?????? ?????

കീഴടങ്ങാത്ത വീര്യവുമായി ദ്യുതിയും ദീപയും

രണ്ടു വര്‍ഷം മുമ്പ് ദ്യുതി ചന്ദിന് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമുയര്‍ന്നു. താന്‍ പെണ്ണോ ആണോ?. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍െറ അളവ് കൂടുതലാണെന്ന കാരണത്താല്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ നിയമമനുസരിച്ച് വിലക്കേര്‍പ്പെടുത്തിയപ്പോഴായിരുന്നു അത്.  പെണ്ണാണെന്ന് ഉറപ്പില്ലാത്തതിനാല്‍  വനിതാ വിഭാഗത്തില്‍ മത്സരിക്കാനാവില്ളെന്നായിരുന്നു അന്താരാഷ്ട്ര നിയമം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍െറ തീരുമാനം.

വിലക്ക് കാരണം 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദ്യുതിക്ക് ഓടാനായില്ല. എന്നാല്‍, അവള്‍ കീഴടങ്ങാന്‍ തയാറായിരുന്നില്ല.  അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വരെ പോയി ഈ 21 കാരി 2015 ജൂണില്‍ അനുകൂല വിധി സമ്പാദിച്ചു. ജനിച്ചതും വളര്‍ന്നതുമെല്ലാം പെണ്‍കുട്ടിയായിട്ടാണെന്നും ഓടുന്നതും അങ്ങനെ തന്നെയായിരിക്കുമെന്ന ഈ സ്പ്രിന്‍ററുടെ ഉറച്ച തീരുമാനം വിജയിക്കുകയായിരുന്നു. ഇപ്പോഴിതാ 100 മീറ്ററില്‍ പി.ടി. ഉഷക്ക് ശേഷം ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയോടെ ഇന്ത്യന്‍ സംഘത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ദീപ കര്‍മാകറിന് ആശംസ നേരാനത്തെിയപ്പോള്‍
 

2012ല്‍ അണ്ടര്‍ 18 വിഭാഗത്തില്‍ 100 മീറ്ററില്‍ ദേശീയ ചാമ്പ്യനായാണ് ദ്യുതി ശ്രദ്ധയിലത്തെിയത്. തുടര്‍ന്ന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലം. അടുത്ത വര്‍ഷം ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലിലത്തെി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. തുടര്‍ന്ന് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 മീ, 200 മീ ഇനങ്ങളില്‍ സ്പ്രിന്‍റ് ഡബ്ള്‍. ഇതിന് പിന്നാലെയാണ് ഹോര്‍മോണ്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. വിലക്ക് നീങ്ങിയ ശേഷം ഈ വര്‍ഷം നടന്ന ഫെഡറേഷന്‍ കപ്പ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 11.38 സെക്കന്‍ഡില്‍ ഒന്നാമതത്തെി 16 വര്‍ഷം മുമ്പ് രചിത മിസ്ത്രി എഴുതിച്ചേര്‍ത്ത ദേശീയ റെക്കോഡ് മാറ്റിയെഴുതി. പക്ഷേ, ആ സമയം ഒളിമ്പിക് യോഗ്യതക്ക് മതിയായിരുന്നില്ല. അവസാനം ഇക്കഴിഞ്ഞ ജൂണ്‍ 25ന്  കസാഖ്സ്താനിലെ അല്‍മാറ്റിയില്‍ നടന്ന മീറ്റില്‍ 11.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റിയോ ടിക്കറ്റ്. ദേശീയ റെക്കോഡും മാറി.

മെഡല്‍ സാധ്യതയെക്കാള്‍ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയയായ മറ്റൊരു പെണ്‍കൊടി കൂടിയുണ്ട് ഇത്തവണ  ഇന്ത്യന്‍ സംഘത്തില്‍. ദീപ കര്‍മാകര്‍.  ഇതാദ്യമായി വനിതാ ജിംനാസ്റ്റിക്സില്‍ ഇന്ത്യ മെയ്വഴക്കം പ്രദര്‍ശിപ്പിക്കുന്നത് ത്രിപുരയില്‍ നിന്നുള്ള 22കാരി ദീപ കര്‍മാകറിലൂടെയാണ്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ ജേത്രിയാണ് ദീപ. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതത്തെുകയും ചെയ്തും. ഈ നേട്ടങ്ങളെല്ലാം ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയെന്ന വിശേഷണത്തോടൊപ്പമായിരുന്നു.

ദീര്‍ഘകാലം അംഗീകാരം പോലുമില്ലാതിരുന്ന ഇന്ത്യന്‍ ജിംനാസ്റ്റിക്സ് ഫെഡറേഷനു കീഴില്‍ വിദഗ്ധ പരിശീലനത്തിനോ മത്സര പരിചയത്തിനോ അവസരമുണ്ടായിരുന്നില്ല. ആറാം വയസ്സ് മുതല്‍ കോച്ച് വിശ്വേശര്‍ നന്ദിക്ക് കീഴില്‍ ത്രിപുരയില്‍ സ്വന്തമായി പരിശീലനം നടത്തിയാണ് ദീപ ലോകവേദിയിലേക്ക് വഴി വെട്ടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.