ഒളിമ്പിക്സിന് റെക്കോഡ് സംഘം; ഉയരങ്ങളില്‍ ‘ടോപ്’

കോഴിക്കോട്: ഒളിമ്പിക്സ് എന്ന കായികമാമാങ്കത്തില്‍ നൂറുകോടി ജനതക്ക് നൂറുപേരുപോലും മാറ്റുരക്കാന്‍ ഇല്ളെന്ന സ്ഥിതിയായിരുന്നു പണ്ട്. എന്നാല്‍, റിയോ ഒളിമ്പിക്സില്‍ 123 താരങ്ങളാണ് ഇന്ത്യക്കായി പോരിനിറങ്ങുന്നത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 83 പേരാണ് പടക്കിറങ്ങിയത്. അത്ലറ്റിക്സില്‍ 39 താരങ്ങള്‍ യോഗ്യത നേടിയതും ചരിത്രമാണ്. സിഡ്നി ഒളിമ്പിക്സില്‍ 29 അത്ലറ്റുകളുണ്ടായിരുന്നതാണ് ഇതിനുമുമ്പുള്ള മികച്ച നേട്ടം. പുരുഷ, വനിതാ ഹോക്കി ടീമില്‍ 32ഉം ഷൂട്ടിങ്ങില്‍ 12ഉം താരങ്ങള്‍ റിയോയിലേക്ക് പറക്കുകയാണ്.

റിയോയിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കാന്‍ കായിക മന്ത്രാലയം തുടങ്ങിയ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടോപ്) പദ്ധതിയുടെ വിജയം കൂടിയാണ് ഈ നേട്ടം. യോഗ്യത നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ക്ക് മികച്ച പരിശീലനവും വിദേശ രാജ്യങ്ങളില്‍ മത്സരപരിചയവും നല്‍കാന്‍ 2014ലാണ് ടോപ് തുടങ്ങിയത്. അനുരാഗ് ഠാകുര്‍ ചെയര്‍മാനും മേരികോം, പി. ഗോപീചന്ദ്, അഞ്ജു ബോബി ജോര്‍ജ്, സൗരവ് ഗാംഗുലി, സായി ഡയറക്ടര്‍ ജനറല്‍, കേന്ദ്ര കായിക മന്ത്രാലയ സെക്രട്ടറി തുടങ്ങിയവരാണ് ടോപ് സമിതിയിലുണ്ടായിരുന്നത്. അനുരാഗ് ഠാകുര്‍ ബി.സി.സി.ഐ പ്രസിഡന്‍റായതോടെ അധ്യക്ഷസ്ഥാനം അഞ്ജുവിന്‍െറ ചുമലിലായി.

യോഗ്യത നേടാന്‍ സാധ്യതയുള്ളവരെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ശേഷം രണ്ടാം ഘട്ടത്തില്‍ ചിലരെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനത്തിനും വിദേശമീറ്റുകളിലെ മത്സരങ്ങള്‍ക്കും സഹായമേകി. മുമ്പ് അതത് ഫെഡറേഷനുകളായിരുന്നു പരിശീലനത്തിനും മറ്റും സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കിയിരുന്നത്. അതിനൊപ്പം സ്പോണ്‍സര്‍മാരുടെ സഹായത്താലും സ്വന്തം കീശയില്‍നിന്ന് പണമെടുത്തുമായിരുന്നു ഒളിമ്പിക്സിന് തയാറായിരുന്നത്. താരങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് സൗകര്യങ്ങളൊരുക്കിയത്. ആവശ്യത്തിന് പണവും സൗകര്യങ്ങളും ലഭിച്ചതോടെ താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായെന്ന് ടോപ് ചെയര്‍പേഴ്സനായ അഞ്ജു ബോബി ജോര്‍ജ് പറയുന്നു. ‘അഭിമാന നിമിഷമാണിത്. 120 പേരെ റിയോയിലേക്കയക്കണമെന്നായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ ലക്ഷ്യത്തിലത്തെുമോ എന്ന സംശയത്തിലായിരുന്നു’ -അഞ്ജു പറഞ്ഞു.

2020ലെയും ’24ലെയും ഒളിമ്പിക്സിനായി കുഞ്ഞുതാരങ്ങളെ കണ്ടത്തെി പരിശീലനം തുടങ്ങിയിട്ടുണ്ട്. 2024ല്‍ 300 പേര്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കുപ്പായമണിയുമെന്നാണ് അഞ്ജുവിന്‍െറ പ്രതീക്ഷ. പദ്ധതിയില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. അവരും ഇപ്പോള്‍ ടോപ് പദ്ധതിയുടെ കീഴിലാണ്. ടോപിന്‍െറ ചുമതലയുള്ള മേരികോമിന് ബോക്സിങ്ങില്‍ യോഗ്യത നേടാനായില്ളെന്നതും ശ്രദ്ധേയമാണ്.

ഹോക്കി ടീമിനെ നയിക്കുന്ന പി.ആര്‍. ശ്രീജേഷടക്കം മലയാളികളും ഇന്ത്യന്‍ ടീമില്‍ ഏറെയുണ്ട്. അത്ലറ്റിക്സില്‍ രഞ്ജിത് മഹേശ്വരി,  ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, ടി. ഗോപി, ടിന്‍റു ലൂക്ക, ഒ.പി. ജെയ്ഷ തുടങ്ങിയവര്‍ റിയോയില്‍ ട്രാക്കിലും ജംപിങ്പിറ്റിലുമിറങ്ങും. 4x400 മീറ്റര്‍ റിലേയില്‍ കുഞ്ഞിമുഹമ്മദ്, അനില്‍ഡ തോമസ് അടക്കമുള്ളവരും റിയോയിലത്തെും. നീന്തലില്‍ സാജന്‍ പ്രകാശും മലയാളിത്തിളക്കമായുണ്ട്. അതേസമയം, എം.ആര്‍. പൂവമ്മക്കും ആരോക്യ രാജീവിനും വ്യക്തിഗതയിനത്തില്‍ പ്രതീക്ഷ പുലര്‍ത്താനായില്ല.

അത്ലറ്റിക്സില്‍ യോഗ്യത നേടിയ താരങ്ങളില്‍ പലരും ഉറുഗ്വായിയില്‍ പരിശീലിക്കാന്‍ പോകുകയാണ്. ബ്രസീലിന്‍െറ അയല്‍നാടെന്ന നിലയില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഈ യാത്ര. അതേസമയം, ഇന്ത്യയുടെ ശ്രദ്ധേയതാരമായ ടിന്‍റു ലൂക്കക്ക് ടോപ് പദ്ധതിയില്‍ സഹായം കിട്ടിയിട്ടില്ളെന്ന ആക്ഷേപമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.