കൊടുംചതി

ന്യൂഡല്‍ഹി: ഒളിമ്പിക് മോഹങ്ങളുമായി റിയോയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തെയും ആരാധകരെയും ഞെട്ടിച്ച ഉത്തേജക വിവാദത്തിനു പിന്നിലെ ദുരൂഹതയേറുന്നു. ഉത്തേജകകുരുക്കില്‍ തന്നെ ചതിയില്‍പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി മരുന്നടി വിവാദത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് രംഗത്തുവന്നിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. ഒളിമ്പിക് ടീമില്‍നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് നര്‍സിങ് പറയുന്നത്. ‘കോടതിയുടെ ഇടപെടലിലൂടെയാണ് ഞാന്‍ ഒളിമ്പിക് ടീമില്‍ ഇടംപിടിച്ചതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്‍െറ ജീവനുപോലും ഭീഷണിയുണ്ടെന്ന് സി.ഐ.ഡിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് റിയോയിലേക്ക് ഞാന്‍ പോകുന്നത് തടയാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ്’  - നര്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കാന്‍റീനില്‍നിന്ന് തനിക്കുനല്‍കിയ ഭക്ഷണത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്നും അതിലൂടെയാണ് നിരോധിത മരുന്നിന്‍െറ സാമ്പ്ള്‍ തന്‍െറ ശരീരത്തില്‍ കടന്നതെന്നും നര്‍സിങ് വിശദീകരിക്കുന്നു. ഗുസ്തി ഫെഡറേഷന് താന്‍ പരാതി നല്‍കിയിട്ടുണ്ട്. തന്‍െറ നിരപരാധിത്വം തെളിയിക്കാനായി ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) മുമ്പാകെ ബുധനാഴ്ച നര്‍സിങ് ഹാജരാവുന്നുണ്ട്.

ഒളിമ്പിക്സിന് വെറും 10 നാള്‍ മാത്രം ശേഷിക്കെയാണ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നര്‍സിങ് യാദവിന്‍െറ സാമ്പ്ളില്‍ നിരോധിത മരുന്നായ മെഥന്‍ഡൈനോണിന്‍െറ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യം കണ്ടത്തെിയത്. 74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഇനത്തിലാണ് നര്‍സിങ് മത്സരിക്കുന്നത്. രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍ കുമാറിനെ നിയമ യുദ്ധത്തില്‍ മറികടന്നായിരുന്നു നര്‍സിങ് ഒളിമ്പിക്സ് ടിക്കറ്റ് നേടിയത്. ബി സാമ്പ്ളിലും ഉത്തേജകമരുന്നിന്‍െറ അംശം കണ്ടത്തെിയതോടെ നര്‍സിങ്ങിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്.

ബുധനാഴ്ച നാഡ പാനലിനു മുമ്പാകെ ഹാജരാകുമെന്നും തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും റിയോയിലേക്ക് പോകാനാവുമെന്നും ഉറച്ചു വിശ്വസിക്കുന്നതായി 26കാരനായ നര്‍സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനിടയില്‍, സോനപതിലെ സായി കേന്ദ്രത്തില്‍ നര്‍സിങ്ങിന്‍െറ റൂമില്‍ ഒപ്പം താമസിക്കുന്ന സന്ദീപ് യാദവിന്‍െറ സാമ്പ്ളിലും ഇതേ മരുന്നിന്‍െറ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യം കണ്ടത്തെിയതായും അട്ടിമറി നടന്നുവെന്നതിന് ശക്തമായ സൂചനയാണിതെന്നും ഗുസ്തി ഫെഡറേഷന്‍െറ അസി. സെക്രട്ടറി വിനോദ് തോമര്‍ വെളിപ്പെടുത്തി.  ഒരേ മുറിയില്‍ താമസിക്കുന്ന രണ്ടുപേര്‍ക്കും ഒരേ ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്. നര്‍സിങ്ങിന്‍െറ ഇത്രയും കാലത്തെ കായിക ജീവിതത്തില്‍ ഇങ്ങനെയൊരു ആരോപണമുണ്ടായിട്ടില്ളെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാവാമെന്നും തോമര്‍ പറയുന്നു.


ഉത്തേജക വിവാദത്തിനു പിന്നിലെ എട്ടു കാര്യങ്ങള്‍

1) മെഥന്‍ഡൈനോണ്‍
അനബോളിക് സ്റ്റിറോയ്ഡ് വിഭാഗത്തില്‍പെട്ട മെഥന്‍ഡൈനോണിന്‍െറ അംശമാണ് നര്‍സിങ്ങിന്‍െറ സാമ്പ്ളില്‍ കണ്ടത്തെിയത്. ഭാരം കൂട്ടാനും കരുത്ത് വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ മരുന്ന്. ഗുസ്തിതാരങ്ങള്‍ ഭാരം കുറക്കാന്‍ കഠിന പരിശ്രമം നടത്തുമ്പോള്‍ ഈ മരുന്ന് നര്‍സിങ് ഉപയോഗിച്ചുവെന്നത് അട്ടിമറി സംശയത്തെ ബലപ്പെടുത്തുന്നു. 74 കിലോ വിഭാഗത്തിലാണ് നര്‍സിങ് മത്സരിക്കുന്നത്.

2) സൗഹൃദമത്സരത്തില്‍ മരുന്നടിയോ?
2015 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ നര്‍സിങ് റിയോ ഒളിമ്പിക്സിനുമുന്നായി സ്പെയിനില്‍ നടന്ന വാംഅപ് മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത സാമ്പ്ളിലാണ് ഉത്തേജകത്തിന്‍െറ അംശം കണ്ടത്തെിയത്. ഒളിമ്പിക് മത്സരം കൈയകലത്തില്‍ നില്‍ക്കെ വാംഅപ് മത്സരത്തില്‍ എന്തിന് ഉത്തേജകം ഉപയോഗിക്കണമെന്ന സംശയമാണ് ഉയരുന്നത്.

3) സഹമുറിയനും പിടിയില്‍
നര്‍സിങ്ങിന്‍െറ കൂടെ സോനിപതിലെ സായി കേന്ദ്രത്തില്‍ ഒരേ മുറിയില്‍ താമസിക്കുന്ന സന്ദീപ് യാദവിന്‍െറ സാമ്പ്ളിലും നര്‍സിങ്ങില്‍ കണ്ട അതേ മരുന്നിന്‍െറ അംശം കണ്ടത്തെിയിട്ടുണ്ട്. ഒളിമ്പിക് ടീമിലോ മറ്റേതെങ്കിലും മത്സരത്തിലോ പങ്കെടുക്കേണ്ടതില്ലാത്ത സന്ദീപ് എന്തിന് ഈ മരുന്നടിക്കണം? ഇവര്‍ രണ്ടുപേര്‍ക്കുമല്ലാതെ മറ്റാരുടെ ശരീരത്തിലും മരുന്നിന്‍െറ അംശം കണ്ടത്തെിയിട്ടുമില്ല.

4) ക്ളീന്‍ ട്രാക്ക് റെക്കോഡ്
ഇത്രയും കാലത്തെ കരിയറില്‍ ഒരിക്കല്‍പോലും ഒരാരോപണത്തിനും ഇരയാകേണ്ടിവന്നിട്ടില്ലാത്ത താരമാണ് നര്‍സിങ് എന്നത് സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിക്കുന്നു.

5) ഫെഡറേഷന്‍െറ പിന്തുണ
നിരോധിത മരുന്നിന്‍െറ സാമ്പ്ള്‍ കണ്ടത്തെിയെങ്കിലും ഗുസ്തി ഫെഡറേഷന്‍ (ഡബ്ള്യു.എഫ്.ഐ) പൂര്‍ണമായും നര്‍സിങ്ങിനെ വിശ്വസിക്കുന്നു. ഒളിമ്പിക്സ്പോലൊരു വലിയ മത്സരം വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ ഒരു ആവശ്യവുമില്ലാതെ മരുന്നടിക്കാന്‍ മാത്രം മണ്ടത്തരം നര്‍സിങ് കാണിക്കില്ളെന്നാണ് ഡബ്ള്യു.എഫ്.ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിശ്വസിക്കുന്നത്.

6) സായിയുടെ മുന്നറിയിപ്പ്
ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ കോടതിവിധിയിലൂടെ മറികടന്നായിരുന്നു നര്‍സിങ് ഇന്ത്യന്‍ ടീമില്‍ കയറിയത്. ഇതേതുടര്‍ന്ന് പൊലീസ് കാവലിലായിരുന്ന നര്‍സിങ് ഹരിയാനയിലെ സോനിപതിലെ കേന്ദ്രത്തില്‍ പരിശീലനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനു ഭീഷണിയുണ്ടെന്ന് ഹരിയാന പൊലീസും മുന്നറിയിപ്പു നല്‍കിയിരുന്നു.

7) നര്‍സിങ് മാത്രം
ഉത്തേജകത്തില്‍ പിടിക്കപ്പെട്ട് നര്‍സിങ് പുറത്തായാല്‍ പകരം ഇന്ത്യന്‍ സംഘത്തില്‍ സുശീല്‍ കുമാറിനെയോ മറ്റാരെയെങ്കിലുമോ ഉള്‍പ്പെടുത്തില്ളെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് രാമചന്ദ്രന്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. ഈ മാസം 18നായിരുന്നു അന്തിമ ലിസ്റ്റ് അയക്കേണ്ടിയിരുന്ന അവസാന തീയതി.

8) 10 നാള്‍ മാത്രം
ഇനി ശേഷിക്കുന്നത് പത്ത് ദിവസം മാത്രം. അടിയന്തരമായി നടപടികളെടുക്കാന്‍ നാഡയോട് കായികമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച നര്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എന്തായിത്തീരും നര്‍സിങ്ങിന്‍െറ ഭാവി എന്നത് കടുത്ത ആശങ്കയുണര്‍ത്തുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT