സസ്നേഹം ഷഹര്‍ബാന

കോഴിക്കോട്: ട്രാക്കും വേദിയും അനുകൂലമായിട്ടും 400 മീറ്ററില്‍ പ്രതീക്ഷിച്ച ഫോമിലേക്കുയരാതെ കേരളം. ആറു സ്വര്‍ണം നീക്കിവെച്ച ഒറ്റലാപ്പ് പോരാട്ടത്തില്‍ കേരളത്തിന്‍െറ അക്കൗണ്ടില്‍ പിറന്നത് രണ്ടു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും മാത്രം. പി.ടി. ഉഷയുടെ ശിഷ്യരായ ഷഹര്‍ബാന സിദ്ദീഖ് സീനിയര്‍ പെണ്‍കുട്ടികളിലും ജൂനിയറില്‍ കെ. സ്നേഹയുമാണ് 61ാമത് ദേശീയ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ സ്വര്‍ണമണിഞ്ഞത്. ഇരുവരും ബാലുശ്ശേരി എ.എം.എച്ച്.എസ്.എസ് പൂവമ്പായിയിലെ വിദ്യാര്‍ഥിനികളാണ്.

സബ്ജൂനിയറില്‍ വെള്ളി നേടിയ സി. ചിത്രയിലും ചാന്ദിനിയിലുമൊതുങ്ങി മറ്റു നേട്ടങ്ങള്‍. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ ഇതേ ഇനത്തില്‍ മൂന്നു സ്വര്‍ണമടക്കം ആറു മെഡലും, 2014ല്‍ രണ്ടു സ്വര്‍ണമണക്കം ആറു മെഡലും നേടിയ സ്ഥാനത്താണ് സ്വന്തംമണ്ണില്‍ വിരുന്നത്തെിയ ദേശീയ പോരാട്ടത്തില്‍ ആതിഥേയരുടെ മെഡല്‍ ദാരിദ്ര്യം. സ്റ്റാര്‍ട്ടിങ്ങിനു പിന്നാലെ മോഹിപ്പിക്കുന്ന പിന്തുണനല്‍കിയ പുതുപുത്തന്‍ ട്രാക്കിലായിരുന്നു വരണ്ട പ്രകടനം. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്‍െറ രണ്ടു താരങ്ങളെ പിന്തള്ളി മഹാരാഷ്ട്രയുടെ തായ് ബമാനെ (58.71സെ) സ്വര്‍ണത്തിലേക്ക് കുതിച്ചുകയറി. ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസിലെ സി. ചിത്ര (1.00) രണ്ടും, കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരിന്‍െറ സി. ചാന്ദിനി (1.00) മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു.
കേരളതാരങ്ങളില്ലാതിരുന്ന സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ബിഹാറിന്‍െറ അഹുതി രഞ്ജന്‍ (51.17 സെ) സ്വര്‍ണമണിഞ്ഞു.

 

400 മീ. സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി നേടിയ സി. ചിത്ര, വെങ്കലം നേടിയ സി. ചാന്ദ്നി
 


സ്നേഹം സുവര്‍ണം
ജൂനിയര്‍ പെണ്‍കുട്ടികളില്‍ എതിരാളികളില്ലാതെയായിരുന്നു ഉഷ സ്കൂളിലെ സ്നേഹയുടെ കുതിപ്പ്. 200 മീറ്റര്‍ പിന്നിടുമ്പോഴേക്കും ലീഡ് നേടിയ സ്നേഹക്ക് റെക്കോഡ് കുറിക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി. 57.01 സെക്കന്‍ഡിലായിരുന്നു 400ല്‍ സ്നേഹയുടെ ആദ്യ കരിയര്‍ ഗോള്‍ഡ്. കോഴിക്കോട് കക്കോടി ചോയിബസാറില്‍ രമേഷ്-സീന ദമ്പതികളുടെ മകളാണ് സ്നേഹ. ആന്ധ്രപ്രദേശിന്‍െറ ദണ്ഡി ജ്യോതിക വെള്ളിയും (58.60സെ), സുമിത ഭൗമിക് (59.14സെ) വെങ്കലവും നേടി. ഈ ഇനത്തില്‍ മറ്റൊരു മലയാളി താരം ലിനറ്റ് ജോര്‍ജ് അഞ്ചാം സ്ഥാനത്തത്തെി.

പയ്യോളി എക്സ്പ്രസ്
വിടവാങ്ങല്‍ സ്കൂള്‍ മേളക്കത്തെിയ പയ്യോളി എക്സ്പ്രസ് ഷഹര്‍ബാന സിദ്ദീഖ് സീനിയര്‍ പെണ്‍കുട്ടികളില്‍ അവസാന 200 മീറ്ററിലെ സ്വപ്നക്കുതിപ്പിലൂടെയായിരുന്നു (56.73 സെ) സ്വര്‍ണമണിഞ്ഞത്. സ്റ്റാര്‍ട്ടിങ്ങില്‍ അല്‍പം താളംപിഴച്ചെങ്കിലും സുന്ദരമായ ഓട്ടത്തിലൂടെ ലീഡ് നേടിയ ഉഷയുടെ പ്രിയ ശിഷ്യ വീണ്ടുമൊരിക്കല്‍ അവിസ്മരണീയ നേട്ടത്തിലേക്ക് ഫിനിഷ് ചെയ്തു. വെല്ലുവിളി ഉയര്‍ത്തിയ തമിഴ്നാടിന്‍െറ വി. ശുഭ രണ്ടും (57.29), കര്‍ണാടകയുടെ  വെനിസ കാരൊള്‍ ക്വാഡ്രസ് (57.92) മൂന്നം സ്ഥാനത്തത്തെി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തമിഴ്നാടിന്‍െറ ആര്‍. നവീന്‍ (48.39സെ) സ്വര്‍ണമണിഞ്ഞു. ഡല്‍ഹിയുടെ മലയാളി അത്ലറ്റ് അമോല്‍ ജേക്കബ് (48.60) വെള്ളിയും മഹാരാഷ്ട്രയുടെ ഹര്‍ഷവര്‍ധന്‍ ഭോസ്ലെ (49.91) വെങ്കലവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ തെലങ്കാനയുടെ ധനവത് ശ്രീകാന്തിനായിരുന്നു സ്വര്‍ണം (48.97). കേരളത്തിന്‍െറ എം.കെ. ശ്രീകാന്ത് നാലാമതായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT