ലോങ്ജംപില്‍ രുഗ്മോദയം; ആല്‍ഫിക്ക് നിരാശ


കോഴിക്കോട്: ലോങ്ജംപില്‍ പുതിയ താരോദയം. രുഗ്മ ഉദയന്‍. സംസ്ഥാന മീറ്റില്‍ രണ്ടാം സ്ഥാനത്തായ ചിറ്റൂര്‍ ഗവ. വിക്ടോറിയ എച്ച്.എസ്.എസിലെ രുക്മ 5.74 മീറ്റര്‍ ചാടിയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. സംസ്ഥാന മീറ്റില്‍ സ്വര്‍ണംനേടിയ തിരുവനന്തപുരം സായിയിലെ താരവും തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുമായ ആല്‍ഫി ലൂക്കോസിന് വെങ്കലം നേടാനെ ആയുള്ളൂ.
ആല്‍ഫി പിന്നോട്ടുപോയപ്പോള്‍ കേരളത്തിനായി അപ്രതീക്ഷിത കുതിപ്പുമായി ശ്രദ്ധേയയാകുകയായിരുന്നു രുക്മ. സംസ്ഥാന മീറ്റില്‍ 5.69 മീറ്റര്‍ ചാടിയ ആല്‍ഫിക്ക് ഇവിടെ 5.52 മീറ്ററാണ് ചാടാനായത്. എന്നാല്‍, സംസ്ഥാന മീറ്റില്‍ ആല്‍ഫിക്കു പിന്നിലായി 5.66 മീറ്റര്‍ ചാടിയ രുഗ്മ 5.74 മീറ്ററിന്‍െറ കുതിപ്പുമായാണ് ദേശീയ മീറ്റില്‍ സ്വര്‍ണമണിഞ്ഞത്. പാലക്കാട് ചിറ്റൂര്‍ കൊടുമ്പില്‍ രാരത്ത് ഉദയന്‍െറയും ഷൈനിയുടെയും മകളാണ് രുക്മ. കൃഷിക്കാരനായ അച്ഛനും രുക്മയുടെ നേട്ടത്തില്‍ സന്തോഷം. 2014ല്‍ ദേശീയ സ്കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോങ്ജംപിലും ട്രിപ്ള്‍ ജംപിലും രുക്മ സ്വര്‍ണം നേടിയിരുന്നു. യൂത്ത് നാഷനല്‍ മീറ്റില്‍ ലോങ്ജംപില്‍ വെങ്കലവും ട്രിപ്ള്‍ ജംപില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. എം. അരവിന്ദാക്ഷനു കീഴിലാണ് രുക്മയുടെ പരിശീലനം. പശ്ചിമബംഗാളിന്‍െറ സോമ കര്‍മാകറിനാണ് (5.67) ഈയിനത്തില്‍ വെള്ളി. ഇനി ട്രിപ്ള്‍ ജംപിലും ആല്‍ഫിയും രുക്മയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര് സ്വര്‍ണം നേടിയാലും കേരളത്തിന് രണ്ടു മെഡല്‍ ഉറപ്പാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT