15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

റിയോ ഡെ ജനിറോ: അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ളെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ഓരോ ഇനത്തിലെയും രാജ്യാന്തര ഫെഡറേഷനുകള്‍ പിടിമുറുക്കുകയാണ്. ഏഴ് നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കും മൂന്ന് റോവേഴ്സ് താരങ്ങള്‍ക്കും ഫെഡറേഷനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ റഷ്യന്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് കഴിച്ച് മെഡല്‍ നേടിയെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 56 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് റിയോയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ)യുടെ സ്വതന്ത്രാന്വേഷണത്തില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ റഷ്യയെ സമ്പൂര്‍ണമായി വിലക്കണമെന്നായിരുന്നു വാഡ ആവശ്യപ്പെട്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ നേരിട്ട് നടത്തിയ ഇടപെടലിനെയും രാഷ്ട്രീയ സമ്മര്‍ദത്തെയും തുടര്‍ന്ന് സമ്പൂര്‍ണ വിലക്കിനില്ളെന്നും വേണമെങ്കില്‍ ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്നും പറഞ്ഞ് ഐ.ഒ.സി കൈകഴുകുകയായിരുന്നു.

ഈ തീരുമാനം റഷ്യന്‍ ടീമിന് ഭാഗികമായി ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള പച്ചക്കൊടിയായി വിലയിരുത്തുന്നതിനിടയിലാണ് ഫെഡറേഷനുകള്‍ കടുത്ത തീരുമാനവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതോടെ ആര്‍ക്കൊക്കെ മത്സരിക്കാനാവുമെന്ന കാര്യത്തില്‍ ആശങ്കയായിരിക്കുകയാണ്. കൂടുതല്‍ ഫെഡറേഷനുകള്‍ പിടിമുറുക്കുമോ എന്നും കണ്ടറിയണം. 387 പേരാണ് റഷ്യയുടെ ഒളിമ്പിക് ടീമില്‍ ഉണ്ടായിരുന്നത്. അതില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് അത്ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയും ശരിവെച്ചതോടെ 56 താരങ്ങള്‍ക്കാണ് റിയോ വിലക്കപ്പെട്ട കനിയായത്.

റഷ്യ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന അക്വാട്ടിക്സ് വിഭാഗത്തില്‍ 67 പേരാണ് മത്സരിക്കുന്നത്. ഇതില്‍ സോചി മരുന്നടിയുടെ കരിനിഴല്‍ പതിഞ്ഞ ഏഴ് താരങ്ങള്‍ക്ക് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ബാഡ്മിന്‍റണില്‍ നാലുപേര്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും വിലക്ക് വീണിട്ടില്ല. പക്ഷേ, ഒരാള്‍ക്ക് വിലക്കു വീഴാന്‍ സാധ്യത കാണുന്നുണ്ട്.ബോക്സിങ്ങില്‍ 11 പേര്‍ക്കും റിങ്ങിലിറങ്ങാന്‍ കഴിഞ്ഞേക്കും. കനോയിങ് ടീമിലെ 23 പേരില്‍ അഞ്ചുപേരെയാണ് ഫെഡറേഷന്‍ വിലക്കിയത്. മറ്റ് 18 താരങ്ങള്‍ക്ക് മത്സരിക്കാം. സൈക്കിളിങ്ങില്‍ മത്സരിക്കുന്ന 18 പേരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇവര്‍ക്ക് മത്സരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോവിങ്ങില്‍ 25 പേരുള്ള ടീമില്‍ മൂന്നുപേരെ വിലക്കിയിട്ടുണ്ട്.

അമ്പെയ്ത്ത് (3), അശ്വാഭ്യാസം (5), വാള്‍പയറ്റ് (16), ജിംനാസ്റ്റിക്സ് (21), ഹാന്‍ഡ് ബാള്‍ (14), ജൂഡോ (11), വഞ്ചിതുഴയല്‍ (7), ഷൂട്ടിങ് (10), ടേബ്ള്‍ ടെന്നിസ് (3), തൈക്വാന്‍ഡോ (3), ടെന്നിസ് (8), ട്രയാത്ലണ്‍ (6), വോളിബാള്‍ & ബീച്ച് വോളി (30), ഭാരോദ്വഹനം (8), ഗുസ്തി (17) എന്നിങ്ങനെയാണ് റഷ്യ മത്സരിക്കുന്ന മറ്റിനങ്ങള്‍. വിലക്കിന്‍െറയും ആശങ്കയുടെയും നടുവിലാണെങ്കിലും റഷ്യന്‍ ടീമുകള്‍ റിയോയില്‍ വന്നിറങ്ങിയിട്ടുണ്ട്. ഫെഡറേഷനുകളുടെ വാള്‍ ഇവരില്‍ പലരുടെയും തലക്കുമുകളില്‍ തൂങ്ങിനില്‍പ്പുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT