ന്യൂഡൽഹി: മലയാളി അത്ലറ്റ് പി.യു. ചിത്രക്ക് അർജുന അവാർഡിനും പരിശീലകൻ രാധാകൃഷ്ണൻ നായർക്ക് ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാർശ. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷനാണ് ദേശീയ കായിക പുരസ്കാരത്തിന് ഇവരുടെ പേരുകൾ ശിപാർശ ചെയ്തത്. ചിത്രക്കു പുറമെ, സ്പ്രിൻറർ ദ്യുതി ചന്ദ്, ട്രിപ്പ്ൾ ജംപിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ അർപിന്ദർ സിങ്, 800 മീറ്റർ ചാമ്പ്യൻ മഞ്ജിത് സിങ് എന്നിവരെയും അഖിലേന്ത്യ അത്ലറ്റിക്സ് ഫെഡറേഷൻ അർജുന അവാർഡിന് നിർദേശിച്ചു.
ജാവലിൻ ത്രോവർ നീരജ് ചോപ്രയെ ഖേൽരത്നക്ക് ശിപാർശ ചെയ്ത വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. അഞ്ജു ബോബി ജോർജ് അധ്യക്ഷയായ വിദഗ്ധ പാനലാണ് അത്ലറ്റിക്സിൽനിന്നും അവാർഡിന് പരിഗണിക്കേണ്ടവരെ തിരഞ്ഞെടുത്ത് കായിക മന്ത്രാലയത്തിന് സമർപ്പിച്ചത്.
സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ഉയർന്നുവന്ന പി.യു. ചിത്ര 2018 ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ വെങ്കലവും 2017, 2019 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിരുന്നു. 2016 സാഫ് ഗെയിംസിലും സ്വർണം നേടി കഴിഞ്ഞ വർഷങ്ങളിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാലക്കാട് മുണ്ടൂർ എച്ച്.എസ്.എസിൽ കോച്ച് എൻ.എസ്. സിജിെൻറ ശിഷ്യയായി ഓടിത്തുടങ്ങിയ ചിത്ര സംസ്ഥാന -ദേശീയ സ്കൂൾ, ഫെഡറേഷൻ മീറ്റുകളിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോൾ റെയിൽവേ താരമാണ്.
മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ ആലപ്പുഴ സ്വദേശിയാണ്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള മേളകളിൽ ഇന്ത്യൻ അത്ലറ്റിക്സ് ടീമിനെ നയിച്ച ഇദ്ദേഹം, ഐ.ഒ.സിയുടെ ഇൻറർനാഷനൽ കോച്ചിങ് എൻറിച്മെൻറ് സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയ ഏക ഇന്ത്യക്കാരനാണ്.
മലയാളി സ്പ്രിൻറ് താരം ജിൻസി ഫിലിപ്പിനെ ധ്യാൻചന്ദ് പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. 2002 ഏഷ്യൻ ഗെയിംസ് താരമായിരുന്ന ജിൻസിക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് എന്ന നിലയിലാണ് ധ്യാൻചന്ദ് പുരസ്കാരത്തിന് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.