കൊച്ചി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ സമാപിച്ച ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ചാമ് പ്യൻമാരായ ഹരിയാന ടീമിനെതിരെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. അച്ചടക്ക ലംഘനവും വ യസ്സു തട്ടിപ്പും സംബന്ധിച്ച് പരാതി ഉയർന്നതിനാൽ മീറ്റിെൻറ ഫലം 10 ദിവസത്തേക്ക് തടഞ്ഞുവെക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും എ.എഫ്.ഐ തീരുമാനിച്ചു. നവംബർ ആറിന് സമാപിച്ച മീറ്റിൽ കേരളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹരിയാന ചാമ്പ്യൻമാരായത്. ഹരിയാന ടീമിലെ മിക്ക താരങ്ങളും വയസ്സുതെളിയിക്കുന്ന രേഖകളിൽ കൃത്രിമം കാണിച്ചാണ് മീറ്റിനെത്തിയതെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. മീറ്റിെൻറ തലേദിവസം നടത്തിയ രേഖ പരിശോധനയിൽ ഹരിയാന ടീമിലെ 21 പേരെ പിടികൂടുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മറ്റു പല ടീമുകളിൽനിന്നായി നൂറോളം പേരുടെ രേഖകളിലും കൃത്രിമം കണ്ടെത്തിയിരുന്നു.
എന്നാൽ, മീറ്റിൽ മത്സരിച്ച പലരും വയസ്സ് തിരുത്തിയിരുന്നതായാണ് പുതിയ കണ്ടെത്തൽ. മെഡിക്കൽ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെയാണ് എ.എഫ്.ഐ കടുത്ത നടപടിക്കൊരുങ്ങുന്നത്. തട്ടിപ്പ് തെളിഞ്ഞാൽ അസോസിയേഷനുകൾക്കും താരങ്ങൾക്കുമെതിരെ നടപടി ഉണ്ടാവും. ഇത്തരക്കാരുടെ മെഡലുകൾ തിരിച്ചുവാങ്ങുകയും ഫലം പുനർനിർണയിക്കുകയും ചെയ്യും. പലതാരങ്ങളും അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ട്. മാനേജർമാർക്കും പരിശീലകർക്കും ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഇക്കാര്യത്തിൽ മുന്നിൽ ഹരിയാനയാണ്. ഇത്തരം നടപടി തുടർന്നാൽ ഒരുവർഷത്തേക്കെങ്കിലും അസോസിയേഷനെ സസ്പെൻഡ് ചെയ്യും. സ്വന്തം സംസ്ഥാനങ്ങളിൽനിന്ന് സെലക്ഷൻ ലഭിക്കാത്ത താരങ്ങൾ കർണാടക, മണിപ്പുർ, അസം ടീമുകൾക്കായി മത്സരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന അസോസിയേഷനുകൾ തുടർനടപടികളെടുക്കണമെന്നും എ.എഫ്.ഐ സെക്രട്ടറി സി.കെ. വത്സൻ പുറത്തിറക്കിയ സർക്കുലറിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.