വിജയവാഡ: 78ാമത് അഖിലേന്ത്യ അന്തർസർവകലാശാല അത്ലറ്റിക് മീറ്റിന് ചൊവ്വാഴ്ച ട്രാക്കും ഫീൽഡുമുണരും. വിജയവാഡയിലെ ആചാര്യ നാഗാർജുന സർവകലാശാല ആതിഥ്യം വഹിക്കുന്ന മീറ്റ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏക നീല സിന്തറ്റിക് ട്രാക്കിലാണ് അരങ്ങേറുക.
212 സർവകലാശാലകൾ; 3000 അത്ലറ്റുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 212 സർവകലാശാലകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 2036 പെൺകുട്ടികളും 1070 ആൺകുട്ടികളുമടക്കം 3106 അത്ലറ്റുകൾ മാറ്റുരക്കും. കേരളത്തിൽ നിന്ന് എം.ജി, കാലിക്കറ്റ്, കേരള, കണ്ണൂർ, ആരോഗ്യ, സംസ്കൃത സർവകലാശാലകളാണ് പങ്കെടുക്കുന്നത്.
അന്തർദേശീയ താരങ്ങളുടെ മേള ഒരുപിടി അന്തർദേശീയ താരങ്ങളാണ് വിവിധ സർവകലാശാലകളുടെ ബാനറിൽ മത്സരിക്കാനിറങ്ങുന്നത്. പങ്കജ് മല്ലിക്, ട്വിങ്കിൾ ചൗധരി, ഏഞ്ചൽ ദേവസ്യ, മെയ്മോൻ പൗലോസ്, പി.യു. ചിത്ര, ജിസ്ന മാത്യു, ഷഹർബാന സിദ്ദീഖ്, അബിത മേരി മാനുവൽ, മുഹമ്മദ് അനീസ് തുടങ്ങിയവരടങ്ങുന്ന അന്താരാഷ്ട്ര താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട് മീറ്റിന്.
കരുത്തോടെ എം.ജി, കാലിക്കറ്റ് മാംഗ്ലൂർ സർവകലാശാലയാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം കോയമ്പത്തൂരിൽ എം.ജിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മംഗ്ലൂർ കുതിപ്പ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് അത്ലറ്റുകളെ ടീമിലെത്തിച്ച് മികവ് കാട്ടുന്ന മാംഗ്ലൂർ ഇത്തവണയും ശക്തരാണ്. എയ്ഞ്ചൽ ദേവസ്യ, ടി. ആരോമൽ തുടങ്ങിയ മലയാളി താരങ്ങളും ടീമിലുണ്ട്. കഴിഞ്ഞ തവണ ഓവറോൾ രണ്ടാം സ്ഥാനവും വനിത വിഭാഗം ചാമ്പ്യന്മാരുമാണ് എം.ജി. രമ്യ രാജൻ, ജെറിൻ ജോസഫ്, അലീന ജോസ്, മേരി മാർഗരറ്റ് തുടങ്ങിയവരുടെ കരുത്തിൽ വനിത കിരീടം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എം.ജി. കഴിഞ്ഞ വർഷത്തെ മോശം പ്രകടനം തിരുത്തി മികച്ച കുതിപ്പ് നടത്താമെന്ന പ്രതിക്ഷയിലാണ് കാലിക്കറ്റിെൻറ വരവ്. അതിന് അവർക്ക് കരുത്തേകുന്നത് ചിത്രയുടെയും ജിസ്നയുടെയും നേതൃത്വത്തിലുള്ള മികവുറ്റ പെൺപടയും.
ഇന്ന് ഫൈനലുകളില്ല പുരുഷ, വനിത വിഭാഗങ്ങളിലായി 46 ഇനങ്ങളിലാണ് മത്സരം. ആദ്യ ദിനമായ ചൊവ്വാഴ്ച ഫൈനലുകളൊന്നുമില്ല. ഇരുവിഭാഗങ്ങളിലെയും 5000 മീ., 800 മീ., 400 മീ.,100 മീ. ഹീറ്റ്സ്, 100 മീ. സെമി, പുരുഷ ഹൈജംപ്, ഡിസ്കസ് ത്രോ, വനിതകളുടെ ട്രിപ്പിൾ ജംപ്, ഷോട്ട്പുട്ട് യോഗ്യത റൗണ്ട് എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.