ആവേശം കത്തിക്കയറി ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയുടെ രണ്ടാംദിനം മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ആവേശം കത്തിക്കയറി. നൂറു കണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ നടന്ന മത്സരങ്ങളില്‍ ഭൂരിഭാഗത്തിലും ആതിഥേയര്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇവിടേക്ക് ഒഴുകിയത്തെിയ കായികപ്രേമികള്‍ക്ക് വിരുന്നായി. പ്രധാനമായും യോഗ്യതാമത്സരങ്ങള്‍ അരങ്ങേറിയ ഉച്ചക്ക് മുമ്പത്തെ സെഷനില്‍ കാഴ്ചക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍, ഉച്ചക്കുശേഷം കഥമാറി.

ഓരോ ഇനത്തിലും ഫൈനലിലേക്ക് യോഗ്യതനേടിയവരെ പ്രഖ്യാപിക്കുമ്പോള്‍ ആതിഥേയതാരങ്ങളുടെ പേരിനുപിന്നാലെ നിര്‍ത്താതെ കൈയടി മുഴങ്ങി. ഗ്ളാമര്‍ ഇനങ്ങളിലൊന്നായ പോള്‍വാള്‍ട്ട് മത്സരം ആസ്വദിച്ചാണ് തുടങ്ങിയത്. 400 മീറ്റര്‍ ഓട്ടമത്സരങ്ങളുടെ സമയമായപ്പോള്‍ ആരുനേടുമെന്ന ആകാംക്ഷയായിരുന്നു ഓരോ മുഖത്തും. ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ സ്വര്‍ണം ഉഷാ സ്കൂളിനായിരുന്നു. കോഴിക്കോടിന്‍െറ പ്രതിനിധികള്‍ കേരളത്തിനുവേണ്ടി മെഡല്‍വാരുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കിനിന്നു. ടി.വിയിലും പത്രത്തിലും മാത്രംകണ്ട ദേശീയ സ്കൂള്‍ അത്ലറ്റിക് മത്സരങ്ങളില്‍ സ്വന്തം നാട്ടുകാര്‍ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നത് ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചവര്‍.
ത്രോയിനങ്ങളില്‍ കേരളത്തെ പലരും എഴുതിത്തള്ളിയിരുന്നു. എന്നാല്‍, ജൂനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോ സ്വര്‍ണം കൊണ്ടുവന്നതോടെ ഈ ഭാഗത്തേക്കും ശ്രദ്ധതിരിഞ്ഞു. സബ് ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ രണ്ടു മലയാളിതാരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നതിനാല്‍ ഇതിലായിരുന്നു അടുത്ത പ്രതീക്ഷ. വീണ്ടും ഒന്നാം സ്ഥാനം വന്നതോടെ മെഡല്‍പ്പട്ടികയിലെ മുന്നേറ്റം കേരളം അരക്കിട്ടുറപ്പിച്ചു. മീറ്റിലെ വേഗതാരങ്ങളെ തീരുമാനിക്കുന്ന 100 മീറ്റര്‍ മത്സരങ്ങള്‍ ഞായറാഴ്ചയാണ്. ആവേശവും കാണികളുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിക്കുമെന്നുറപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.