പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും

ചെന്നൈ: റിയോ പാരാലിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും. സേലം ജില്ലയിലെ ഓമല്ലൂരിലെ പെരിയവടക്കംപട്ടിയില്‍ മാരിയപ്പന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനാണ് പാരിതോഷികത്തില്‍നിന്നും 30 ലക്ഷം സംഭാവന നല്‍കുക. സ്വര്‍ണ ജേതാവായ മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് കോടി രൂപയും കേന്ദ്ര കായിക മന്ത്രാലയം 75 ലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ ഹൈജംപ് ഇനമായ ടി-42 വിലാണ് ഇന്ത്യന്‍ താരം മാരിയപ്പന്‍ തങ്കവേലുസ്വര്‍ണം നേടിയത്. 1.89 മീറ്റര്‍ ചാടിയാണ് പാരലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം മാരിയപ്പന്‍ സ്വന്തമാക്കി.
 
1995 ജൂണ്‍ 28ന് ജനിച്ച മാരിയപ്പന് അഞ്ചു വയസ്സുള്ളപ്പോഴാണ് ബസപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിലേക്ക് പോകവെ നിയന്ത്രണംവിട്ട ബസിടിച്ച് കാല്‍മുട്ടിനുതാഴെ വളര്‍ച്ച മുരടിക്കുകയായിരുന്നു. കാല്‍ നഷ്ടപ്പെട്ട മാരിയപ്പനു കൈത്താങ്ങായത് അമ്മ സരോജയാണ്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു പോയതിനാല്‍ അയല്‍വീടുകളില്‍ ജോലി ചെയ്തും പച്ചക്കറി വിറ്റുമാണ് അമ്മ മാരിയപ്പനെ വളര്‍ത്തിയത്. അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസില്‍ ഇപ്പോഴും കോടതിവിധി വന്നിട്ടില്ല. ചികിത്സക്കു വാങ്ങിയ മൂന്നു ലക്ഷം രൂപ വായ്പ ഇനിയും അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
ഓമല്ലൂര്‍ ഗവ. സ്കൂളില്‍ പഠിക്കവെ വോളിബാളിലായിരുന്നു മാരിയപ്പന് താല്‍പര്യം. എന്നാല്‍, കായികാധ്യാപകനായ രാജേന്ദ്രനാണ് ഹൈജംപിലുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ പൂര്‍ണ ആരോഗ്യവാന്മാരായ കുട്ടികളോടൊപ്പം ജില്ലാ-സംസ്ഥാനതലങ്ങളില്‍ മത്സരിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്കൂളിലെ അധ്യാപകരും സഹപാഠികളും ഗ്രാമീണരും നല്‍കിയ ചെറുതും വലുതുമായ സാമ്പത്തിക സഹായത്തോടെയാണ് വിവിധ മത്സരങ്ങളില്‍ പങ്കടെുത്തത്.

കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സേലത്തെ സ്വകാര്യ കോളജില്‍നിന്ന് ബി.ബി.എ പൂര്‍ത്തിയാക്കി. 2013ലെ ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് മാരിയപ്പന്‍െറ കായികജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് ബംഗളൂരുവിലെ ഇന്ത്യന്‍ പാരാലിമ്പിക്സ് കമ്മിറ്റി അക്കാദമിയിലെ കോച്ച് സത്യനാരായണയുടെ കീഴിലായി പരിശീലനം. മൂന്നു വര്‍ഷത്തെ കഠിന പരിശീലനം വഴി ദേശീയ-അന്താരാഷ്ട്രതല ചാമ്പ്യന്‍ഷിപ്പുകളില്‍ മാരിയപ്പന് തിളങ്ങാനായി. 2015ല്‍ ഹൈജംപില്‍ ലോക ഒന്നാം നമ്പറുകാരനായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുനീഷ്യയില്‍ നടന്ന ഐ.പി.എല്‍ ഗ്രാന്‍ഡ്പ്രിക്സ് ഹൈജംപില്‍ 1.78 മീറ്റര്‍ ഉയരം ചാടി റിയോ പാരാലിമ്പിക്സിന് യോഗ്യത നേടി. റിയോയിലേക്കുള്ള ഒരുക്കത്തിനിടെ ബി.ബി.എ പൂര്‍ത്തിയാക്കി ജോലി അന്വേഷണത്തിലായിരുന്നു.

പാരാലിമ്പിക്സില്‍ വേദനകളെല്ലാം മറന്ന് ഒറ്റക്കാലില്‍ കുതിച്ചുചാടിയ ഈ 21 കാരന്‍ സ്വര്‍ണമണിഞ്ഞ് രാഷ്ട്രത്തിന്‍്റെ അഭിമാനമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT