നിരാശയില്ലാതെ ജിസ്ന ഗാലറിയില്‍; ലക്ഷ്യം ഒളിമ്പിക്സ്


കോഴിക്കോട്: ഒന്നരമാസം മുമ്പ് അടക്കിവാണ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ട്രാക്കില്‍ കൂട്ടുകാര്‍ ഓടിത്തകര്‍ക്കുന്നത് ഗാലറിയിലിരുന്ന് നോക്കിക്കണ്ട ജിസ്ന മാത്യുവിന് നഷ്ടബോധം ഒട്ടുമില്ല. റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള തയാറെടുപ്പിനായി ഇത്തവണ ദേശീയ സ്കൂള്‍ മീറ്റില്‍നിന്ന് വിട്ടുനിന്ന ജിസ്ന കൂട്ടുകാരികളെ പ്രോത്സാഹിപ്പിക്കാനാണ് പരിശീലകകൂടിയായ ഇന്‍റര്‍നാഷനല്‍ ടിന്‍റു ലൂക്കക്കൊപ്പം ഗാലറിയിലത്തെിയത്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ സെമിയില്‍ ഉഷ സ്കൂളിലെ സ്നേഹയും ഷഹര്‍ബാന സിദ്ദീഖുമൊക്കെ ഒന്നാമതായി ഓടിക്കയറുമ്പോള്‍ ജിസ്ന ആര്‍ത്തുവിളിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റാഞ്ചിയില്‍ നേടിയ തങ്കപ്പതക്കങ്ങളുടെ ഓര്‍മകള്‍ പുതുക്കി. ഇത്തവണ ഇതേ സ്റ്റേഡിയത്തില്‍ സംസ്ഥാന മീറ്റില്‍ റെക്കോഡ് ട്രിപ്ള്‍ നേടിയാണ് ജിസ്ന താരമായത്. പക്ഷേ, ഒളിമ്പിക്സ് എന്ന സ്വപ്നത്തിലേക്ക് കണ്ണയക്കുന്ന താരത്തിന് ദേശീയ മീറ്റിന്‍െറ വേദി സ്വന്തം തട്ടകമായാല്‍പോലും മറ്റൊന്ന് ചിന്തിക്കാനാകില്ല.
ഇവിടെ ഓടാന്‍ കഴിയാത്തതില്‍ ഒട്ടും നിരാശയില്ല. മനസ്സ് നിറയെ ഒളിമ്പിക്സാണ്. ഒളിമ്പിക്സിന് യോഗ്യത നേടുകതന്നെ ചെയ്യും -തികഞ്ഞ ആത്മവിശ്വാസത്തോടെ ജിസ്ന പറഞ്ഞു. പൂവമ്പായി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ ജിസ്നക്ക് സ്കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ അടുത്ത വര്‍ഷംകൂടി അവസരമുണ്ട്. ഒരുപക്ഷേ ഭാഗ്യമനുഗ്രഹിച്ചാല്‍ അന്ന് സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ആദ്യ ഒളിമ്പ്യനെന്ന തിലകവും ഈ ആലക്കോടുകാരിക്കാവും. വിശ്രമത്തിനുശേഷം പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ഉടന്‍ പരിശീലനത്തിനിറങ്ങും. പിന്നാലെ യോഗ്യതാ പോരാട്ടങ്ങളിലേക്ക്.
റിയോയിലേക്ക് ഇതിനകം യോഗ്യത നേടിയ ടിന്‍റുവിനും സ്കൂള്‍ മീറ്റ് മറക്കാനാകാത്ത അനുഭവങ്ങളാണ്. 2004 മുതല്‍ 2007 വരെ തുടര്‍ച്ചയായി നാലു വര്‍ഷം 400, 800 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണം നേടിയ ടിന്‍റുവിന് ഇപ്പോഴും ആദ്യമായി സിന്തറ്റിക് ട്രാക്കിലോടിയ അനുഭവം മറക്കാനാവില്ല. 2002 ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സബ് ജൂനിയര്‍ 600 മീറ്ററില്‍ അന്ന് ടിന്‍റുവിന് ആദ്യമായി ലഭിച്ചത് വെള്ളി മെഡല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT