കോഴിക്കോട്: ‘നര്‍സിങ് യാദവ് ഒരിക്കലും ഉത്തേജക മരുന്ന് കഴിക്കില്ല. യഥാര്‍ഥ കായിക താരമാണ് അവന്‍. എനിക്കറിയാം നര്‍സിങ്ങിനെ’ -തിങ്കളാഴ്ച രാവിലെ ഇന്ദര്‍ജീത് സിങ് വാട്സ്ആപ് ചാറ്റിനിടെ പറഞ്ഞതാണിത്. അതേ ദിവസം തന്നെ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ)യുടെ പരിശോധനയില്‍ ഇന്ദര്‍ജീത് സിങ് എന്ന ഷോട്ട്പുട്ട് താരവും കുടുങ്ങി. ഇന്ത്യയുടെ സൂപ്പര്‍ താരമായി ഉയര്‍ന്ന ഇന്ദര്‍ജീത്തിന്‍െറ പതനം കായിക രംഗത്തെ സ്നേഹിക്കുന്നവരെ നൊമ്പരപ്പെടുത്തുകയാണ്. ചൊവ്വാഴ്ച ചില ഹിന്ദി പത്രങ്ങളില്‍ ഒന്നാം പേജില്‍ ഇടം നേടിയ മരുന്നടി വാര്‍ത്ത ദേശീയ ചാനലുകളും ഏറ്റെടുത്തു.

വാര്‍ത്ത പ്രചരിച്ചത് മുതല്‍ ഇന്ദര്‍ജീത് സിങ്ങിന്‍െറ ഫോണിന് വിശ്രമമില്ല. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും വിളിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി പറയുന്ന തിരക്കിലാണ് ഈ യുവതാരം. ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഒളിച്ചോടാന്‍ താനില്ളെന്ന് ഇന്ദര്‍ജീത് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഇത് ഗൂഢാലോചനയാണ് ഭായ്. ഞാന്‍ അത്ലറ്റുകള്‍ക്ക് വേണ്ടി എന്നും വാദിക്കുന്നയാളാണ്. അതാണ് ഈ മരുന്നടി വിവാദത്തിന് പിന്നില്‍. നിങ്ങള്‍ മലയാളികള്‍ കാര്യം മനസ്സിലാക്കുമെന്നാണ് കരുതുന്നത്’. -ഇന്ദര്‍ജീത് പറയുന്നു. കഴിഞ്ഞ സീസണില്‍ 15ഓളം സ്വര്‍ണം നേടിയ കാര്യം ഇന്ദര്‍ജീത് എടുത്തുപറയുന്നു. ലോക യൂനിവേഴ്സിറ്റി മീറ്റിലും ദക്ഷിണേഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയിലും ഈ യുവതാരം സ്വര്‍ണം നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ 50ലേറെ തവണ നാഡ തന്നെ പരിശോധിച്ചതായി ഇന്ദര്‍ജീത് പറഞ്ഞു.

‘ഓരോ മത്സരവും കഴിയുമ്പോള്‍ നാഡ എത്തും. പരിശോധനയില്‍ ഇതുവരെ കുഴപ്പമുണ്ടായിരുന്നില്ല. റിയോയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പുള്ള ഈ പരിശോധനാഫലം ശരിക്കും ഞെട്ടിച്ചു. ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ളെന്നത് ഹൃദയഭേദകമാണ്’ -ഭീമാകാരമായ ശരീരമുള്ള ഇന്ദര്‍ജീത് ഫോണിന്‍െറ അങ്ങത്തേലക്കല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.

വലിയ പ്രതീക്ഷയോടെയാണ് ഈ പഞ്ചാബുകാരന്‍ റിയോയിലേക്ക് ഒരുങ്ങിയത്. എല്ലാ അനീതികള്‍ക്കെതിരെയും പ്രതികരിച്ചതിനുള്ള ശിക്ഷയാണിതെന്ന് ഇന്ദര്‍ വിശ്വസിക്കുന്നു. ശഹീദ് ഭഗത് സിങ്ങിന്‍െറ പേരിലുള്ള നാട്ടില്‍ ജനിച്ച് വളര്‍ന്ന ഇന്ദര്‍ജീത് ഇന്ത്യന്‍ അത്ലറ്റിക്സിലെ വിപ്ളവകാരിയായിരുന്നു. ലോക യൂനിവേഴ്സിറ്റി മീറ്റില്‍ സ്വര്‍ണവും പിന്നീട് ഒളിമ്പിക് യോഗ്യതയും നേടിയപ്പോഴൊന്നും ഇന്ദര്‍ജീത്തിന് ജോലിയുണ്ടായിരുന്നില്ല. രോഷാകുലനായ ഈ ചെറുപ്പക്കാരന്‍ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചതോടെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജോലി നല്‍കിയത്.

റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരമാണ് ഇന്ദര്‍ജീത്. 2015ല്‍ മംഗലാപുരത്ത് നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിലായിരുന്നു പ്രകടനം. ഒളിമ്പിക്സില്‍ ഫൈനലിലത്തെുമെന്ന പ്രതീക്ഷ അന്ന് മംഗലാപുരത്തെ മംഗള സ്റ്റേഡിയത്തില്‍ വെച്ച് സന്തോഷത്തോടെ പങ്കുവെച്ച ഇന്ദര്‍ജീത്തിന് പിന്നീട് പല മീറ്റുകളിലും പ്രകടനം മെച്ചപ്പെടുത്താനായി. വിജയപീഠത്തില്‍നിന്ന് ഒടുവില്‍ അപമാനിതനായി മടങ്ങുമ്പോഴും ഇന്ദര്‍ജീത് പറയുന്നു,  ‘ഇത് ഗൂഢാലോചനയാണ്, ഞാന്‍ തിരിച്ചുവരും ഭായ്’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT