വിജയവാഡ: 78ാമത് അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് ട്രാക്കും ഫീൽഡും ഉണർന്നപ്പോൾ ആദ്യദിനം കേരളത്തിൽ നിന്നുള്ള സർവകലാശാലകളിലെ അത്ലറ്റുകൾക്ക് കുതിപ്പ്. വിജയവാഡയിലെ ആചാര്യ നാഗാർജുന സർവകലാശാലയിലെ നീല സിന്തറ്റിക് ട്രാക്കിൽ ഫൈനലുകളൊന്നും അരങ്ങേറാത്ത ദിനം വിവിധ വിഭാഗങ്ങളിലായി എം.ജി, കാലിക്കറ്റ്, കേരള, കണ്ണൂർ സർവകലാശാലയിലെ താരങ്ങൾ സെമി ഫൈനൽ, ഫൈനൽ എന്നിവയിലേക്ക് മുന്നേറി.
മലയാളികൾ കുതിച്ചുതുടങ്ങി ഇരുവിഭാഗങ്ങളിലെയും 5000 മീ., 800 മീ., 400 മീ.,100 മീ. ഹീറ്റ്സ്, 100 മീ. സെമി, പുരുഷ ഹൈജംപ്, ഡിസ്കസ് ത്രോ, വനിതകളുടെ ട്രിപ്ൾ ജംപ്, ഷോട്ട്പുട്ട് യോഗ്യത റൗണ്ട് എന്നിവയാണ് ആദ്യ ദിനം അരങ്ങേറിയത്. 5000 മീറ്ററിൽ ആൺകുട്ടികളിൽ കേരളയുടെ അഭിനന്ദ് സുന്ദരേശനും പെൺകുട്ടികളിൽ കാലിക്കറ്റിെൻറ സി. ബബിതയും വിദ്യയും എം.ജിയുടെ നീതു രാജനുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 800 മീറ്റർ ആൺകുട്ടികളിൽ ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് അനായാസം സെമിയിലെത്തി. 800 മീറ്റർ പെൺകുട്ടികളിൽ കാലിക്കറ്റിെൻറ അബിത മേരി മാനുവലും തെരേസ ജോസഫും സെമിയിലേക്ക് മുന്നേറി.
100 മീറ്റർ ആൺകുട്ടികളിൽ കാലിക്കറ്റിെൻറ കെ.പി. അശ്വിൻ, പെൺകുട്ടികളിൽ എം.ജിയുടെ രമ്യ രാജൻ, എൻ.എസ്. സിമി, കാലിക്കറ്റിെൻറ എം.വി. ജിൽന എന്നിവർ ഫൈനലിലേക്ക് കുതിച്ചു. 400 മീറ്റർ പെൺകുട്ടികളിൽ കാലിക്കറ്റിെൻറ ജിസ്ന മാത്യു, ശഹർബാന സിദ്ദീഖ്, എം.ജിയുടെ ജെറിൻ ജോസഫ്, വി.കെ. വിസ്മയ, ആൺകുട്ടികളിൽ കാലിക്കറ്റിെൻറ ഫായിസ് എന്നിവർ സെമിയിലേക്ക് മുന്നേറി.
പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരാണ് യോഗ്യത റൗണ്ട് പിന്നിട്ടത്. കാലിക്കറ്റിൽ നിന്ന് കെ. അക്ഷയ, പി.വി. വിനി, ആൽഫി ലൂക്കോസ് (കേരള), അലീന ജോസ് (എം.ജി), ആതിര സുരേന്ദ്രൻ (കണ്ണൂർ) എന്നിവരുമാണ് ഫൈനലിലേക്ക് ചാടിയത്. ആൺകുട്ടികളുടെ ഹൈജംപിൽ എം.ജിയുടെ ജിയോ ജോസ്, കാലിക്കറ്റിെൻറ അശ്വിൻ, മാംഗ്ലൂരിെൻറ മലയാളി താരം ടി. ആരോമൽ എന്നിവർ ഫൈനലിലെത്തിയിട്ടുണ്ട്.
ഇന്ന് ഒമ്പത് ഫൈനലുകൾ ഇരുവിഭാഗങ്ങളിലെയും 5000 മീ., 400 മീ., 100 മീ., ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, പെൺകുട്ടികളുടെ ട്രിപ്ൾ ജംപ്, ഷോട്ട്പുട്ട് എന്നീ ഫൈനലുകളാണ് ഇന്ന് നടക്കുക. ഇരുവിഭാഗങ്ങളിലെയും 800 മീ. സെമി ഫൈനലുകളും മറ്റു ചില ഇനങ്ങളിലെ ഹീറ്റ്സുകളുമുണ്ട്. അന്താരാഷ്ട്ര താരങ്ങളായ ജിസ്ന മാത്യുവും ട്വിങ്കിൾ ചൗധരിയും കൊമ്പുകോർക്കുന്ന പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലാവും ഇന്നത്തെ ഹൈലൈറ്റ്. ഇന്നലെ ഒരേ ഹീറ്റ്സിൽ ഓടിയപ്പോൾ ട്വിങ്കിൾ ജിസ്നയെ പിന്തള്ളിയിരുന്നു. ആൺകുട്ടികളിൽ അമോജ് ജേക്കബിന് എതിരാളികളുണ്ടാവാനിടയില്ല. 100 മീറ്റർ പെൺകുട്ടികളിൽ രമ്യ രാജൻ, എൻ.എസ്. സിമി, എം.വി. ജിൽന എന്നിവരും 5000 മീറ്ററിൽ സി. ബബിതയും മെഡൽ പ്രതീക്ഷയിലാണ്. ട്രിപ്ൾ ജംപിലും കേരളത്തിൽ നിന്നുള്ള താരങ്ങൾ മെഡൽ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.