും. ഇങ്ങനെ തൂമ്പാപ്പിടികൊണ്ട് വേര്‍തിരിച്ചെടുത്താണ്  ഒരുപിടി താരങ്ങളെ കോരുത്തോട് കുരിശിങ്കല്‍ കെ.പി. തോമസ് എന്ന തോമസ് മാഷ് ലോകവേദികളില്‍ പൊന്നുഷസ്സായി ഓടിച്ചുകയറ്റിയത്.

പട്ടാളബാരക്കുകളിലെ സൗകര്യങ്ങളുടെ വലിയ ലോകത്തുനിന്ന് കോരുത്തോട് സി. കേശവന്‍ സ്മാരക സ്കൂളിന്‍െറ മുറ്റത്തത്തെുമ്പോള്‍ വട്ടപ്പൂജ്യമായിരുന്നു തോമസ് മാഷിന് മുന്നില്‍. ഗ്രൗണ്ട് എന്നൊരു സംഗതിയേയില്ല. കായിക ഉപകരണങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തൊരു വിദ്യാര്‍ഥിക്കൂട്ടം. കുട്ടികളെ ഓടിക്കുന്നത് ഇഷ്ടപ്പെടാത്ത അധ്യാപകര്‍. എന്നാല്‍, വെല്ലുവിളികള്‍ ഈ മുന്‍ സൈനികന് ഊര്‍ജമാവുകയായിരുന്നു.
കായികമേഖലയില്‍ താല്‍പര്യമുള്ള കുട്ടികളെ മാഷ് വിളിച്ചുകൂട്ടി. കിട്ടിയ പണിയായുധങ്ങളെല്ലാം നല്‍കി ഗ്രൗണ്ട് രൂപപ്പെടുത്താന്‍ ആവശ്യപ്പെട്ടു. വെട്ടിയും കിളച്ചും ഗ്രൗണ്ട് എന്ന സ്വപ്നത്തിലേക്ക് വിദ്യാര്‍ഥികള്‍ നീങ്ങുന്നതിനിടെ മാഷ് കള്ളക്കാളകളെയും ഭാവിതാരങ്ങളെയും തിരയുന്ന തിരക്കിലായിരുന്നു. ജോലിയില്‍ വേഗവും കൃത്യതയും കണ്ടറിഞ്ഞ് ഒരോരുത്തര്‍ക്കും ഇണങ്ങുന്ന ഇനങ്ങള്‍ അദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു. തുടര്‍ന്ന് പട്ടാളച്ചിട്ടയില്‍ പരിശീലനം. പിന്നെ കണ്ടത് തോമസ് മാഷിന്‍െറ ശിഷ്യന്മാരും ശിഷ്യകളും കൗമാര കായിക കേരളത്തിന്‍െറ പൂവും പ്രസാദവുമായി മാറുന്നതായിരുന്നു.

16 വര്‍ഷത്തെ പട്ടാള ജീവിതത്തിനുശേഷം 1979ലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസില്‍  കെ.പി. തോമസ് എന്ന കോരുത്തോടുകാരന്‍  കായികാധ്യാപകനായി എത്തുന്നത്.  സ്കൂളുമായി ബന്ധമുണ്ടായിരുന്ന മിലിട്ടറി ഓഫിസറാണ്  തോമസിനെ പരിശീലകനാക്കണമെന്നആശയം അധികൃതര്‍ക്ക് മുന്നില്‍ വെച്ചത്. ഇതോടെ ഗ്രൗണ്ടും കുട്ടികളും ഈ ആചാര്യന് ജീവിതമായി. പിന്നെ കണ്ടത് കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്കൂളിന്‍െറ ചിറകിലേറി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കുതിക്കുന്ന ചിത്രം.  കോരുത്തോടും കാഞ്ഞിരപ്പള്ളിയും ചേര്‍ന്ന്  സ്കൂള്‍ കായികമേളയുടെ തലവരതന്നെ മാറ്റിവരച്ചു. കോരുത്തോടുകാര്‍ സ്വര്‍ണത്തിലേക്ക് ഓരോതവണയും ചാടിക്കയറുമ്പോഴും ആ ആവേശം കേരളമനസ്സിലേക്കും പടര്‍ന്നുകയറി. മേള സംസ്ഥാനത്തിന്‍െറ കായികോത്സവമായി മാറി. തുടര്‍ച്ചയായി 16 വര്‍ഷത്തോളമാണ് കോരുത്തോടുകാര്‍ കിരീടത്തിലേക്ക് ഓടിക്കയറിയത്. ദേശീയ സ്കൂള്‍ മീറ്റുകളിലും മാഷിന്‍െറ കുട്ടികള്‍ നിറസാന്നിധ്യമായി.
മാഷിന്‍െറ വിജയമന്ത്രവുമായി അഞ്ജു ബോബി ജോര്‍ജ്, ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്, ജോസഫ് ജി. എബ്രഹാം, സി.എസ്. മുരളീധരന്‍, മോളി ചാക്കോ തുടങ്ങി നിരവധി താരങ്ങളാണ് ലോകവേദികളില്‍ മിന്നലാട്ടം സൃഷ്ടിച്ചത്.  രാജ്യത്തിന്‍െറ കായികസ്വപ്നങ്ങള്‍ക്ക് സുവര്‍ണശോഭ നല്‍കിയ പരിശീലക രംഗത്തെ ഈ വേറിട്ട വ്യക്തിത്വത്തിന്‍െറ കൈപിടിച്ച്  1017 പേരാണ് ജോലിയെന്ന സുരക്ഷിത കുപ്പായം എത്തിപ്പിടിച്ചത്്. എന്നാല്‍, പഞ്ചപാണ്ഡവരില്‍ അര്‍ജുനനോട് ദ്രോണാചാര്യര്‍ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യം മാഷിനും ഒരാളോടുണ്ട്. അത് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കൊയ്ത അഞ്ജു ബോബി ജോര്‍ജിനോടാണ്.

 ഗുരുമുഖത്തുനിന്ന് പാഠങ്ങള്‍ നുകര്‍ന്ന് ഗുരുസന്നിധിയില്‍ത്തന്നെ താമസിക്കുന്നൊരു സമ്പ്രദായത്തിനും മാഷ് വിത്തിട്ടു. കായികമേളകളില്‍ താരങ്ങള്‍ക്കൊപ്പം കുടുംബസമേതമത്തെിയ തോമസ് മാഷ് അവര്‍ക്ക് അധ്യാപകനും രക്ഷിതാവുമായി. അച്ചടക്കത്തിന്‍െറയും അനുസരണയുടെയും ബാറ്റണുകള്‍ അദ്ദേഹം ശിഷ്യരിലേക്ക് പകര്‍ന്നു. കുഞ്ഞുകാര്യങ്ങളിലടക്കം അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. മുട്ടക്കുട്ടികളും കപ്പക്കുട്ടികളുമെന്ന വലിയൊരു വിശേഷണവും ഇക്കാലത്ത് ഗ്രൗണ്ടുകളില്‍ പടര്‍ന്നുകയറി. മാഷും അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് തന്‍െറ കുട്ടികളെ കപ്പക്കുട്ടികളെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സഹായത്തോടെ മികച്ച ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളോടെ എത്തുന്ന സ്പോര്‍ട്സ് ഡിവിഷനുകളിലെ താരങ്ങളെ പിന്നിലാക്കി തന്‍െറ കുട്ടികള്‍ ട്രാക്കില്‍ തീപ്പൊരികളാകുന്നത് മലയോരത്തെ നല്ല കപ്പ കഴിച്ചിട്ടാണെന്നായിരുന്നു അദ്ദേഹത്തിന്‍െറ പക്ഷം. ഇപ്പോഴും കുട്ടികളെപ്പോലെ അദ്ദേഹം പരിപാലിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അത് തന്‍െറ കൃഷിയിടമാണ്.  വണ്ണപ്പുറത്തും വലിയൊരു കൃഷിത്തോട്ടം അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.
 2003ലെ കണ്ണൂര്‍ മീറ്റുവരെ തുടര്‍ന്ന തോമസ് മാഷിന്‍െറ പടയോട്ടം പിന്നീട് നിലച്ചു. തുടര്‍ന്ന് ട്രാക്കുകള്‍ കോതമംഗലം സ്കൂളുകള്‍  പിടിച്ചെടുത്തു. ഇതിനിടെ, കോരുത്തോടിനെ കൈവിട്ട്  ഏന്തയാര്‍ ജെ.ജെ മര്‍ഫിയിലത്തെി. തുടര്‍ന്ന്് വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസിന്‍െറ കോച്ചായി അദ്ദേഹം കുപ്പായമിട്ടു. ഇപ്പോള്‍ 71ലും തളരാത്ത പോരാട്ടവീര്യവുമായി  വണ്ണപ്പുറത്തെ കോച്ചായ മകന്‍ രാജാസിനെ സഹായിച്ച് ഏഴുവര്‍ഷമായി മാഷ് മുഴുസമയവും കളിക്കളത്തിലുണ്ട്. പഴയ പ്രതാപമില്ളെങ്കിലും തന്‍െറ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറായിട്ടുമില്ല. ഇതിനിടെ, കായിക പരിശീലനത്തിനുള്ള പരമോന്നത പുരസ്കാരമായ  ദ്രോണാചാര്യയും അദ്ദേഹത്തെ തേടിയത്തെി.
‘ഇതെന്‍െറ വിജയമല്ല, കുട്ടികളുടെ വിയര്‍പ്പിന്‍െറ വിലയാണ്. ഇവരില്ളെങ്കില്‍ എനിക്കൊന്നുമില്ല. എന്‍െറ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ അവരാണ്’ -ഇങ്ങനെയായിരുന്നു പുരസ്കാര നേട്ടത്തെ അദ്ദേഹം ചുരുക്കിയത്. ഗ്രൗണ്ടും കുട്ടികളും മാത്രം ജീവിതമായി കരുതുന്ന ഈ ആചാര്യന്‍ അങ്ങനെ പറഞ്ഞില്ളെങ്കിലേ അദ്ഭുതമാകുമായിരുന്നുള്ളൂ.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT