തായ്പേയി സിറ്റി: ഏഷ്യൻ ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുതുചരിത്രം കുറിച്ച് സെമി ഫൈനലിൽ കടന്ന ഇന്ത്യൻ ക്ലബ് ചെന്നൈ സ്പാർട്ടൻസിന് ഒടുവിൽ തോൽവി. സെമിയിലെ വാശിയേ റിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇറാൻ ക്ലബായ ഷഹർദാരി വറാമിനാണ് ചെന്നൈയെ കീഴടക്കിയത്. സ്കോർ: 25-23, 25- 22, 22-25, 27-25. ഖത്തർ ക്ലബ് അൽറയ്യാനെ അഞ്ച് സെറ്റ് മത്സരത്തിൽ (19-25, 25-19, 25-23, 19-25, 15-9) തോൽപിച്ച ജപ്പാൻ ക്ലബ് പാനസോണിക് പന്തേഴ്സാണ് ഫൈനലിൽ ഷഹർദാരി വറാമിെൻറ എതിരാളികൾ. മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ചെന്നൈ സ്പാർട്ടൻസ് അൽറയ്യാനെ നേരിടും.
കരുത്തുറ്റ എതിരാളികൾക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ചെന്നൈ കീഴടങ്ങിയത്. എല്ലാ സെറ്റിലും കൈമെയ് മറന്ന് പൊരുതിയ ചെന്നൈക്ക് നിർണായക ഘട്ടങ്ങളിലെ പിഴവുകളാണ് തിരിച്ചടിയായത്. ആക്രമണത്തിൽ എതിരാളികൾക്കൊപ്പം പിടിച്ച ഇന്ത്യൻ സംഘത്തിന് പക്ഷേ പിഴവുകളിലുണ്ടായ ‘മുൻതൂക്കം’ വിനയായി. ഷഹർദാരി വറാമിൻ ഏഴ് പിഴവുകൾ മാത്രം വരുത്തിയപ്പോൾ ചെന്നൈ സ്പാർട്ടൻസിെൻറ ഭാഗത്തുനിന്ന് 13 പിഴവുകളുണ്ടായി. ആദ്യ രണ്ട് സെറ്റുകളിലും ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും അവസാനഘട്ടത്തിൽ മുൻതൂക്കം നഷ്ടമായ ചൈന്നെ മൂന്നാം സെറ്റിൽ തകർപ്പൻ കളിയിലൂടെ തിരിച്ചെത്തി. നാലാം സെറ്റിൽ പിറകിലായശേഷം ഉജ്ജ്വല കളിയുമായി തിരിച്ചെത്തിയ സ്പാർട്ടൻസ് നാല് മാച്ച് പോയൻറുകൾ അതിജീവിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടുമെന്ന് തോന്നിച്ചെങ്കിലും ഒടുവിൽ 27-25ന് അടിയറവ് പറഞ്ഞു.
ചെന്നൈ നിരയിൽ എ. കാർത്തികും അശ്വൽ റായിയും മിന്നിത്തിളങ്ങിയപ്പോൾ ജെറോം വിനീതും സെറ്റർ ഉക്രപാണ്ഡ്യനും ലിബറോ രതീഷും നിറംമങ്ങിയത് തിരിച്ചടിയായി. ആക്രമണ കുന്തമുന അജിത് ലാലിനെ അവസാനഘട്ടങ്ങളിൽ ടീം ഫലപ്രദമായി ഉപയോഗിച്ചുമില്ല. നാലാം സെറ്റിലെ നിർണായക ഘട്ടങ്ങളിലൊന്നും അജിത് കോർട്ടിലുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.