ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്സ് ട്രയല്‍സില്‍ നിന്ന് പിന്മാറി

കിംഗ്സ്റ്റണ്‍: ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഒളിമ്പിക്സ് ട്രയല്‍സില്‍ നിന്ന് പിന്മാറി. 100 മീറ്റര്‍ ഫൈനലിനു മുമ്പാണ് ഇതിഹാസ താരം പിന്മാറിയത്. പരിക്ക് കാരണമാണ് പിന്മാറ്റമെന്ന് ബോള്‍ട്ട് അറിയിച്ചു. ഇതോടെ ബോള്‍ട്ട് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കാര്യം സംശയത്തിലായി. ബോള്‍ട്ടിന്  ശാരീരിക ക്ഷമത വീണ്ടെടുക്കാൻ ജമൈക്കന്‍ അത്ലറ്റിക്സ് അഡ്മിനിസ്ട്രേറ്റീവ് അസോസിയേഷന്‍ ഒരു അവസരം കൂടി നൽകുമെന്നാണ് കരുതുന്നത്.

100 മീറ്ററിനോ 200 മീറ്ററിനോ 4X100 മീറ്റര്‍ റിലേയിലോ നേരിട്ട് മത്സരിക്കാൻ ഉസൈന്‍ ബോള്‍ട്ടിനടക്കം കഴിയില്ല. ആദ്യം യോഗ്യതാ മത്സരത്തില്‍ കഴിവുതെളിയിക്കണം. അതാണ് ജമൈക്കന്‍ നിയമം. അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷന്‍െറ മത്സരത്തില്‍ ഈ പ്രശ്നമില്ല. നേരിട്ടുപോയി ഓടാം.  ജമൈക്കയിൽ യൊഹാന്‍ ബ്ലേക്, നിക്കല്‍ അഷ്മീഡ് എന്നിവര്‍ ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്നവരാണ്. നാലുവര്‍ഷം മുമ്പ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ട്രയല്‍സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മറികടന്നവനാണ് യൊഹാന്‍ ബ്ലേക്. ഈ സീസണില്‍ 9.94 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിപ്പിടിക്കുകയും ചെയ്തവരാണ് ബ്ലേക്കും അഷ്മീഡും. മാത്രമല്ല, 10 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ താണ്ടിയ അസഫ പവലും കെമര്‍ ബെയ്ലി കോലെയും വെല്ലുവിളിയുയർത്തുന്നവരാണ്.

ഈ വര്‍ഷത്തെ ഏറ്റവുംമികച്ച വേഗം കുറിച്ചത് ഉസൈന്‍ ബോള്‍ട്ടായിരുന്നില്ല. ഫ്രാന്‍സിന്‍െറ ജിമ്മി വികോട്ട് കുറിച്ച 9.86 സെക്കന്‍ഡാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വേഗം. 29കാരനായ ഉസൈന്‍ ബോള്‍ട്ടിന്‍െറ ഈ വര്‍ഷത്തെ മികച്ച വേഗമാകട്ടെ 9.88 സെക്കന്‍ഡും. 200 മീറ്ററില്‍ ഈ വര്‍ഷം ബോള്‍ട്ട് ഇതുവരെ കളത്തിലിറങ്ങിയിട്ടുമില്ല. 20.07 സെക്കന്‍ഡില്‍ 200 മീറ്റര്‍ കടന്ന അഷ്മീഡിന്‍െറ പേരിലാണ് ഈ വര്‍ഷത്തെ മികച്ച സമയം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT