ന്യഡൽഹി: ദേശീയ നിരീക്ഷക പദവിയിൽ നിന്നും രാജിവെക്കാൻ അഞ്ജു ബോബി ജോർജ്, പി.ടി ഉഷ ഉൾപ്പെടെയുള്ള അഞ്ച് മുൻതാരങ്ങളോട് കായിക മന്ത്രാലയത്തിെൻറ നിർദേശം. ഒരേസമയം സ്വകാര്യ അക്കാദമി നടത്തുകയും നിരീക്ഷക പദവി വഹിക്കുകയും ചെയ്യുന്ന അത്ലറ്റുകളുടെ ഭിന്നതാൽപര്യം ചൂണ്ടികാട്ടിയാണ് കായിക മന്ത്രാലയം രാജി ആവശ്യപ്പെട്ടത്.
മലയാളി താരങ്ങൾക്കുപുറമെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, വെയ്റ്റ്ലിഫ്റ്റർ കർണം മലേശ്വരി, മുൻ ടേബ്ൾ ടെന്നിസ് താരം കമലേഷ് മെഹ്ത എന്നിവർക്കാണ് സ്പോർട് മന്ത്രാലയം അണ്ടർ സെക്രട്ടറി എ.കെ പത്രോ കത്തെഴുതിയത്. അതേസമയം, ബിന്ദ്ര കഴിഞ്ഞ ഡിസംബറിലും, ഉഷ ജനുവരിയിലും രാജിവെച്ചിരുന്നു. കമലേഷ് മെഹ്തയും നേരത്തെ സ്ഥാനമൊഴിഞ്ഞു. മാസങ്ങൾക്കു മുേമ്പ സ്ഥാനമൊഴിഞ്ഞ തനിക്ക് എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ കത്തെഴുതിയതെന്ന് ഉഷ പ്രതികരിച്ചു.
രാജ്യാന്തര മത്സരങ്ങൾക്കുള്ള ടീം തെരഞ്ഞെടുപ്പിലും മറ്റും ഉപദേശം നൽകാൻ ചുമതലയുള്ള നിരീക്ഷകർ സ്വന്തമായി അക്കാദമി നടത്തിയാൽ ആരോപണമുയരാനുള്ള സാധ്യത മുന്നിൽകണ്ടാണ് മന്ത്രാലയത്തിെൻറ നടപടി. 2020 ഒളിമ്പിക്സ് മുന്നിൽ കണ്ട് വിവിധ കായിക ഇനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുത്തി 12 അംഗ നിരീക്ഷക സംഘത്തിന് കഴിഞ്ഞ വർഷമാണ് മന്ത്രാലയം രൂപം നൽകിയത്.
‘കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്ഥാനമേറ്റത്. ഒരു വർഷമായി നിരീക്ഷകയായി പ്രവർത്തിക്കുന്നു. രാജിആവശ്യപ്പെട്ടതിനാൽ ഒഴിയുകയാണ്. പക്ഷേ, അക്കാദമിയുടെ പേരിൽ ഭിന്നതാൽപര്യമില്ല. നിർമാണ ഘട്ടത്തിൽ മാത്രമുള്ള സ്ഥാപനത്തിെൻറ പേരിലാണ് ഭിന്നതാൽപര്യമുണ്ടെന്ന് ആരോപണമുയർന്നത്. ഭാവിയിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഭാഗമായി പ്രവർത്തിക്കും. അത്ലറ്റിക് കമ്മീഷൻ ടാസ്ക് ഫോഴ്സിൽ വൈകാതെ സ്ഥാനമേൽക്കും’ -അഞ്ജു ബോബി ജോർജ് മാധ്യമത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.